രചന : ദിവാകരൻ പികെ ✍️
ഇരുട്ട് വെളിച്ചത്തെ പുണർന്നു നിന്നൊരു-
നിമിഷത്തിൽ നിന്നുമാദ്യകിരണമുദിച്ചു…
അനന്തരം നിഷ്‌ക്കളങ്കമാർന്നൊരു
പുഞ്ചിരി വിതറി പുലരി പിറന്നു;
അന്നറിയില്ലായിരുന്നു, ഈ വെളിച്ചം
നാളെ പൊള്ളുന്ന കനലായി മാറുമെന്ന്.
ഉത്തരവാദിത്വത്തിൻ നുകം ഏറും മുൻപേ
ഉല്ലാസത്തോപ്പിലെ പക്ഷിയായിരുന്നു ഞാൻ.
ഭാരമില്ലാത്ത ചിറകുകൾ വീശിയാ-
പ്രയാസമറിയാത്ത കാലം കരിഞ്ഞു പോയി;
ഇന്നത്തെ വേവുകൾക്കന്നു തണലായിരുന്നു.
രക്തം തിളയ്ക്കും യുവത്വത്തിൻ വീര്യത്താൽ
തീക്ഷ്ണമാം ഉച്ചവെയിലായ് മാറി നിന്നു;
ഉറ്റവർക്കായ് തണൽ തീർത്തൊരു നെട്ടോട്ടം,
കയ്പ്പേറിയ സത്യങ്ങൾ ചുട്ടുപൊള്ളിക്കവേ-
സ്വന്തം വിയർപ്പിൽ കുതിർന്നൊരീ വീഥിയിൽ
പൊരുതി ജയിക്കാൻ വെമ്പിയ പോരാളിയായ്.
കാഴ്ച മങ്ങിയ സന്ധ്യ വാടിത്തളർന്നു,
നിഴൽപ്പാതകൾ നീളുന്ന വഴിയോരമായി.
തളർന്ന കൈകളിൽ ആലംബമേതുമില്ലാതെ,
പഴയൊരു സ്മൃതിയുടെ ഭാരം പേറുന്നു;
ഓടിത്തീർത്ത വഴികളിലെ മുറിപ്പാടുകൾ- നോക്കി
ഈ സന്ധ്യയിനി ഇരുളിനെ പുൽകിടുമല്ലോ.

