രചന : കെഎം മുസ്‌തഫ ✍️
ഉള്ള് നീറുമ്പോൾ നെഞ്ചിൽ നിന്നടർന്നു വീഴുന്ന
ചുടുനിണത്തുള്ളികളായിരുന്നു നിന്നക്ഷരങ്ങൾ
ഞാനത് കണ്ടതേയില്ല
ഉള്ള് നിറയുമ്പോൾ
നെഞ്ചോട് ചേർക്കുന്ന
ചുടുനിശ്വാസമായിരുന്നു നിൻ വാക്കുകൾ
ഞാനത് അറിഞ്ഞതേയില്ല
ഉള്ള് പൂക്കുമ്പോൾ
ഇളങ്കാറ്റിൽ പരക്കുന്ന
ജീവൻ്റെ ഗന്ധമായിരുന്നു നിൻ കവിത
ഞാനത് മണത്തതേയില്ല.
വക്ക് പൊട്ടാത്ത നിൻ്റെ വാക്കിൻ്റെയാത്മാക്കൾ
പുറമ്പോക്കിലെവിടെയോ
ആർക്കും വേണ്ടാതലയുന്നുണ്ടായിരുന്നു
നീല വെളിച്ചത്തിൻ്റെ മായികതയിൽ
ഉടൽപ്പിടച്ചിലുകളുടെ
ഒടുങ്ങാത്ത ആസക്തിയിൽ
ഞാൻ രാവുകൾ പകലാക്കവെ
നീ വാക്കിൽ നിന്നൊരു
ഉടലിലേക്ക് പരകായപ്രവേശം ചെയ്തു
വക്ക് പൊട്ടിയ മുഖത്തു നിന്ന്
തുടുത്ത കവിളുകളിലേക്ക്
ചുളിഞ്ഞുതുടങ്ങിയ തൊലിയിൽ നിന്ന്
സുഘടിത യൗവനത്തിലേക്ക്
ആഴം കണ്ട കണ്ണുകളിൽ നിന്ന്
പാമ്പുപോൽ പുളയുന്ന നോട്ടങ്ങളിലേക്ക്
കുത്തരിയുടെ ജനിതകത്തിൽ നിന്ന്
ഗോതമ്പിൻ്റെ വംശപരമ്പരയിലേക്ക്
കാട്ടുപുല്ലുപോൽ ചിതറിയ
പുരികങ്ങളിൽ നിന്ന് വെട്ടിയൊതുക്കിയ മേടുകളിലേക്ക്…
ഒരിക്കലും നിൻ്റെ വാക്കുകൾ
വായിക്കാത്ത ഞാൻ തന്നെയാണ്
ആദ്യമായി ലൈക് ബട്ടണമർത്തിയത്…
wow എന്നൊരു GIF കമൻ്റിനാൽ
വിടർന്ന പൊക്കിൾച്ചുഴിയിൽ നിന്ന്
ആകാശത്തോളം പൂമ്പാറ്റകളെ പറത്തി വിട്ടത്…
പിന്നെ പിന്നെ ലൈക്കുകളും കമൻ്റുകളും
അതിരുകൾക്കപ്പുറത്ത് നിന്ന്
അനന്തമായി പാറി വരുന്നതിൻ്റെ ചിറകടിയൊച്ചകൾ
നമ്മുടെ കിടപ്പുമുറിയുടെ
വിരസരാവുകളെ മുഖരിതമാക്കി!
നീ നീലരാവുകളിൽ
നിദ്രാവിഹീനയായ് നീരാടി…
ഫോളോവേഴ്‌സ് 10K കടന്ന
ആ രാത്രിയാണ് നീയെന്നെ
അവസാനമായി കെട്ടിപ്പിടിച്ചു ചുംബിച്ചത്
പിന്നെ ഞാൻ നിന്നെ
കണ്ടതൊക്കെയും
നീല വെളിച്ചത്തിൻ്റെ പ്രഭാവലയത്തിൽ-
പലപല വേഷപ്പകർച്ചകളിൽ
പേരില്ലാ രാജ്യങ്ങളിൽ
മഹാസമുദ്രങ്ങൾ താണ്ടിയാലെത്തുന്ന
ഭൂഖണ്ഡങ്ങളിൽ
കൊടുംചൂടുള്ള മരുഭൂമികളിൽ
മഞ്ഞുറഞ്ഞ ശൈലങ്ങളിൽ…
എൻ്റെ ഓരോ ലൈക്കും നിനക്കുള്ള ചുടുചുംബനമായിരുന്നു,
ഓരോ കമൻ്റും
നിൻ്റെ ചൂരോട് ചേർന്നുള്ള ഗാഢാലിംഗനങ്ങളായിരുന്നു.
സ്‌ഥലവും കാലവുമില്ലാതെ
കടന്നുപോയ
അതിവേഗ ജീവിതത്തിൻ്റെ
ഏതോ ഒരു തിരിവിൽ
മനുഷ്യർക്ക് മടുത്തു;
അപ്പോഴേക്കും ഭൂമിയിലെ മനുഷ്യരെല്ലാം
ഒരേ അച്ചിൽ വാർത്ത
ഉടയാത്ത ശിൽപങ്ങളായി
മാറിയിരുന്നു-
ചുളിവുകളുള്ള തൊലികൾക്കായി
പാതിനരച്ച മുടികൾക്കായി
വക്കുപൊട്ടിയ മുഖങ്ങൾക്കായി
ഉള്ളു പൂക്കുന്ന മണങ്ങൾക്കായി
മടുപ്പിൽ മരവിച്ചു മരിച്ച
മനുഷ്യർ
മഷിയിട്ടുനോക്കാൻ തുടങ്ങി.
എന്നോ താഴിട്ട നിൻ്റെ മുറിയുടെ വാതിൽക്കൽ
ഞാൻ നിൻ്റെയാ
പുരാതന ഗന്ധമുള്ള വാക്കുകൾ തേടി വന്നു;
പക്ഷെ ഉറയൂരാനാവാത്ത
മനസ്സിൽ
ഉരിയാടാൻ ശബ്‌ദമില്ലാതെ
ഉറവ വറ്റിയ കണ്ണുകളുമായി
നമ്മൾ പണ്ടേ മരിച്ച
രണ്ടു ജഡങ്ങളായ്
പരസ്പരം നോക്കി നിന്നു!

