രചന :യൂനസ് മണത്തല✍️
ആകാശം
സ്വന്തം നീലരക്തനാളം മുറിച്ചിടത്ത്
ഭൂമി ഇന്നും
ഈർപ്പത്തിന്റെ സ്പന്ദനം കേൾക്കുന്നു
പകൽ
സൂര്യനെ പലവട്ടം ഉയർത്തിനോക്കി
എന്നിട്ടും
വെളിച്ചത്തിന്
ഒരു തുള്ളിപോലും ഉണക്കാനായില്ല
കാലം
ഇന്നലെയുടെ കലണ്ടർ മടക്കിവെച്ചെങ്കിലും
മഴ
അതിലെ ഒരേയൊരു തീയതിയിൽ
ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നു
നദികൾ
ഒഴുകുന്നത് വെള്ളമല്ല
ആകാശം മറന്നുപോയ
സ്വപ്നങ്ങളുടെ ദ്രവസ്മരണയാണ്
കാറ്റ്
കടന്നുപോകുന്നിടത്തെല്ലാം
അദൃശ്യമായ ഒരു നദി
അതിന്റേതായ തീരങ്ങൾ
രഹസ്യമായി മാറ്റിക്കൊണ്ടിരിക്കുന്നു
രാത്രി
നക്ഷത്രങ്ങളെ തുടച്ചെടുക്കുമ്പോഴും
ഇരുട്ടിന്റെ വിരലുകളിൽ
ഈർപ്പത്തിന്റെ വെള്ളിവെളിച്ചം
പിടിച്ചുനിൽക്കുന്നു
അപ്പോഴാണ് മനസ്സിലായത്
മഴ
മേഘത്തിന്റെ ഭാഷയല്ല
കാലം
ഉച്ചരിക്കാൻ മറന്നുപോയ
ഒരു വാക്കിന്റെ
ദ്രവരൂപമാണ്
അതുകൊണ്ടാണ്
ഈ ഭൂമിയിലെ
ഏറ്റവും ദീർഘമായ നനവ്
ഒരു മഴയുടെതല്ല
ഒരു കാലത്തിന്റെ ഓർമ്മയുടേതാണ്.

