രചന : സജീവ് ഓയൂർ ✍️
ഒരു കുഞ്ഞിക്കാലു കാണാനായിന്ന്
ഏറെ കൊതിക്കുന്നു ആയിരങ്ങൾ
ഇവിടെ ഇതാ ഈ പിഞ്ചോമനകളെ
വലിച്ചെറിയുന്നു,ചിലർ കൊന്നിടുന്നു.
കാപട്യ ലോകത്തിൽ കാമക്കണ്ണുകളിൽ
പെറ്റമ്മയാൽ പോലും കൊല്ലപ്പെടും
പൈതൽ!
കണ്ണുതുറക്കാത്ത പൈതലിൻ ജീവനെ
കണ്ണില്ലാതാക്കുന്ന കാട്ടാള നീതി!
അമ്മിഞ്ഞപ്പാൽതൻ മാധുര്യമൂറും മുൻപ്
അമ്മതൻ കൈകളാൽ ദൂരത്തെറിയുന്നു
കരിയിലക്കാട്ടിലും ഓടക്കുഴിക്കുള്ളിലും
കനലായി മാറുന്നു കുരുന്നു ജന്മങ്ങൾ!
അമ്മതൻ മാറിലെ ചൂടറിഞ്ഞീടുവാൻ
കൊതിച്ചൊരാ പൈതലിൻ കുഞ്ഞു നെഞ്ചിൽ
കപടമാം മാനത്തെ,കാത്തുസൂക്ഷിപ്പാനായ്
കഠാരയിറക്കുന്നു പെറ്റമ്മമാർ തന്നെ!
എങ്ങു പോയി,മാഞ്ഞുപോയി സ്ത്രീത്വത്തിൻ
ദിവ്യമാം മാതൃത്വമീയുലകിതിൽ?
ഒരു താരാട്ടിനായ് കൊതിക്കുന്ന വീഥികളിൽ
കേൾപ്പതു കുഞ്ഞിന്റെ മരണവിലാപങ്ങൾ!
ഒരു നോക്കു കാണുവാൻ നെഞ്ചോട് ചേർക്കുവാൻ
കണ്ണുനീർ വാർത്തവർ എത്രയോ പേർ…
അവർതൻ പടിവാതിൽക്കൽ അനാഥമായെങ്കിലും,
അരുമയായി കുഞ്ഞിനെ വെച്ചിരുന്നെങ്കിലോ?
മാറണം ഈ ദുഷ്ട ലോകത്തിൻ ചിന്തകൾ ഉണരണം
മാനവ നന്മതൻ നാമ്പുകൾ പിഞ്ചുകുഞ്ഞുങ്ങൾ
തൻ ചോര വീഴാത്തൊരു
പുലരിക്കായ് നമുക്കിനി കൈകോർക്കാം
