രചന : ഷീല സജീവൻ ✍
കുറേ നാളുകളായി നമ്മളോരോരുത്തരും പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്, ” നമ്മുടെ കുട്ടികൾക്കിതെന്തു പറ്റി ? ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ കുട്ടികൾ ക്രിമിനൽ മാനസികാവസ്ഥയിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊല്ലുന്നു, കൊല്ലാൻ ക്വട്ടഷൻ കൊടുക്കുന്നു, മാതാപിതാക്കളെയും അത്രമേൽ ലാളിച്ചു വളർത്തിയ മുത്തശ്ശൻ മുത്തശ്ശിമാരെയും നിർദാക്ഷിണ്ണ്യം വകവരുത്തുന്നു. എവിടെയാണ് നമുക്ക് തെറ്റിയത്? മാതാപിതാക്കളുടെ തിരക്കാണോ, മൊബൈൽ ഫോണാണോ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുന്നുണ്ട്.
മാതാപിതാക്കളുടെ തിരക്കും അമ്മമാരുടെ അമിതമായ ലാളനയും കുട്ടികളിലുള്ള അതിരുകവിഞ്ഞ വിശ്വാസവും എല്ലാം മിക്ക വീടുകളിലും കണ്ടുവരുന്നുണ്ട്.കൗമാരക്കാർക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ഒരു കാര്യം ഉപദേശം ആണ്.ചാടി മുറിയിൽ കയറി വാതിലടക്കുക, അവർ ആവശ്യപ്പെടുന്നത് നടന്നില്ലെങ്കിൽ ആത്മഹത്യ ഭീഷണി മുഴക്കുക, ഇതൊക്കെയാണ് ഇന്ന് മിക്ക വീടുകളിലും നടക്കുന്നത്. കൂടാതെ സമകാലിക സംഭവങ്ങൾ കുട്ടികൾ അറിയുന്നില്ല എന്നുള്ളതാണ് സത്യം.പത്രം, ന്യൂസ്, ഫേസ്ബുക് ഇതിനോടൊക്കെ അവർക്ക് അലർജിയാണല്ലോ. ഇൻസ്റ്റാഗ്രാം, ചാറ്റിംഗ് പുതിയ സിനിമകൾ, പിന്നെ ഗെയിംസ് ഇത് മാത്രമാണ് അവരുടെ ലോകം.
ഇതിനൊക്കെ പരിഹാരം കാണാൻ വീടിനെക്കാൾ നല്ലത് സ്കൂൾ ആയിരിക്കും. കണക്കും സയൻസും മാത്രം പഠിപ്പിക്കാതെ ഒരു നല്ല മനുഷ്യനാകാനുള്ള ട്രെയിനിങ് കൂടി സ്കൂളിൽ കൊടുക്കണം. കുട്ടികളിൽ നടക്കുന്ന കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളും ഇതിനൊക്കെ നിയമം അനുശാസിക്കുന്ന ശിക്ഷകളും കൗൺസിലിങ്ങും എല്ലാം ചേർത്ത് ആഴ്ചയിലൊരിക്കൽ ഒരുമണിക്കൂർ ഒരു ക്ലാസ്സ് എല്ലാ സ്കൂളുകളിലും നിർബന്ധമാക്കേണ്ടത് വളരെ അത്യാവശ്യമാണ്.നമ്മുടെ വിദ്യാഭ്യാസ വകുപ്പ് എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികൾ തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം.
രണ്ടാമത് കരുതിക്കൂട്ടിയുള്ള അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിയുടെ പ്രായപരിധി
കുറയ്ക്കുക എന്നുള്ളതാണ്. കഴിഞ്ഞ ദിവസം പ്രതിയായ പതിനേഴുകാരൻ തനിക്ക് കിട്ടേണ്ട പ്രായത്തിന്റെ ആനുകൂല്യങ്ങൾ പോലീസിനോട് ചോദിക്കുന്നത് നമ്മൾ കേട്ടതാണ്. പ്രായപൂർത്തിയാകാത്തതുകൊണ്ട് തനിക്ക് എന്തും ചെയ്യാമെന്ന ധാരണയാണ് ഇതിന്റെ പിന്നിൽ. ആ ധാരണ മാറ്റേണ്ടതല്ലേ?
ഇനി പറയാനുള്ളത് കുട്ടികളോടാണ്. ഒരു തൊഴിലില്ലാതെ ഇവിടെ ജീവിക്കാനാകില്ല മക്കളെ. പഠിക്കേണ്ട സമയത്തു പ്രണയമെന്നു പറഞ്ഞു ജീവിതം പാഴാക്കാതെ പഠിച്ച് ഒരു നിലയിലെത്താൻ നോക്കൂ . പെൺകുട്ടികളാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ മൊത്താവകാശം അവർക്ക് തീറെഴുതി കിട്ടിയതുപോലെയാണ് പെരുമാറ്റം. ഒരാൾക്ക് മൂന്നും നാലും ആൺസുഹൃത്തുക്കൾ. ഒന്നിച്ചിടപഴകി നല്ല സുഹൃത്തുക്കളായി നടക്കുന്നത് കാണാൻ തന്നെ സന്തോഷമാണ്. പക്ഷേ അതിനിടയിലേയ്ക്ക് നിങ്ങളുടെ അപക്വമായ പ്രണയത്തെ വലിച്ചിടുന്നതാണ് പ്രശ്നം. പഠിത്തം കഴിഞ്ഞ് ജോലിയൊക്കെയാകുമ്പോഴാണ് അതിനുള്ള സമയം. പിന്നെ നിങ്ങൾ പ്രണയിക്കുകയോ വിവാഹം കഴിക്കുകയാ കഴിക്കാതിരിക്കുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ. അതുവരെ പൊന്നുപോലെ വളർത്തുന്ന മാതാപിതാക്കളെ ജീവിക്കാൻ അനുവദിക്കൂ മക്കളെ. നിങ്ങൾ വീടിന്റെ മാത്രമല്ല നമ്മുടെ നാടിന്റെകൂടി പ്രതീക്ഷയാണ്. ഓരോ പ്രഭാതത്തിലേയ്ക്കും ലോകം കണ്ണു തുറക്കുന്നത് നിങ്ങളെന്നെ സ്വപ്നത്തിന്റെ സാക്ഷൽക്കാരത്തിലേയ്ക്ക് കൂടിയാണെന്ന് മറക്കാതിരിക്കുക.
