മണ്ണിൽ നിന്ന് പിറന്ന്,
മണ്ണിലേക്ക് തന്നെ തിരിച്ചു നടക്കുമ്പോൾ,
ആ മണ്ണ് അവനോട് ചോദിക്കുന്നുണ്ടായിരുന്നു,
പൂർത്തിയാക്കാതെ പോയ സ്വപ്നങ്ങൾ ഏറെ ഉണ്ടായിരുന്നില്ലേ നിനക്കെന്ന്.
ആ ചോദ്യത്തിന് മുന്നിൽ
ഉത്തരം പറയാൻ പോലും കഴിയാതെ,
തെരുവിന്റെ ഓരത്ത് ഒരാൾ ജീവനറ്റു കിടപ്പുണ്ട്.
ഒരുകാലത്ത് ഈ ലോകത്തേക്ക്
അവർക്ക് ജന്മം നൽകിയവൻ,
നെഞ്ചോട് ചേർത്ത് വളർത്തി
ചോര നീരാക്കി വലിയവരാക്കിയവൻ.
അവർ ഇന്ന് വലിയ കൊട്ടാരങ്ങളിൽ
ആഡംബരത്തിന്റെ നടുവിൽ സുഖലോലുപരായി കഴിയുന്നു.
അന്ന് അധ്വാനിച്ച് എല്ലാം വാങ്ങിക്കൊടുത്ത
ആ കൈകൾ ഇന്ന് വിറയ്ക്കുന്നു,
രോഗാവസ്ഥയിൽ തളർന്ന്,
ഒരു തുണ്ട് റൊട്ടിക്കായ്,
ഒരു വറ്റ് അന്നത്തിനായ്,
മറ്റുള്ളവർക്ക് മുന്നിൽ യാചകനായി നീളുന്നു.
കൊട്ടാരത്തിലെ മേശപ്പുറത്ത്
വിഭവസമൃദ്ധമായ ഭക്ഷണം ബാക്കി വന്ന്
വേസ്റ്റ് ബോക്സുകളിലേക്ക് വലിച്ചെറിയുമ്പോൾ,
അതേ മക്കൾ കാണാതെ പോകുന്നു,
തെരുവിൽ ഒരു നേരത്തെ ആഹാരത്തിനായി കൈനീട്ടുന്ന
സ്വന്തം അച്ഛന്റെ മുഖം.
ഒരൊറ്റ മരുന്നിന് പോലും വകയില്ലാതെ,
ആരുടെയെങ്കിലും കനിവിനായി കാത്ത്,
ആരും തിരിഞ്ഞു നോക്കാനില്ലാതെ,
ആ തെരുവിന്റെ മൂലയിൽ ആ മനുഷ്യൻ ഒടുങ്ങുമ്പോൾ,
അയാളുടെ കണ്ണിൽ ബാക്കിയായത്
പൂർത്തിയാകാത്ത ഒരു കിനാവ് മാത്രമായിരുന്നു.
ഒരിക്കൽ തന്റെ മക്കൾ തിരിച്ചു വരുമെന്ന
അവസാനത്തെ വ്യാമോഹം.
മനുഷ്യന്റെ കണ്ണ് നനയിക്കുന്ന,
ഈ ലോകം കാണാതെ പോകുന്ന ഒരു യാഥാർത്ഥ്യം.

ബദറുദ്ദീൻ പി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *