തനിച്ചുള്ള ഒരു രാത്രി എന്റെ സ്വപ്നമാണ്.
നിലാവും നക്ഷത്രങ്ങളും അമ്പിളിയുമില്ലാതെ,
ചീവീടും ചിലങ്ക കെട്ടിയ ജീവികളുമില്ലാതെ
ഞാന്‍ മാത്രമാവുന്ന രാത്രി.
പൂര്‍ണ്ണാന്ധകാരത്തില്‍ പ്രൗഢയായ രാവ് .
കൂരിരുട്ടിലേക്ക് മിഴിപായിച്ചു
കറുത്ത കൂര്‍ത്ത ഇരുള്‍ സൂചിമുനകൊണ്ട്
ചോര പൊടിയണം കണ്ണില്‍..
നിശബ്ദതയുടെ നിലവിളികേട്ട് ബധിരയവണം
അനന്തതയിലേക്ക് അലറി വിളിച്ചു മാറ്റൊലിയാവണം.
ഞാന്‍ മാത്രമാവുന്ന രാവില്‍
ഇടിവെട്ടി പിടഞ്ഞു പതിക്കുന്ന മഴയാവണം.
എനിക്ക് തനിച്ചാവണം
കൂട്ടുകളില്‍ നിന്ന് കുതറിയോടണം.
ചുറ്റും തുറന്നിരിക്കുന്ന കണ്ണുകളാണ്
ഓരോ ഇരുളിലും ചൂട്ടുപായിച്ച് അനാവൃതയാക്കി
നിഴലിനെ കൂട്ടുനല്കി നിരായുധയാക്കുന്ന പകല്‍.
ചിറകു മുറിഞ്ഞു വീഴുന്നത് ഇരുളിലേക്കാവട്ടെ
സ്നേഹത്തിന്റെ പരിഭവതീരങ്ങള്‍ വിട്ട് ,
ബന്ധങ്ങളുടെ വേരറുത്തു
എനിക്ക് ഞാനാവണം .
തീരങ്ങളും അണകളും തകര്‍ത്തു പായുന്ന
പ്രളയ നദിയാവണം.
സാഗരത്തിന്റെ അനന്ത വന്യതയില്‍ മാത്രം
തലകുനിച്ചു വിലയം പ്രാപിക്കുന്ന നദി .

By ivayana