ഉത്തരമുംബൈയിലെ
ബോറിവ്ലിയിലെ ഏതൊക്കെയോ
കൂടുകളിൽ നിന്ന്
ഒരു പറ്റം കിളികള്‍
ബോറിവ്ലി സ്റ്റേഷനിൽ പറന്നെത്തുന്നു.
ചർച്ച് ഗേറ്റ് എന്ന
നെറ്റിപ്പട്ടം കെട്ടിയ
സബർബൻ ട്രെയിൻ
പറക്കാന്‍ ആഞ്ഞ് നില്ക്കുമ്പോഴേക്കും
ഏതെങ്കിലുമൊരു
കമ്പാർട്ട്‌മെന്റിലേക്ക്
പറന്ന് കയറി
ഒട്ടിയൊട്ടി ഇരിപ്പുറപ്പിക്കുന്നു.
ഝക് ഝക് ഝക് വന്യതാളം.
ട്രെയിൻ അലറിപ്പറക്കുന്നു.
ഗർഭിണിയായ ട്രെയിന്
ഭാരം ഒരു വിഷയമല്ല.
കിളികളിലൊരാൾ
ബ്രീഫ്കേസിൽ നിന്ന്
ചീട്ടുകൾ പുറത്തെടുക്കുന്നു.
പല വട്ടം കശക്കുന്നു.
കൂട്ട് കിളികൾക്കായി
പങ്ക് വെയ്ക്കുന്നു.
ജീവിതപ്രശ്നങ്ങൾ മറക്കുന്നു.
പരിസരബോധം
ചോർന്ന് പോകുന്നു.
എങ്കിലും അവരറിയാതെയറിയുന്നു
ആരൊക്കെയോ അടർന്നുവീഴുന്നുണ്ട്.
മോക്ഷം നേടുന്നുണ്ട്.
അതൊരു കൃത്യനിഷ്ഠ പോലെ
നടക്കുന്ന വിനോദമാണ്.
കിളികൾ ചങ്ങാതിമാരെങ്കിലും
പേരറിയില്ല. കൂടറിയില്ല.
ചർച്ച് ഗേറ്റിൽ തന്നെയോ
തൊഴിലിടം എന്ന് തിരക്കാറില്ല.
ഒരു കിളി ഒരു നാൾ
പറന്ന് വന്നില്ലെങ്കിൽ
എന്തു പറ്റിക്കാണുമെന്ന്
തിരക്കാറില്ല.
ആ കുറവ് നികത്താൻ
മറ്റൊരു കിളി
ഇരിപ്പിടം പിടിക്കും.
എങ്കിലും
ചങ്ങാതിക്കിളികൾ ചങ്ങാതിക്കിളികൾ…
പരസ്പരം പേരറിയാത്ത,
കൂടറിയാത്ത, തൊഴിലിടമറിയാത്ത
ചങ്ങാതിക്കൂട്ടം.
ചർച്ച് ഗേറ്റിലെത്തിയാൽ
ഓരോ കിളിയും
പലവഴിയേ പറക്കുന്നു.
ഇരതേടുന്നു.
സായാഹ്‌നങ്ങളിൽ കണ്ടുമുട്ടാറില്ല.
കണ്ടുമുട്ടിയാൽത്തന്നെ
ജീവിതം ഒരു തിരികല്ലായി
കഴുത്തിൽ തൂങ്ങി
അവരെ തളർത്തുന്നു….

കെ.ആർ.സുരേന്ദ്രൻ

By ivayana