അടുപ്പില്‍ അന്തിക്കഞ്ഞി
തിളക്കാന്‍ മടിക്കുന്നു.
അരികില്‍ തീയുതിക്കൊ-
ണ്ടവളും കിതക്കുന്നു..
കുടിലില്‍ ഇരുള്‍കേറി –
പ്പറ്റുന്നു കുടിപാര്‍ക്കാന്‍,
അവളീവര്‍ഷം പത്താം-
തരത്തിൽ ജയിക്കേണ്ടോള്‍.
കഞ്ഞിവേകുന്നു കറി-
യുപ്പതിലലിയുന്നു.
പിന്നിലെയടുക്കള –
വാതിലുമടയുന്നു.
തവിയും പിഞ്ഞാണവും
കൂട്ടിമുട്ടുന്നു, തള്ള-
മകളെ കരിക്കാടി –
യൂട്ടുന്നു, തലോടുന്നു.
പിന്നീടു രസതന്ത്ര-
ബുക്കവള്‍ തുറക്കുന്നു
നല്ലപോല്‍ പഠിക്കേണം,
പത്തിലാണവളിപ്പോൾ.
ഇടയ്ക്കു നിറുകയില്‍
തള്ളപ്പേന്‍ കടിക്കുന്നു,
അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍”
വന്നു കണ്ണുരുട്ടുന്നു.
ഗണിതം കരിന്തിരി-
കത്തുന്നു, മണ്ണെണ്ണയ്ക്ക്
വിലയേറുന്നു, താനേ
വിളക്കുമണയുന്നു,
അറിവിന്നാറും നാലും
ചക്കിലെണ്ണയ്ക്കാടുന്നു
വെറുതെ, കിളിപ്പാട്ടു-
ശീലുകള്‍ കുറുകുന്നു.
തറയില്‍ തഴപ്പായ-
ച്ചുരുളു നിവരുന്നു,
അരികില്‍ എഴുത്തച്ഛന്‍
വന്നെന്തോ പറയുന്നു.
നെറ്റിയില്‍ പനിച്ചൂടു
മുള്ളുകളുരുമ്മുന്നു,
ചെറ്റവാതില്‍ക്കല്‍ വന്നു
നില്‍ക്കുന്നു കവിത്രയം.
അവളീക്കൊല്ലം പത്താം
ക്ലാസ്സിലെ വിദ്യാര്‍ത്ഥിനി
അവള്‍ക്കു പഠിക്കേണ്ടും
പാഠങ്ങള്‍ പലതല്ലോ.
(!!)
കിഴക്ക് വീണ്ടും വെള്ള-
കീറുന്നു, പായുന്നല്ലോ
തിടുക്കമവളന്യ-
വീട്ടിലെ പണിക്കായി.
തറതൂക്കുന്നു, പാത്രം
കഴുകിയടുക്കുന്നു,
മുറികളോരോന്നായി-
ട്ടടുക്കി പെറുക്കുന്നു.
ഗൃഹനായകനീസി-
ച്ചെയറില്‍ ഇംഗ്ലീഷ്പത്രം
നുണയുന്നൊരു കപ്പു
കാപ്പിയോടൊപ്പം മെല്ലെ.
അവിടെ ഷെല്‍ഫിന്നുള്ളില്‍
ഷേക്സ്പിയറിരിക്കുന്നു,
അവളായലമാര-
ച്ചില്ലുകള്‍ തുടക്കുന്നു..
അറിയാതതില്‍നിന്നും
അക്ഷരം മണക്കുന്നു,
അവളീ വര്‍ഷം പത്തില്‍
ജയിച്ചു വരേണ്ടവള്‍.
ഇനിയുമറിയാത്ത
സീസറെ തഴഞ്ഞവള്‍,
വെറുതെ മാക്ബെത്തിനെ
കാണാതെ കടന്നുപോയ്‌.
തറയില്‍ വെള്ളം മുക്കി
തുടച്ചു മിനുക്കുമ്പോൾ
അകലെ പള്ളിക്കൂടം
കൈനീട്ടി വിളിക്കുന്നു.
പണിനീളുന്നു, മണി –
യെട്ടടിക്കുന്നു, ദൈവം ,
ഒരുനേരത്തെ കഞ്ഞി –
യായവതരിയ്ക്കുന്നു..
(III)
അകലെ സ്കൂളില്‍ മൂന്നാം-
മണിയും മുഴങ്ങുന്നു,
അവളോ കൂട്ടം തെറ്റി-
പ്പോയൊരു കുഞ്ഞാടായി.
ചുമലില്‍ തൂങ്ങും തുണി-
സ്സഞ്ചിയില്‍, കൂട്ടിതെറ്റി-
പ്പിണഞ്ഞു രണ്ടറ്റവും
മുട്ടാത്ത കണക്കുകള്‍,
സ്ഥിരമായ്‌ രാജാവിന്നു
സ്തുതിപാടുവാന്‍ വള-
ച്ചൊടിച്ച ചരിത്രത്തി-
ന്നേടുകള്‍, വിശപ്പിന്‍റെ-
ശ്ലഥതാളത്തില്‍ ദഹി-
ച്ചീടാതെ വെറും കടം-
കഥകളായിപ്പോയ
കവിതാ ശകലങ്ങള്‍,
വെറുതെ പരീക്ഷയ്ക്കു
പഠിച്ചു മറക്കേണ്ട-
പല ഭാഷകളുടെ
ഗ്രാമറിന്‍ കുരുക്കുകള്‍.
(iv)
പതിവായെന്നും ക്ലാസ്സില്‍
വൈകുന്ന കുറ്റത്തിന്നു
പിഴയായ്‌ പുറത്തവള്‍
നില്‍ക്കുന്നു തൂണുംചാരി.
അകത്തു ചെറുശ്ശേരി-
ക്കവിതക്കുള്ളില്‍ തവി-
യിളക്കി എരിശ്ശേരി
വിളമ്പി,യദ്ധ്യാപകൻ..
പിന്നീടു പൂതപ്പാട്ടു
പെയ്യുമ്പോൾ ഇടശ്ശേരി –
വന്നു ചോദിപ്പൂ, “:കുഞ്ഞേ,
നീ പുറത്തെന്തേ നില്‍പ്പൂ?”
അവിടെ പൂതത്തിന്‍റെ
പദനിസ്വനം കേള്‍ക്കാം
ചെവിയോര്‍ക്കുമ്പോള്‍
‘ഓട്ടു ചിലമ്പിന്‍ കലമ്പൊലി’..
അവളോര്‍ക്കുന്നു പെട്ടെ-
ന്നമ്മയെ, ദൂരത്താരോ
പണിയുമെഴുനില
മാളിക കാണും നേരം.
അവിടെക്കല്ലും മണ്ണും
ചുമ്മുന്ന പെണ്ണാളുകള്‍.-ക്കിടയിലോരാളായി-
ട്ടമ്മയെ കാണുന്നവള്‍.
അവിടെ കിതപ്പാറ്റു –
മിടവേളയിലവര്‍
പറയാറുണ്ടീ മക്കള്‍-
മാഹാത്മ്യം തമ്മില്‍തമ്മിൽ.
അവളോര്‍ത്തുപോയ്‌, തള്ള
പറയും പൊങ്ങച്ചം-“എൻ
മകളീക്കൊല്ലം പത്തി-
ലല്ലയോ പഠിക്കുന്നു.”.
()

മംഗളാനന്ദൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *