ചില്ലകൾ തമ്മിൽ
തൊടാതിരിക്കാൻ
അകറ്റിനട്ട മരങ്ങൾ
മതിലുകൾ കടന്ന്
വേരുകളാൽ കെട്ടിപ്പുണരുന്നു
എന്നറിഞ്ഞതിൽപ്പിന്നെയാണ്
ഞാൻ എൻ്റെ വീട്ടുമുറ്റം
ബോൺസായ്കളാൽ
അലങ്കരിച്ചത്
ചന്തമുള്ള ചട്ടികളിൽ
കൃത്യകലങ്ങളിൽ ഭംഗിയായ് വെച്ച്
വേണ്ടും വെള്ളവും വളവും നൽകി
പരിചരിക്കാനായയെ നിർത്തി
സർപ്പിളാകൃതിയിൽ
വളഞ്ഞു പുളഞ്ഞ്
കുഞ്ഞിലകളും പൂക്കളും നിറഞ്ഞ്
എൻ്റെ വീടിന്നലങ്കാരമായവർ നിന്നു
ഒരു ചെടിപോലും
മതിലിനപ്പുറം കാണരുതെന്ന്
എനിക്കു നിർബന്ധമുണ്ടായിരുന്നു
എൻ്റിഷ്ടത്തിന്
ഞാനവയെ വളർത്തി
ഞാൻ വരച്ച വരയ്ക്കപ്പുറം
വളരാനാവാതെ അവർ നിന്നു
രൂപവും ഭാവവും വണ്ണവും
ഇലകളുടേയും പൂക്കളുടേയും
എണ്ണവും എൻ്റിഷ്ടമായിരുന്നു
വീടിനകവും പുറവും
എൻ്റിഷ്ടത്തിനു ചമഞ്ഞു
അകത്തളങ്ങളിൽ വളർന്ന
ചെടിയിലൊന്ന് ഒരു ദിവസം
വാതിൽ മലർക്കെത്തുറന്ന്
പുറത്തേയ്ക്കു പൂക്കേ
ഞാനോടി തടുത്തു നിർത്തി
മുറ്റമെത്തിയ പൂച്ചെടി
ആടിയുലഞ്ഞാക്രോശിച്ചു
എനിക്കു വളരണം
പടർന്നുപന്തലിക്കണം
ഇറുങ്ങനെ പൂക്കണം
ഇളങ്കാറ്റിലുലയണം
ചില്ലകളാൽ പുണരണം
വേരുകളാൽ തമ്മിൽപ്പടരണം
മതിലിനുപുറത്ത്
അങ്ങേവീട്ടിൽ പൂത്തുലഞ്ഞ
ചോന്നരളിച്ചില്ലയൊന്നവളെ
ചേർത്തണച്ച് നടന്നുപോകെ
വളർച്ച പൂർണ്ണമാകാത്ത
എൻ്റെ ഹൃദയം നിലച്ചിരുന്നു ….

ബിന്ദു കുറ്റിപ്പാല

By ivayana

Leave a Reply

Your email address will not be published. Required fields are marked *