ഇന്നത്തേക്കായിരുന്നു ,
സ്നേഹത്തണലിൽ
താലോലിച്ചു വളർത്തിയത്..
വെളുത്ത ചിരിയോടെ വന്നവരെ
ആഴത്തിൽ ചികയാതെ
കുഞ്ഞു തൈകളെ
തിടുക്കത്തിലേല്പിച്ച്
ഭാരം ഒഴിവാക്കി….
കുഞ്ഞു കവറിലിരുന്ന്
ഓമനത്തൈകൾ
ഒന്നുമറിയാതെ ചിരിച്ചു

മണ്ണിളക്കി വളമിട്ട്,
കുഞ്ഞുവേരുകൾ
പൊട്ടാതെ മുറിയാതെ
പുതു വീടൊരുക്കി
തണൽ കൊടുത്തു
ചിലർ…
വെറുതെ കിട്ടിയതിനെ
മൂല്യമറിയാതെ
മൂലയ്ക്കിട്ടു ചിലർ..
കിട്ടിയതല്ലേ
നടാതിരിക്കുന്നതെങ്ങനെ എന്നോർത്ത്
വേരോടാത്ത കട്ടി മണ്ണിൽ
പൂച്ച മാന്തിയ കുഴിയിൽ
കൂർത്ത കല്ലു പോലും
മാറ്റാതെ നട്ടൊഴിഞ്ഞു
ചിലർ…
കൊണ്ടുവന്ന മണ്ണിന്റെ
മണം പോലും വേണ്ടെന്ന്
ശഠിച്ച്,
കഴുകി വെളുപ്പിച്ച്
കുഞ്ഞു വേരുകൾ
മണ്ണിൽ കുത്തിയാഴ്ത്തിയവരുമുണ്ട്..
തിരിച്ചു പോകാൻ
വീടില്ലാത്ത വീടറിയാത്ത
പാവം ചെടികൾ…
പരിഗണനയുടെ
തണുപ്പിൽ നിന്ന്
അവഗണനയുടെ
ഉഷ്ണകാലത്തേക്ക്
വീണവർ…
പൂക്കാതെ കായ്ക്കാതെ
കരിഞ്ഞു തീർന്നവർ…
പാറയിൽ മുരടിച്ചു
മരണം പോലും
അന്യരായവർ…
ഇന്നലെ ക്കണ്ടവരോടൊപ്പം
നാളെയെന്താണെന്നറിയാതെ
പറഞ്ഞു വിട്ടവർ
ദൂരെ എവിടെയോ
ദിവാസ്വപ്നം കണ്ടുറങ്ങി…
അങ്ങകലെ അന്യന്റെ
വീട്ടിൽ വെന്തു മരിച്ചവൾക്കായി
നാട് മുഴുവൻ
മെഴുകുതിരി
കത്തിച്ചു…
ഉലയാതെ,
ആരെയും പൊള്ളിക്കാതെ
മെഴുകുതിരികൾ
വിളറിക്കത്തി….

By ivayana

Leave a Reply

Your email address will not be published. Required fields are marked *