നീ
കൊല്ലപ്പെട്ടത്
കൊലചെയ്യപ്പെട്ടത്
വൈകിയാണ് ഞാനറിഞ്ഞത്
വെടിയുണ്ടകൾ
തുളഞ്ഞുകയറിയശരീരം
നിന്റേതാണെന്ന്
സ്ഥിരീകരിക്കപ്പെട്ടതും
വൈകിയാണല്ലോ…
ദീർഘനിദ്ര –
കുട്ടിക്കാലത്തെ നിന്റെ വിനോദം
കല്പാന്തകാലത്തിനപ്പുറം
ശിഷ്ടായുസ്സിനുമപ്പുറം
ഉറങ്ങാൻ അനന്തകോടി വർഷങ്ങൾ…
അപാരത….
ഉറക്കം നടിക്കുന്നവരുടെ കാലത്ത്
ഉണരാതുറങ്ങിപ്പോയവരുടെ
സുകൃതം; പരമനിദ്ര…
അടയാത്ത കണ്ണുകളെ;
കണ്ണുകൾക്കിടയിലെ
ചുംബനസ്ഥാനത്തെ
അവർക്കെന്നും ഭയമായിരുന്നു….
തിരക്കിനിടയിൽ
നിന്നെയോർക്കാൻ
നിന്റെമരണം തന്നെ നിമിത്തമായി;
അതും വീണുകിട്ടിയ
ഒരു തുണ്ടുസമയം
പന്ത്രണ്ടാം നിലയിലെ
ഒരു കുടുസുമുറി
ഭയത്തിന്റെയും
ഭയപ്പെടുത്തലിന്റെയും വിങ്ങലിൽ
സ്ഥലകാലബോധമില്ലാതെ…
ഉറങ്ങുക…
അലോസരപ്പെടുത്തുന്ന
എല്ലാ ജൈവസ്വരൂപങ്ങളും
അഴിച്ചുമാറ്റി
ആത്മാവിൽ
ആവരണങ്ങളുടെഭാരമില്ലാതെ…
പരന്ന പാടങ്ങൾക്കരികിൽ
കനുസന്യാലിന്റെ
ജ്ഞാനമർമ്മരങ്ങൾ
ക്രോധത്തിൻകരുണ പോലെ…
വിപ്ലവകാരിയുടെ
സായന്തനത്തെ
വ്യർഥജീവിതത്തെ
വന്യസാഹസം പ്രലോഭിപ്പിക്കുന്ന
വിധിയെ
കണക്കറ്റ് പരിഹസിച്ച്
ചാറ്റിയ * അർദ്ധരാത്രി
ഹൃദയംവിങ്ങി
നീ കരഞ്ഞത് ഞാനോർക്കുന്നു…
മനുഷ്യസ്നേഹത്തിന്റെ
ലാവാപ്രവാഹത്തിന്റെ ചൂട്
എത്രവിദൂരതയിൽ നിന്നും
ഞാനനുഭവിച്ചു…
ബൊളീവിയൻ കാടുകളുടെ
പച്ചപ്പല്ല നമ്മുടെ മലനിരകളുടേത്…
ലോകത്തോട്
പരസ്യമായ് സംവദിക്കാൻ
നിനക്കെന്ത് കുലമഹിമ…?
അവരുടെ പുരുഷാരങ്ങളെ
അപഹരിക്കാനാണോ
നിന്റെ പുറപ്പാട്….?
നിന്റെ വിപ്ലവവീര്യം
നിർജ്ജീവമാക്കാൻ
ഞാനെത്രയോ പരിഹസിച്ചു….
മധ്യവേനലവധിക്കാലം
നീ പുതച്ചുറങ്ങുന്നതോർമ്മവരുന്നു –
“ഹൊ… മഹായുദ്ധത്തിനുമുമ്പുള്ള
കുംഭകർണ്ണനിദ്ര”-
അച്ഛന്റെ കയ്പ്പുള്ളകളിയാക്കൽ
നീ സൂര്യനെ ഭയന്ന്
നിലാവിനെ ഭയന്ന്
ഇരുൾവഴികളിൽ
നിഴലിന്റെഓരംപറ്റി
കാട്ടിലലയുമ്പോൾ;
ഭൂതകാലം മരവിച്ച്
എന്റെ ദിനരാത്രങ്ങൾ
എന്നെ ഇരുന്നുറങ്ങാൻ ശീലിപ്പിച്ചു
അന്നം
ആവാസം
ആദിവാസി-
ഇരുൾവഴികളിൽ
നിന്റെ ജപമന്ത്രം –
‘ആദിവാസി
ആശയുള്ള ഒരാൾക്കൂട്ടമല്ല’ –
നിന്റെ സ്വപ്നങ്ങളെ
വിപ്ലവദാഹത്തെ
മനുഷ്യസ്നേഹത്തെ
മൾട്ടിറ്റ്യൂഡിന്റെ
മഹാവിസ്ഫോടനത്തെ
എന്റെ കോർപ്പറേറ്റ്
വ്യാമോഹങ്ങൾ
ആവോളം അരുംകൊലചെയ്തു..
ഓർമ്മയുടെ ജാലകം
അടയുകയാണ്…
പടിഞ്ഞാറ്
വിശുദ്ധകാഹളംമുഴങ്ങുന്നു…
നാളത്തെ ടാർജറ്റ്…
അമേരിക്കൻ ആശുപത്രി –
ഗുഹ്യരോഗികൾക്കായുള്ള മരുന്ന്…
സപ്ലൈ…. റിപ്പോർട്ട്…
സി.എം...ആർ. എം ****…
ശകാരം…
ശകാരിക്കൽ…
നോക്കെത്താദൂരത്ത്
മറ്റൊരു ഫ്ളാറ്റ്…
കടൽ –
ഉദയം… അസ്തമയം…
കുടി … കിടപ്പ്…
ക്ഷണികഭോഗം…
ക്ഷണിക ധ്യാനം…
യോഗ… ശവാസനം…
ടോക്ക്യോ…ലണ്ടൻ…
മുംബൈ … ന്യൂയോർക്ക്….
പ്രജ്ഞയിൽ
മഹാനഗരങ്ങളുടെപ്രളയകാലം…
തമോഗർത്തച്ചുഴലി…
*
( ‘ വയൽജീവി’ എന്ന കവിതാസമാഹാരത്തിൽ നിന്ന് )

കെ ജയനൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *