ഞാനൊരു പ്രണയകവിതയിലേക്ക് എന്നെ ചാരിവയ്ക്കുന്നു.
എന്നിട്ടും എന്റെ പാദങ്ങൾ നിനക്ക് പുറകേ അലയുന്നു
മൈലാഞ്ചിവരച്ചു ചുവപ്പിച്ചും
മിഞ്ചിയണിഞ്ഞും പാദങ്ങൾ നാണമോടെ
നിന്നെ കാത്തുനിൽക്കുന്നു.
നിന്നെ സ്വപ്നം കണ്ട് വരച്ച കണ്മഷി
മിഴിയിൽ മനോഹര ചിത്രമായി മാറിയതും
നീയറിഞ്ഞോ?
നിലാവിനെ തൊട്ടു നിന്ന ഒറ്റ നക്ഷത്രത്തെ
മൂക്കുത്തിയാക്കിയതും
എന്നിലെ പ്രണയം തന്നെയല്ലേ
പായുന്ന കാറ്റിനോട് ചോദിക്കൂ
ഞാനെഴുതിയ കവിത
പ്രണയലേഖനമെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട്
കാട്ടു വഴിയിലെ ഇലകളോട് സൊറ പറഞ്ഞു നിൽക്കുമാ കാറ്റ്
ചന്ദനം മണക്കുന്ന താഴ്‌വരകളിലും
താമര പൂക്കുന്ന പൊയ്കയിലും
വെയിൽ ചുംബിച്ചു പോകുന്ന പൂക്കൾ നിൽക്കുന്ന
പാതകളിൽ
ചിലങ്ക മുത്തുകൾ പാടുന്ന
പാദങ്ങളുടെ അടയാളങ്ങൾ കണ്ടാൽ
എന്റെ പ്രണയത്തെ കാണാതെ പോകരുത്
നിനക്ക് പുറകേ നടന്നു വരുന്നുണ്ട്
മനോഹരമായൊരു സ്വപ്ന കവിത.

ശാന്തി സുന്ദർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *