ഗർഭാവസ്ഥ
നീ പറഞ്ഞത് പോലെ
ഒരു “സ്വാഭാവിക ബാധ്യത” അല്ല,
രക്തം ചീറ്റുന്ന ഒരു യുദ്ധഭൂമിയാണ്.

അടിവയറ്റിൽ തീ കത്തുമ്പോൾ പോലും
നീ ചിരിക്കാൻ പഠിപ്പിക്കപ്പെട്ടവൾ—

അവന്റെ ആവശ്യങ്ങൾക്കായി
നിന്റെ വേദന തള്ളിപ്പറയുന്നവൾ…
ഇത് സ്നേഹമല്ല,
നൂറ്റാണ്ടുകളുടെ പരിശീലനം.

“സ്ത്രീ സഹിക്കാനാണ് പിറന്നത്” എന്ന
മണ്ടൻ സിദ്ധാന്തങ്ങൾ.
നിന്റെ ഗർഭാശയത്തിലല്ല .
അവരുടെ തലച്ചോറിലെ പുഴുക്കളിൽ ജനിച്ചത്!

ഓരോ പ്രസവവേദനയും
നിന്റെ അസ്ഥികൾ പൊട്ടിച്ചെറിയുന്ന
ഒരു നിശ്ശബ്ദ സ്ഫോടനം,
അതിനെ “പ്രകൃതിയുടെ നിയമം” എന്ന് വിളിക്കുന്നത്—
ക്രൂരതയ്ക്ക് കൊടുത്തൊരു മൃദുവായ പേരാണ്.

നീ അവന്റെ സുഖത്തിനുള്ള
ഒരു ഉപകരണമല്ല.
അവന്റെ വംശാവലിയുടെ
ഒരു യന്ത്രമല്ല.

നീ,
സ്വന്തം രക്തം ചുട്ട്
ഒരു ബ്രഹ്മാണ്ഡത്തിനെ
പിറക്കിക്കുന്ന
ജീവന്റെ അഗ്നികുണ്ഠമാണ്!
ഗർഭം.
ഇത് മൗനത്തിന്റെ സ്ഥലമല്ല.

ഒരു പ്രഖ്യാപനം:
“എന്റെ ശരീരം,
എന്റെ വേദന,
എന്റെ സൃഷ്ടി.
ആരും വ്യാഖ്യാനിക്കേണ്ടതില്ല!

റഹീം പുഴയോരത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *