രചന : രാജു വിജയൻ ✍️
അച്ഛനായിരുന്നൂ…. ശരി..!
അച്ഛൻ മാത്രമായിരുന്നു ശരി…!!
അന്നെന്നിലുണ്ടായിരുന്നോരു
വികലമാം ചിന്തയിൽ
‘സ്നേഹമാണഖില’മെന്നിടയ്ക്കിടെ
വാദിച്ചു സമർത്ഥിച്ച്,
വായനമാത്രം കൈമുതലായ് കൂട്ടിയ
അപക്വമാമെൻ മനസ്സിലേക്ക്
‘തന്നനുഭവത്തീച്ചൂള’
കുടഞ്ഞിട്ടൊരച്ഛന്റെ
അസ്ത്രമുന തോൽക്കും കൂർമ്പിച്ച
വാക്കുകളായിരുന്നൂ… ശരി
അച്ഛനായിരുന്നൂ… ശരി..!
അച്ഛൻ മാത്രമായിരുന്നൂ… ശരി…!!
“കൈയ്യിൽ പണമെന്നോരീ
പ്രപഞ്ചമുണ്ടെങ്കിലേ
രക്തബന്ധങ്ങൾ പോലും
ഓർമ്മയിൽ കരുതു”വെന്നു പറഞ്ഞ
അച്ഛനായിരുന്നൂ ശരി
അച്ഛൻ മാത്രമായിരുന്നൂ.. ശരി..!!
മുട്ടുന്യായങ്ങൾ നിരത്തി
അച്ഛനെ ഞാൻ വെട്ടിയൊതുക്കുമ്പോഴും
അന്യന്റെ തലച്ചോറുകൾ
തന്നറിവിൻ അഹങ്കാരമായ്
മാറ്റുമ്പോഴും,
“പണത്തിന്നു മീതെ –
പരുന്തും പറക്കുകയില്ലെന്ന”
തത്വമായിരുന്നൂ… ശരി
എന്നച്ചനായിരുന്നു… ശരി…!
നമ്മൾ തൻ വിയർപ്പിന്റെ
പങ്കുപറ്റിയോർ തന്നെ
വിയർപ്പു വറ്റുന്നേരം
നമ്മളെ ഇകഴ്ത്തുമ്പോൾ..
ആ.. അനുഭവസത്തയായിരുന്നൂ… ശരി
എന്നച്ചനായിരുന്നൂ…. ശരി…!
ഏതിനും മേലെയുള്ളോ-
രച്ചനറിവ് ഞാൻ
സ്വായത്തമാക്കിയപ്പോൾ
വാദിച്ചു തോൽപ്പിച്ചുള്ള
എന്നിലെന്നച്ചൻ
പുനർജനിച്ചീടുന്നു….!
ഇനി… ഞാനാണു ശരി….!
‘എന്നച്ചനറിവാണ്’…. ശരി…!!
ഇനി.. ഞാനാണ് ശരി..!
എന്നച്ചനറിവാണ്.. ശരി..!!
