രചന : പ്രിയബിജു ശിവകൃപ✍️
ഇതൊരു കഥയാണോ എന്ന് ചോദിച്ചാൽ കഥയാണ്. എന്നാൽ നടന്ന സംഭവം ആണോ എന്ന് ചോദിച്ചാൽ അതുമാണ്.. കഥയും സത്യങ്ങളും കൂട്ടിക്കലർത്തിയ ഒരെഴുത്ത്.
കഴിഞ്ഞകാലത്തെ ഓർമ്മകളെല്ലാം എന്നും മായാതെ നിൽക്കും..
. മറവിയുടെ കയങ്ങളിലേക്ക് ആണ്ടുപോകാതെ ഒളി മങ്ങാതെ അവയങ്ങനെ നമ്മെ കൊതിപ്പിച്ചുകൊണ്ടേയിരിക്കും… യക്ഷികളും ആത്മാക്കളും സത്യമാണോ മിഥ്യയാണോ എന്നത് എന്നും നിലനിൽക്കുന്ന ഒരു തർക്കമാണ്..
ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം കാല്പനികലോകം അത്രയ്ക്ക് മനോഹരമാണ്..അവിടെ നമ്മുടേതായ ചിന്തകളെ കൂട്ടുപിടിച്ചു വിഹരിക്കുമ്പോഴുണ്ടാകുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല…
അത്തരം ഒരു വിശ്വാസം ഉണ്ടെങ്കിൽ ഉറപ്പായിട്ടും നമുക്ക് ആത്മാക്കളുടെ സാന്നിധ്യമറിയാം.. ഇല്ലെന്ന് വാദിക്കുന്നവരുണ്ടാകാം. അത് അവരുടെ വിശ്വാസം 🥰…
നെഗറ്റീവ് എനർജി ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിൽ പോകുമ്പോഴൊക്കെ ആ സാന്നിധ്യം എനിക്ക് നന്നായി അനുഭവപ്പെട്ടിട്ടുണ്ട്.. അവരോട് കൂട്ടുകൂടുന്നത് കൊണ്ടാവാം അത്ര ഭയം തോന്നാത്തത്.
വർഷങ്ങൾക്ക് മുൻപുള്ള ഒരു അനുഭവം പറയാം…
ഞങ്ങളുടെ നാട്ടിൽ ആയിടയ്ക്ക് വാടകയ്ക്ക് താമസിക്കാനായി ഒരു കൂട്ടർ ദൂരെയെവിടെ നിന്നോ വന്നു. അച്ഛനും മോളും മാത്രേയുള്ളു അമ്മ മരിച്ചുപോയി അവരുടെ ബന്ധുക്കൾ താമസമുണ്ട് അവിടെ.
അവരുടെ നിർദ്ദേശപ്രകാരം വന്നതാണ്..ആ ബന്ധുക്കളുടെ കൂട്ടത്തിലുള്ള ഒരു പയ്യനുമായി ആ പെൺകുട്ടി അടുപ്പത്തിലായി.
പയ്യനെ തത്കാലം നമുക്ക് രമേശ് എന്ന് വിളിക്കാം പെൺകുട്ടിയെ സന്ധ്യയെന്നും ഇണക്കുരുവികളായി അവർ അങ്ങനെ പാറി നടന്നു… ഒടുവിൽ അവൾക്ക് അടിവയറ്റിൽ ഒരു സമ്മാനം കൊടുത്തിട്ട് അവൻ കാലുമാറി..
സന്ധ്യ കാലു പിടിച്ചു കേണു..
അവൻ കൂട്ടാക്കിയില്ല. ഒടുവിൽ അവന്റെ വീട്ടുകാർ വിവരമറിഞ്ഞു..എല്ലാവരും കൂടി ഗൂഢാലോചന നടത്തി ആ പെൺകുട്ടിയെ ഒരുപാട് ഉപദ്രവിച്ചു.. ഒടുവിൽ ക്രൂരമായി കൊന്നു കുന്നുംപുറത്തുള്ള കിണറ്റിൽ കൊണ്ടിട്ടു
പിന്നീട് എല്ലാവരും എല്ലാമറിഞ്ഞു കേസൊക്കെ തെളിഞ്ഞു..
