രചന : പ്രസീദ ദേവു ✍️
നട്ടാപുറ വെയിലത്താണ്
ഗ്യാസും വണ്ടി ഹോണടിച്ചത്,
തലകറങ്ങി മയക്കത്തിലാണ്ടു പോയ
എന്നിലെ വീട്ടമ്മ സൂപ്പർഫാസ്റ്റ് പിടിച്ച് റോഡിലേയ്ക്കോടി,
ഗ്യാസ് കൊണ്ടു വരുന്നവനെ
ദൈവമായി കണ്ട പോലെ
ഇളിച്ചു, ഒ. ട്ടി .പി കാണിച്ചേ
എന്നു പറയുമ്പോളേക്കും
എന്നെ പോലെ സൂക്കേടുകാരിയായ ഫോൺ ഓഫായി ,
വെയിലിനെ പ്രാകി തുലച്ച്
ഫോൺ ഒന്നൂടെ ഓണാക്കി,
ഹാവൂ സമാധാനം ആ നാലക്ക നമ്പർ വന്നു,
തിണ്ണയിൽ കൊണ്ടു വന്നു
വെയ്ക്കുമ്പോൾ കുറ്റി എന്നെ നോക്കി
ഒരു താക്കീത്. സൂക്ഷിച്ചു ഉപയോഗിച്ചോളു
ഇനി നാൽപത്തിഅഞ്ച് ദിവസം,
മനുഷ്യനു തന്നെ സൂക്ഷ്മതയില്ലാത്ത
കാലമാണ്, മുറ്റത്ത് കോഴി കൊക്കുകയും,
പൂച്ച ഭ്രാന്തെടുത്ത പോലെ ഓടുകയും,
നായ കുരയ്ക്കുകയും ചെയ്യുന്നു,
മണ്ണിനടിയിൽ ചൂട് സഹിക്കാനാവാതെ
ഒരു മൂർഖൻ കുഞ്ഞ് ഇഴയാൻ വയ്യാതെ
വേലീയ്ക്കൽ കിടക്കുന്നു,
എന്നെ കൊത്തല്ലെ പാമ്പേ
ഞാൻ പാവമാ എന്നു പറഞ്ഞ്
സകല ജനാലയും വാതിലും അടച്ചു,
മുറിയിൽ മൊത്തം അഞ്ച് പാളി ജനാലയുണ്ട്,
എന്തൊരു കൺസ്രടക്ഷൻ ലെ…..
ചുടു കാറ്റടിച്ച ഫാൻ ചക്രശ്വാസം
വലിയ്ക്കുന്നുണ്ട്,
“ചൂട് എന്നോടു ചെയ്ത പോലെ
എനിക്കു നിന്നെയും “
എന്നാരും പറയാറില്ലലോലെ
നമ്മളും ചൂടാറാവില്ലെ
പലരോടും പലപ്പോളും
ചിലർ ഐ ആം ഹോട്ട് എന്നൊക്കെ
ചിലരോട് പറയാറുണ്ടെത്രെ,
വീടായാൽ വേണ്ട അത്യാവശ്യ ഘടകം
കുളമാണ്, നീന്താനറിയുന്നവർക്ക്
കുളം ആരേലും സ്പോൺസർ
ചെയ്യുന്നുണ്ടെങ്കിൽ പറഞ്ഞേയ്ക്കണെ
