രചന : നീലകണ്ഠൻ ✍️
മലമുകളിലെ തടാകത്തിൽ പിറന്ന്
കാടകങ്ങളിലെ ചരിവുകളിലൂടെ വാർന്ന് ‘
താഴ്വരകളിൽ പതഞ്ഞമർന്ന്
അഴിമുഖത്ത് അലസമായ്
കാലിന്റെ നീട്ടിയ കൈകളിലമർന്ന്
അവൾ വരുമ്പോൾ പാദസരം കിലുങ്ങുന്നു
കാടുലയുന്നു മരമിളകി പൂക്കൾ പൊഴിച്ച് മണ്ണു കുളിർന്ന് തടമുണർന്ന്
ആറ്റുവഞ്ഞി കാവുകളിൽ വണ്ടാരം കോഴികൾ പറന്ന്
പതയുടെ പാവാട ഞ്ഞൊറിഞ്ഞ് അവൾ
തെച്ചിക്കാടുകൾ പൂത്ത്
നെൽവയലുകൾകതിരിട്ട്
തുടിപ്പാട്ടും പൂവിളികളുമുയർന്ന്
കർഷക നെഞ്ചിൽ ആശ്വാസമായ്
അവൾ വരുന്നു
ഇന്ന്
തടാകം വറ്റി താരുകളുണങ്ങി
താഴ്വരകളിടിഞ്ഞ് വഴി പതറി
ആടി കുഴങ്ങി അലങ്കോലപ്പെട്ടു പോയ പെണ്ണ്
പാദസരമഴിഞ്ഞ് പ്ലാസ്റ്റിക്ക് ചുറ്റി
കുപ്പികൾ തകർന്നു ചിതറി
കറുത്ത് ഒരഴുക്ക് ചാലായി
അവൾ വേച്ചു നടക്കുന്നു
തീരങ്ങളിൽ വഞ്ചിപ്പടർപ്പുകളില്ല
പൈക്കിടാങ്ങളില്ല
തുടിപ്പാട്ടും കൊയ്തുപാട്ടുമില്ല
നെഞ്ചിൽ നെരിപ്പോടുമായിരിക്കുന്ന കർഷകർ
അകലെ നീളുന്ന കടലിന്റെ കൈകൾക്ക് പഴയതുടുപ്പും ഉശിരുമില്ല
ഓടിയണയാൻ നാണിച്ചു കുണുങ്ങി നില്ക്കാൻ ഇവൾ ക്കുമാവില്ല
പുതിയ മന്ദിരങ്ങൾക്കു മുകളിലെ കുഴലുകൾ വാനിലൂറുന്ന വിഷപ്പുക
മേഘങ്ങളായി പെയ്തിറങ്ങുന്നു
ഇവരുടെ കനവുകൾ ചിതറുന്നു
കനിവുറങ്ങുന്നു
ഇവ ളു ടെ ഉടലിൽ പുതഞ്ഞു പോകുന്ന പുണ്യം
ഇവളുടെ ദാനമായ് നഗരങ്ങൾ
ഇവളുടെ തീരങ്ങളിൽ പൂത്ത സംസ്ക്കാ’രങ്ങൾ
പുതിയ കാലത്തിന്റെ വിപണന തന്ത്രങ്ങൾ
ഒഴുക്കു മുറിക്കുന്ന കോൺക്രീറ്റുമതിലുകൾ
തടവറയിലകപ്പെട്ടവളുടെ ദീന മുഖം
ഇവൾ തീർത്ഥമായിരുന്നു
ഇന്ന് തീണ്ടാപ്പാടകലെ നിൽക്കേണ്ടവൾ പതിത
ശ്രീകോവിലിൽ കൈക്കുമ്പിളിൽ നെറുകയിൽ ഒരു നനുത്ത സ്പർശം
ഒടുവിൽ ഒരിറ്റു പോലും ബാക്കി വെക്കാതെ കുപ്പികളിൽ
പലപല ലേബലുകളിൽ
ഇവളുടെ ചോര – …..!!!

