മഴത്തുള്ളികൾ പെയ്തിറങ്ങീടുന്നു
തിരിമുറിയാത്ത മേഘരാഗങ്ങളായി
മനസ്സിലെ മായാത്ത ഓർമ്മകളിൽ
ഒരു തിരുവാതിര ഞാറ്റുവേലക്കാലം
കിഴക്കേമുറ്റത്തൊഴുകും നീർച്ചാലിൽ
നീന്തിയകലുന്ന കടലാസുതോണികൾ
മഴയുടെ മിഴിയിലെ തോരാത്ത നനവിലും
നനയാത്ത ചിത്രങ്ങൾ വരക്കുന്നു ബാല്യം
ചാരനിറംപൂണ്ട മാനത്ത് കാർമുകിൽപ്പെൺകൊടി
ആഹ്ലാദത്തിമിർപ്പിൽ പേമാരി ചൊരിയവെ
നിറയുന്ന പുഴയിലെ കുളവാഴപ്പൂക്കളിൽ
ചാഞ്ചാടിയുണരുന്നു പിന്നെയും കുട്ടിക്കാലം
പാടവരമ്പിലെ മഷിത്തണ്ടിനിലകൾ നോവാതെ നുള്ളി
വേലിപ്പടർപ്പിലെ കൊങ്കിണിപ്പൂവിന്നു കിന്നാരം ചൊല്ലി
കൂട്ടിനുകൂടെ കുടയൊന്നുണ്ടായിരുന്നിട്ടും
ചിത്തത്തിൽ പിന്നെയും നനയുന്നുവോ ആ കുസൃതിക്കാലം

By ivayana