രചന : മേരിക്കുഞ്ഞ്. ✍️
അനന്തയുടെ
വധുവായൊരു മകൾ;
വെൺപൂക്കളണി –
ഞ്ഞൊരുങ്ങി….
കിടപ്പാണ്
മൃത്യുവിന്റെമണി മഞ്ചയിൽ
ഉൾക്കിടിലങ്ങൾ സർവ്വം
ഘനീഭവിച്ച ,
മഞ്ഞു വെണ്മയുടെ
വിതാനച്ചുവട്ടിൽ….
മുറ്റത്തെ പന്തലിൽ .
പ്രിയ സുഹൃത്തിന്റെ
കൊച്ചു പുത്രിയാണവൾ.
ആദ്യമായ് അവളെ കണ്ടതിന്നലെ….
അതും ഇമ്മട്ടിൽ
മുഴങ്ങുന്നു മൗനത്തിൽ
ഉള്ളമർന്ന വേദന.
ഭൗമികമായവൾക്കുള്ളതെല്ലാം
മണ്ണിനെ തിരിച്ചേൽപ്പിക്കാൻ
അവൾ
സെമിത്തേരിയിൽ
എത്തിച്ചേരുന്ന നേരം
എത്തിക്കഴിഞ്ഞു.
മൃത്യുവിൻ ചെന്തീ –
ച്ചിറകും വീശി –
യെത്തിയ മാലാഖ
മെല്ലെയ വളെ –
തൊട്ട മാത്രയിൽ ,
പകച്ച കൺകളാലവൾ
ചുറ്റിലേക്കും
നോക്കുകളയച്ചുകാണും.
നിലകൾ പത്തും താണ്ടി
ഉയർന്ന
അഴികളില്ലാത്ത
ജനൽപ്പഴുതിൽ
മറുചിന്തയറ്റിരുന്ന്
ചിത്രകാരി
അനന്ത നീലവിഹായസ്സിൻ
ആർദ്രമാം നെഞ്ചോടു ചേർന്ന്
പുഞ്ചിരിക്കും സെൽഫി –
യെടുക്കുവാൻ
പിന്നെ
വർണ്ണത്തൂലിക ചേർത്തൊരാ-
ശ്ചര്യ ചിത്രമൊരുക്കുവാൻ
സൗഹൃദങ്ങളിൽ
അതു ചേർത്ത് ;
“ഹാ…. ചിത്രകാരി
എന്തു മനോഹരം
നിന്റെ സ്വർഗ്ഗീയ പശ്ചാത്തലവുംനീയും”
എന്നഭിനന്ദനം ഏറ്റുവാങ്ങാൻ
കൊതിച്ചവളെങ്കിലും
കാത്തു നില്ക്കാനാവാതെ
താഴേക്കൂർന്നു
മുറ്റത്തലങ്കാര
ചില്ലു മേലാപ്പിലമർന്നു.
തുലാമഴയത്തിടിവെട്ടിപ്പരന്ന-
പോൽ നിമിഷങ്ങൾചിതറി
ത്തെറിച്ച വേളയിൽ ,
അവൾക്കു പിറന്നാൾ
വിസ്മയങ്ങൾ വാങ്ങി
അമ്മ ലിഫ്റ്റിൽ
ഉയരത്തിലേക്കു
പൊങ്ങുകയായിരുന്നു.
ചിത്രകലയിൽ ബിരുദമെടുത്തു
ഫ്ലോറൻസിൽ നിന്ന്
പറന്നിറങ്ങി ജേതാവായ്
വന്നതായിരുന്നവൾ ,
മരുപ്പരപ്പിലെ
ദുബായ് പച്ച മരതകത്തുരുത്തിൽ….
അഭിമാനിയായ് മന്ദഹാസ
മണിഞ്ഞു കാത്തിരിക്കും
അമ്മയെ കെട്ടിപ്പിടിക്കുവാൻ.
അമ്മക്കിനി
ഓർമ്മയിൽ
ഇടി വെട്ടും
പ്രളയ വർഷ
പെയ്ത്തു മാത്രം…..
അച്ഛനിനി വിരിയുമോ
വസന്തത്തിലും
പൂമൊട്ടുകൾ !
തളിർക്കുമോ ശാന്തിയുടെ
ഞാറ്റുവേലപ്പൊടിപ്പുകൾ!
ശിശിരത്തിലും……
ഉള്ളുണങ്ങാവേനൽ
പൊള്ളലിൻ
തീ നീറ്റൽമാത്രം
ആത്മാവൊടുങ്ങും വരെ !
.

