രചന : ശ്രീകുമാർ കൈമുക്ക് ✍️
തെയ് തെയ് തകതെയ് ചെണ്ട മുഴങ്ങി, ദേശവഴി ഉണർന്നേ,
കരക്കാരെ കാണാനമ്മ തിരുമുറ്റത്തിറങ്ങിയേ;
നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻ താളമിട്ടു നടന്നേ,
നാട്ടുവഴിക്കിരുവശവും കൈത്തിരികൾ വിടർന്നേ.
മേളക്കാരുടെ കോലുകളാൽ മേഘത്തുടി മുഴങ്ങിയേ,
വെളിച്ചപ്പാടിൻ കാൽച്ചിലമ്പിൽ വെളിപാടു കിലുങ്ങിയേ;
വാരിയന്മാർ കോർത്ത മാല മാറിലാടിയുലഞ്ഞേ,
തിരുമേനിതൻ മന്ത്രമൊഴി തിരിനാളത്തിൽ തെളിഞ്ഞേ.
കമ്മിറ്റിക്കാർ വഴിയൊരുക്കി, നാട്ടുകാരൊത്തു നടന്നേ,
സെക്രട്ടറിയും പ്രസിഡന്റും വിളക്കേന്തി അണഞ്ഞേ;
മുറ്റംതോറും നെൽപ്പറയിൽ വയലിൻ കതിരു ചിരിച്ചേ,
നിറദീപത്തിൻ പൊൻവെളിച്ചം നിറകണ്ണിൽ തുളുമ്പിയേ.
ഇടവഴിയിലെ ചെറുകുടിലിൽ ഒരുപിടി നെല്ലേ ഉള്ളേ,
അതിലൊരമ്മ കരുതിവെച്ചൊരു വയലോളം സ്നേഹമുണ്ടേ;
ആ പിടിനെല്ലിൻ മുന്നിലമ്മേ, നിൻ മിഴികൾ കനിഞ്ഞേ—
പറ നിറഞ്ഞതു നെല്ലാലല്ല, കരയൊന്നിൻ മനസ്സാലേ!

