ഗാന്ധാരനാട്ടിലെപകയുടെ കനലുകൾ,
പകിടയായ് മാറിയ കഥയറിയാം.
അന്നാമാതുലൻ ചൊല്ലിയതന്ത്രങ്ങൾ,
ഇന്നീനാട്ടിലെരാഷ്ട്രീയ മന്ത്രങ്ങൾ!

അധികാര സിംഹാസനംപിടിച്ചടക്കാനിവർ,
പലവിധവേഷങ്ങൾ കെട്ടിയാടുന്നു.
പുഞ്ചിരിതൂകുന്ന മുഖത്തിന് പിന്നിലായ്,
ചതിയുടെവജ്രായുധം കാത്തുവെപ്പൂ!

പുരാണശകുനിക്കുലക്ഷ്യം പകയെങ്കിൽ,
ഇന്നത്തെ ശകുനിമാർക്ക് അർത്ഥമാർത്തി.
കൂറുമാറ്റത്തിൻ ചതുരംഗമെറിയുന്നു,
ഭരണകൂടങ്ങൾ തകിടം മറിക്കുന്നു!

ജനനന്മ തൻ പേരുപറഞ്ഞിട്ട്,
തന്മയത്വത്തോടെ ഗൂഢതന്ത്രം മെനയും.
സഹോദര സ്നേഹത്തിൽ വിള്ളലുകൾ തീർക്കും,
വിഭജനരാഷ്ട്രീയപ്പകിട ഉരുട്ടും!

ധർമ്മവും നീതിയും വാക്കിലൊതുക്കി നീ,
അധർമ്മത്തിൻ പാതകൾ വെട്ടിത്തെളിച്ചു.
വാഗ്ദാനലഹരികൾ വാരിവിതറി നീ,
പാവം ജനങ്ങളെപാട്ടിലാക്കി!

കൂട്ടുപിടിക്കുന്നുകള്ളവും ചതിയും,
നേട്ടങ്ങൾക്കായി നീ വേഷം മാറ്റി.
അധികാര മോഹത്തിൻ കുരുക്ഷേത്രഭൂമിയിൽ,
എല്ലാരും ഇന്നുശകുനിമാർ!

കുരുവംശനാശത്തിൻ വിത്തുപാകിയവൻ,
മാതൃകയാകുന്നുയിന്നത്തെ വാഴ് വിനും.
സത്യം മരിക്കുവേ ചിരിക്കുംദുഷ്ടത,
ശകുനി തന്നാത്മാവ് കാത്തുനിൽപ്പു!

കാലം മാറുന്നുഭാവങ്ങൾ മാറുന്നു,
കുതന്ത്രങ്ങൾ മാഞ്ഞീടില്ലെന്നുമേ ഭൂമിയിൽ.
സൂക്ഷിച്ചുനോക്കുകിൽ നമ്മൾക്കിടയിലും,
പുഞ്ചിരിച്ചങ്ങുനിൽക്കുന്നുശകുനിമാർ!

ബി_സുരേഷ്കുറിച്ചിമുട്ടം

By ivayana

Leave a Reply

Your email address will not be published. Required fields are marked *