രചന : ഷാനവാസ് അമ്പാട്ട് ✍
ആരും ആരുമല്ലാത്ത വഴികളിൽ
ആരെയോ കാത്തവൾ നിന്നു
അന്തിത്തിരിവെട്ടം മായുന്നവേളയിൽ
ആലില പോലെ ഉലഞ്ഞു.
മൗനമാം മാനസം ആലിംഗനങ്ങളാൽ
അശ്രുപുഷ്പങ്ങൾ പൊഴിക്കേ
തൂവെള്ള നിറമുള്ള തൂവാല കൊണ്ടവൾ
തുന്നുന്നു തൂവർണ്ണ പൂക്കൾ
നെയ്യുന്നു സ്വപ്നമാം പൂക്കൾ.
ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെൻ
പ്രണയം പകുത്തു നൽകുന്നു
ഞാനെൻ പ്രാണൻ പകർന്നു നൽകുന്നു.
മാന്തളിർ മൃദുലമാം മേനിയിൽ ഞാനെന്റെ
മധുരം പകർന്നു നൽകുന്നു
ഞാനെൻ മധുവും പകർന്നു നൽകുന്നു.
മുറ്റത്തെ മുല്ലകൾ ചൂടിയമുടികളിൽ
വാസനതൈലം പുരട്ടാം
വാലിട്ടെഴുതിയ നീർമിഴികോണിലായ്
ചൂടുള്ള ചുംബനം ചാർത്താം.
പലനാളിൽ പറയുന്ന പരിഭവങ്ങൾ
പതിവായ് ഉതിരുന്നു ഹിമകണങ്ങൾ
പലപഴി പോകുന്നു പാഴ്കിനാക്കൾ
പലരും ഭയക്കുന്ന പേയ്കിനാക്കൾ.
മരണത്തിൽ വാതിൽ പടികളിലായിട്ട്
വിരഹത്തിൻ വേദന അറിയാമെന്നും.
മൗനത്തിൻ വാതിൽ പടികളിലായിട്ട്
പ്രണയത്തിൻ നോവുകൾ അറിയാമെന്നും.
പുതുമണമുള്ള പൂക്കളാലെൻ്റെ
പുലർകാലമൂട്ടിയ കാറ്റേ
നറുമണമുള്ള പാട്ടുമായെന്നെ
ആട്ടിയുറക്കിയ രാവേ.
മധുകണം ചോരുന്ന പൊയ്കയിലേക്കെന്നെ
മാടി വിളിച്ചുള്ള കുയിലേ,
മലർശരമായ് ചാരത്തണഞ്ഞൊരു
മഞ്ഞളരച്ച നിലാവേ.
കണ്ടവരെല്ലാം കഥപറയും
കാണാത്തവരോ കല്ലെറിയും
കാലം പോകും പാതയിലെങ്ങും
കാണാ മോഹം കനലാകും.
ആരും ആരുമല്ലാത്ത വഴികളിൽ
ആരെയോ കാത്തവൾ നിന്നു
അന്തിത്തിരിവെട്ടം മായുന്നവേളയിൽ
ആലില പോലെ ഉലഞ്ഞു.
