രചന : ജീ കുന്നേൽ ✍️
മറന്നുപോയോ കാലമേ നീ
മനസ്സിൻ തീരത്ത് വരുമോ
കിനാവിൻ തോണിയിലേറി
മൗനത്തിൻ മാറാല മായ്ച്ച്…
ഇനിയും കൂടണയാത്ത കിളിതൻ
ഇടനെഞ്ചിൽ ഈണമാകാൻ
ഇടറുന്നൊരു സ്വപ്നമായ്
ഇളം പുഞ്ചിരി തൂകി വരൂ…
പുലരാൻ ഇനി എത്ര നേരം
പുതുവെളിച്ചമെന്നിലണയാൻ
പുൽക്കൊടിയിൽ മുത്തണിയും
തുഷാരബിന്ദുവായ് വരുമോ നീ…
കൊഴിഞ്ഞുപോയ പൂക്കളെല്ലാം
ഓർമ്മത്തളിരായ് വിരിയാൻ
കഴിഞ്ഞുപോയ കാലമേ നീ
കുളിർ തെന്നലായ് കടന്നുവരൂ…
മറവിയിൽ മാഞ്ഞുപോയൊരു
മധുരസ്വപ്നം തിരികെ നൽകാൻ
നിലാവിന്റെ നേർത്ത നൂലാൽ
നിറമുള്ളൊരു ചിത്രം നെയ്യാൻ…
പറന്നകന്ന പക്ഷികൾക്കായ്
പഴയൊരു കൂടൊരുക്കാൻ
പറയാതെ പോയ കഥകളുമായ്
പടിവാതിൽക്കൽ വരുമോ നീ…
മറന്നുപോയോ കാലമേ നീ
മനസ്സിൻ തീരത്ത് വരുമോ
കിനാവിൻ തോണിയിലേറി
മൗനത്തിൻ മാറാല മായ്ച്ച്…
