ബലിഷ്ഠ കരങ്ങളില്ലിന്നു തൻ കരളിനാൽ-
ത്തെളിക്കയാ, ണാർദ്രമാം മനറാന്തൽ വിളക്കുമായ്
തളരാത്ത പോരാളിയെപ്പോലുദിക്കുമാ,
പ്പുലരിതന്നാർദ്രമാം ഹൃദയം തുടിക്കുന്നു.
ഭാരിച്ച ജീവിതച്ചുമടുകൾക്കിടയിലായ്
ധ്യാനിച്ചിരിക്കും വിധമാണ് സാരഥി
സങ്കടപ്പാതകൾക്കിരുവശംപോലതാ,
സഞ്ചാരിമാത്രമെന്നറിയുന്ന കാളകൾ.
കുടമണി നാദമായുണരുന്നു കനവിലായ്
താളം പിടിക്കുന്നയാർദ്രമാം ഹൃത്തടം
ദയനീയ മിഴികളിൽ നിറയുന്ന കദനനീർ-
പാടേ തുടയ്ക്കുന്നു പകലോന്റെ കരതലം.
കാലചക്രംകണക്കേയുരുളുന്നു തൻ
ദാരു ചക്രങ്ങൾ ത്തിരിക്കുന്ന മനസ്സകം
കാണ്മതില്ലേയതിൻ ഗ്രാമീണ കാലുകൾ
ചേർച്ചയോടുണർന്നു വർത്തിക്കുന്ന കാഴ്ചകൾ ?
അദ്ധ്വാനമഹിമതൻ പാഠങ്ങൾപ്പകരുന്നു
പുലരിപോലുദയമാം ഹൃദയാർദ്ര നന്മകൾ
പുതുവർണ്ണമേകിയില്ലെങ്കിലും പതിതർക്കു
പതിരുകൾമാത്രം പകരില്ല കടമകൾ.
ചിറകുകൾ നൽകാൻ കൊതിക്കുന്നു കാലമേ,
പതിയെക്കുഴയുന്നഴലാർന്ന കണ്ണുകൾ
ചാട്ടവാറേൽക്കുന്നതില്ലയിന്നെങ്കിലും
നോവിൻ നുകമായ്ത്തളർത്തുന്നു ചിന്തകൾ.
വാരുറ്റ ജീവിതങ്ങൾ നമുക്കുദയാർദ്ര-
മെന്നുതോന്നുന്നുവെന്നാകിലും പലവിധം
ഭാരിച്ച കദനച്ചു മടുമായിഴയുന്ന,
ശകടമാണോ രോവിധത്തിൽ നിസ്സംശയം.
ഹരിതാഭമാകട്ടെ,യോരോ പ്രകാരവും;
നന്മാർദ്രമാകട്ടെ ഗ്രാമീണജീവിതം;
വഴികളില്ലാതില്ല യെങ്കിലും മിഴികളിൽ
ത്തിളങ്ങട്ടെയരുണോദയാർദ്രമാം കടമകൾ….

♦️എന്റെ പ്രിയപ്പെട്ട അയൽക്കാരനായിരുന്ന ശ്രീ. തോപ്പിക്കാക്കയുടെ ജീവിതം അനുസ്മരിച്ചു കൊണ്ട് എഴുതിയ കവിത. എന്റെ ബാല്യം വർണ്ണാഭമാക്കുന്നതിന് അദ്ദേഹത്തിന്റെ സ്നേഹസാമീപ്യം വളരെയേറെ ഗുണം ചെയ്തതും നന്ദിയോടെ സ്മരിക്കുന്നു –

By ivayana

Leave a Reply

Your email address will not be published. Required fields are marked *