രചന : ഷാനാവാസ് അമ്പാട്ട് ✍️
അന്തമില്ലാത്ത ലോകം
ബന്ധമില്ലാത്ത ലോകം
ബന്ധുരമാണീ ലോകം
ബന്ധനങ്ങളുടെ ലോകം.
നിൻ്റെ പാപങ്ങൾ നിന്നിലേക്ക്
തന്നെ മടങ്ങി വരും
ഇന്നല്ലെങ്കിൽ നാളെ നിർണ്ണയം.
നിൻ്റെ ദ്രോഹങ്ങൾ നിന്നിലേക്ക്
തന്നെ മടങ്ങി വരും
ഇന്നല്ലെങ്കിൽ നാളെ നിശ്ചയം.
കീശയറിയാതെ ചെലവരുത്
കാശുകൊണ്ടമ്മാനമാടരുത്.
വരവറിയാതെ ചെലവാക്കുന്നവർ
പെടുത്തുന്നു നിന്നെ കടക്കുരുക്കിൽ.
കഴുത്തോളം മുങ്ങുന്ന നേരം വീണ്ടും
ചവിട്ടി താഴ്ത്തുമാ കാപാലികർ.
സത്യങ്ങളെല്ലാം നുണയാക്കി മാറ്റിയോർ
കെട്ടുകഥകൾ മെനഞ്ഞ പിശാചുക്കൾ.
വർത്തമാനങ്ങളിൽ പോലും വിഷം ചീറ്റും
വായിൽ നുരയുന്നതൊക്കെയും മാലിന്യം.
വന്ന വഴികൾ വിസ്മരിക്കുന്നവർ
നിന്ദിക്കാൻ മാത്രമറിയുന്ന ജൻമങ്ങൾ.
പൊട്ടക്കിണറ്റിലെ തവളയാം നിന്നെ ഞാൻ
പത്തര മാറ്റുള്ള വിഗ്രഹമാക്കീലേ.
ചത്തു മുടിയേണ്ട ജൻമങ്ങളൊക്കെയും
ചക്രവർത്തിയായി വാഴുന്ന കാലമാ.
മതിനിർത്തു നീ നിൻ്റെ ദുഷിച്ച ചിന്തകൾ
മതിവരുവോളം പുലമ്പിയ പ്രാക്കുകൾ
ഒന്നു തിരിയുക,നോക്കുക നീ നിൻ്റെ
അന്തരംഗത്തിൻ്റെ ആഴത്തിലേക്ക്.
ആരായിരുന്നു നീ എന്നറിഞ്ഞീടുക
ആരോ വലിച്ചെറിഞ്ഞുള്ള പഴം തുണി
ചിന്തിക്കു നീ നിൻ്റെ അന്തരാളങ്ങളിൽ
ആരായിരുന്നു നീ ? ആരായിരുന്നു ഞാൻ ?
വിരലുകൾ കൊണ്ട് മറച്ചു പിടിച്ചുള്ള
വിഗ്രഹമെല്ലാം ഉടഞ്ഞങ്ങു പോയിടാം.
കോപമാം കനൽ അണയുന്ന മാത്രയിൽ
ചിന്തിച്ചിടുക നീ ആരായിരുന്നെന്ന്.
ആരോപണങ്ങൾ ആർക്കും മൊഴിഞ്ഞിടാം
ആരും കേൾക്കാത്ത കള്ളം പറഞ്ഞിടാം.
എല്ലാ തികഞ്ഞവരെന്ന് നടിപ്പവർ
ഒന്നുമില്ലാത്തവരാണെന്ന് വാസ്തവം.
കുറ്റപ്പെടുത്തുന്ന നാവുകളൊക്കെയും
കുറ്റവാളികൾ തൻ മുഖ്യമാം ആയുധം.
അർത്ഥമില്ലാത്തവർക്കെന്തും പറഞ്ഞിടാം
എല്ലാം തികഞ്ഞവർ ആരുണ്ടീ മണ്ണിതിൽ.
ഉപദേശങ്ങൾ മൊഴിയുന്ന കൂട്ടരേ
എല്ലിൻ കഷണമാം എച്ചിൽ പാത്രങ്ങളേ
ഉത്തമരാകുക നിങ്ങൾ സ്വയമേവ
ഉടലൊടെ സ്വർഗ്ഗത്തെ പുൽകുന്ന കൂട്ടരേ.
