രചന : മുംതാസ് പടമുഗൾ ✍️
ഞങ്ങളുടെ വീടിനടുത്ത് ഒരു കൈ,
മുട്ടറ്റം അറ്റുപോയ ഒരാളുണ്ടായിരുന്നു.
“കൈയ്യൊടിയൻ .. എന്ന്, പേരിൽ ചേർത്താണദ്ദേഹം” (പേര് മറഞ്ഞിരിക്കട്ടെ.) അറിയപ്പെട്ടിരുന്നത്.
ഒരു പ്രഭാതം അദ്ദേഹം തൂങ്ങി മരിച്ചെന്ന വാർത്തയുമായാണ് പുലർന്നത്.
അന്ന് അത് കാണാൻ ഞാനും പോയി.
ജനൽക്കമ്പിയിൽ കയറിട്ട് കാൽമുട്ടുകൾ മടക്കി “മന:പ്പൂർവ്വം”
മരിച്ച നിലയിൽ ആയിരുന്നു.!
അന്ന് പന്ത്രണ്ടോ മറ്റൊ വയസ്സുണ്ടായിരുന്ന എൻ്റെ മനസ്സിലേക്ക് എത്രയോ ഇരട്ടി സംശയങ്ങൾ ഉടലെടുത്തിരുന്നു.!
പരാതി കൊടുക്കാൻ ആളില്ലാതിരുന്നത് കൊണ്ടൊ മറ്റൊ അസ്വാഭാവികമായി ഒന്നും
എഴുതിച്ചേർക്കേണ്ടതായി വന്നില്ല.
അദ്ദേഹത്തിൻ്റെ ധർമ്മപത്നിയും മക്കളും തേക്കാത്ത വീട്ടിൽ തന്നെ വീണ്ടും ജീവിതം തേച്ച് പിടിപ്പിച്ചു.
ഭാര്യയ്ക്ക് (പേര് ഇതും പറയുന്നില്ല.)
മരട് വെടിമരുന്ന് ശാലയിലായിരുന്നു ജോലി.
ഒരു ദിവസം നടുക്കുന്ന വാർത്തപൊട്ടിത്തെറിച്ചെത്തി.
വെളുത്തു സുന്ദരിയായിരുന്ന അവരുടെ കരിഞ്ഞദേഹം ഏതോ തെങ്ങിൻ്റെ മുകളിൽ നിന്നാണത്രെ കണ്ടുകിട്ടിയത്.
ആ മക്കൾ അനാഥരായി.
ഒരു കൈയ്യില്ലാത്ത അപ്പൻ്റെ
വിയോഗത്തിൽ നിന്ന് കരകയറും മുൻപേ
അമ്മയേയും ഊതിയണച്ച
“വിധി”ക്ക് മുൻപിൽ അമ്പരന്ന് പോയ ആ മക്കൾ ഇന്ന് എന്തെല്ലാം കഷ്ടതകളെ അതിജീവിച്ചു കാണും!
അന്നത്തെ ഗുണ്ടിനേക്കാൾ എത്രയോ ശക്തി കൂടിയതായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു ഇന്നത്തെ വെടിമരുന്നിന് !
ഗുണ്ട് വീര്യമേറിയ കുoഭം ആയിത്തീർന്നിരിക്കുന്നു.!
ജനങ്ങളുടെ ഇത്തരം ആഘോഷങ്ങൾക്ക് പിറകിൽ അതിഭീകരമായ മരണം മടിയിൽ വച്ച് നിറയ്ക്കുന്ന
കുറേ പാവം മനുഷ്യരുണ്ടെന്ന കാര്യം ഓർക്കേണ്ടതുണ്ട്.
കാതടച്ച്, നാടടച്ച് ,
ജീവനുടച്ച് പൊട്ടിച്ച് എന്താസ്വാദനമാണാവൊ !
ഇക്കൊല്ലം മാത്രമല്ല
ഇനിയങ്ങോട് പാവങ്ങളുടെ ജീവനെടുക്കുന്ന
ഈ തീക്കളി വേണ്ടന്ന് വയ്ക്കാനാവില്ലെ?
