രചന : ബദറുദീൻ പികെ ✍️
ആമുഖം:
മനുഷ്യൻ സ്വന്തം ചോരയിൽ പിറന്നവർക്ക് വേണ്ടി അധ്വാനിച്ചു തീർക്കുന്ന കാലം കഴിഞ്ഞ്, ഒടുവിൽ ഒരിടത്ത് അഭയം തേടേണ്ടി വരുന്നതിന്റെ വേദനയാണ് ഓരോ വൃദ്ധസദനവും പറയുന്നത്. സ്നേഹിച്ചും വാത്സല്യം നൽകിയും വളർത്തിയവർ തന്നെ തങ്ങളെ ഇവിടെ കൊണ്ടാക്കുമ്പോൾ ബാക്കിയാകുന്ന ശൂന്യതയെക്കുറിച്ചുള്ള ഒരു ചിന്തയാണിത്….
വെളുത്ത ചായം പൂശിയ ഭിത്തികൾക്കുള്ളിൽ കാലം മരവിച്ചു നിൽക്കുന്നു
ജനലഴികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കേൾക്കുന്നത് വഴിയരികിലെ വാഹനങ്ങളുടെ ഇരമ്പലാണ്
മക്കൾ തിരക്കിലാണ്, അവരവരുടെ ജീവിതത്തിലേക്ക് അവർ ഓടുകയാണ്
എന്നെ ഓർക്കാൻ അവർക്ക് സമയമുണ്ടാകില്ല
ആ തിരക്കുകൾക്കിടയിൽ ഞാൻ അവരുടെ ഓർമ്മകളിൽ നിന്ന് എപ്പോഴോ മാഞ്ഞുപോയിരിക്കുന്നു
അന്ന് ആ വീടിന്റെ വരാന്തയിലിരുന്ന് ഞാൻ കേൾക്കാൻ കൊതിച്ച ചിരികൾക്ക് പകരമിവിടെ, ഒപ്പമുള്ളവരുടെ നിശബ്ദമായ നെടുവീർപ്പുകൾ മാത്രം
എത്രയോ സ്നേഹത്തോടെയാണ് ഞാൻ അവരെ വളർത്തിയത്
അവർക്കുവേണ്ടി മരുഭൂമിയിലെ വെയിലത്തും നാട്ടിലെ മഴയത്തും ഞാൻ വിയർത്തു
എന്റെ കൈപ്പത്തികൾ വിണ്ടു കീറിയത് അവർക്ക് വേണ്ടിയായിരുന്നു
ഇന്ന് ആ കൈകൾ വിറയ്ക്കുമ്പോൾ താങ്ങായി ആരുമില്ല
ഇവിടെയുള്ള ഓരോ മുറിയിലും ഓരോരോ കഥകളുണ്ട്, കണ്ണുനീരുണ്ട്
മക്കൾക്ക് ബാധ്യതയായി മാറിയപ്പോൾ എത്തിയ ഇടം
ഇതിനെയാണോ നമ്മൾ ജീവിതത്തിന്റെ സായാഹ്നം എന്ന് വിളിക്കുന്നത്
ഇവിടെയുണ്ടെങ്കിലും മനസ്സ് ഇപ്പോഴും ആ പഴയ വീട്ടുമുറ്റത്താണ്
എപ്പോഴെങ്കിലും മക്കൾ എന്നെ കാണാൻ വരുമോ എന്ന പ്രതീക്ഷയോടെ ഗേറ്റിന് അടുത്തുള്ള വഴികളിലേക്ക് ഞാൻ നോക്കാറുണ്ട്
ആഗ്രഹങ്ങൾ മരിക്കാൻ മടിക്കുന്ന ഹൃദയം ഇപ്പോഴും കാത്തിരിക്കുന്നു
സ്നേഹം എന്ന വാക്കിന് ഇവിടെ വലിയ അർത്ഥമൊന്നുമില്ല, എങ്കിലും വരാനിരിക്കുന്ന ഓരോ ദിവസവും വലിയൊരു പ്രാർത്ഥനയാണ്
ഇനിയെങ്കിലും അവർക്കുവേണ്ടി ജീവിച്ച എനിക്ക്, അവരിൽ നിന്ന് അല്പം സ്നേഹം തിരിച്ചു ലഭിക്കുമോ….
പ്രിയ വായനക്കാരാ, ഒരു വൃദ്ധസദനം എന്നത് വെറും കെട്ടിടങ്ങളല്ല
അത് പലരുടെയും തകർന്നുപോയ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും കൂടിയിടമാണ്
നിങ്ങളുടെ അച്ഛനമ്മമാരെ ഓർക്കുക
അവർക്ക് നിങ്ങളെക്കാൾ വലുതായി ഈ ലോകത്ത് മറ്റാരുമില്ല
തിരക്കുകൾക്കിടയിൽ അവരെ ഒന്ന് ചേർത്തുപിടിക്കാൻ സമയം കണ്ടെത്തുക
അവർക്ക് വേണ്ടി നിങ്ങൾ ചിലവഴിക്കുന്ന ഓരോ നിമിഷവും അവരുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും
അവസാനകാലത്ത് അവരെ തനിച്ചാക്കാതിരിക്കുക…..
സ്നേഹത്തോടെ ബദറുദീൻ പികെ