കൊന്നവനും കൂട്ടുനിന്നവരുമൊക്കെ കുടുങ്ങിയെങ്കിലും കുറെ നാൾ കഴിഞ്ഞു എങ്ങനെയൊക്കെയോ പുറത്തിറങ്ങി. പക്ഷെ ഇവിടെ കുറ്റങ്ങളിൽ നിന്നും ഒഴിവായാലും മുകളിലത്തെ വിധി ആർക്കും തടുക്കാനാവില്ല..
അവരും പല രീതികളാൽ കൊല്ലപ്പെട്ടു… എങ്ങും ചർച്ചാ വിഷയമായി അവർ മാറി…
ഇതൊക്കെ ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ്… വർഷങ്ങൾ കഴിഞ്ഞു.. കൗമാരപ്രായമൊക്കെയായി കൂട്ടുകാരുമൊത്തു വിറകു പെറുക്കാനുമൊക്കെ ആ പെൺകുട്ടിയെ കൊന്നുകൊണ്ടിട്ട ആ കുന്നിൻപുറത്തു പോകാറുണ്ട്…
ഒരു ദിവസം ആ കിണറിന്റെ താഴ്‌വശത്തെത്തി.. അതിന്റെ പരിസരസത്തുപോലും പോകരുതെന്നാണ് മുതിർന്നവരുടെ നിർദേശം.. നിറം പിടിപ്പിച്ച കഥകൾ പ്രചരിക്കുന്നുണ്ട്.. പ്രേതമുണ്ടത്രേ ആ പെണ്ണിന്റെ…
ഞാൻ ചിന്തിച്ചു. ശരിക്കും ആത്മാവ് ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ അവളെ ഇല്ലാതാക്കിയവരെയൊക്കെ അവളാണ് കൊന്നതെന്ന് കിംവദന്തിയുണ്ട്…
ഒന്നുപോയി നോക്കിയാലോ…
ഞാൻ പതുക്കെ മുകളിലേക്ക് പ്രയാസപ്പെട്ട് എത്തിവലിഞ്ഞു കയറി ചുറ്റും റബ്ബർ മരങ്ങളാണ്…
കിണറിന്റെ അടുത്തെത്തി.. കുറച്ചു ആഴമുണ്ട്. പുറമെ ധൈര്യം കാണിക്കുമെങ്കിലും ഉള്ളു കൊണ്ട് പേടിയാണെന്ന് എനിക്ക് മാത്രമേ അറിയൂ 😂എങ്കിലും അന്നും ഇന്നത്തെ ചിന്തകളുടെ അംശം അന്നും മനസ്സിലുണ്ട്..
ധൈര്യം സംഭരിച്ചു എത്തിനോക്കി. അതിനിടയിൽ അവിടെ കിടന്ന ഒരു കല്ല് കാലു തട്ടി കിണറ്റിലേക്ക് വീണു. വലിയ ഒച്ചയോടെ അത് കിണറ്റിൽ പതിച്ചു…ആ ശബ്ദവും മനസ്സിലെ ചിന്തകളും കൂടി ആയപ്പോൾ ഞാൻ ആകെ ഭയന്നു.പിന്നോക്കം നീങ്ങിയ ഞാൻ അവിടെ തന്നെ വീണു…
തോട്ടമായായതിനാൽ പ്രകാശം കുറവാണ്. ഒരു ഇരുളിമ നിൽക്കുന്നുണ്ട് അവിടെ.. എന്റെ കൂടെയുള്ളവരൊക്കെ ദൂരെ മാറി നിൽക്കുന്നത് കാണാം..
ഞാൻ ഉറക്കെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല…എങ്കിലും ഞാൻ എഴുനേറ്റു. വേച്ചു വീഴാൻതുടങ്ങിയെങ്കിലും എങ്ങനെയോ പിടിച്ചു നിന്നു
എന്നെ ആരോ വിളിക്കുന്നത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി..
ന്റെ മഹാദേവാ.. അവിടെ കിണറിന്റെ സമീപം നിൽക്കുന്ന റബ്ബർ മരത്തിൽ ചാരി ഒരു കറുത്ത രൂപം. മുഖം വ്യക്തമല്ല..എന്റെ ശരീരത്തിൽ കൂടി ഒരു വിറയൽ പാഞ്ഞു… ഒരു നിലവിളിയോടെ ഞാൻ നിലത്തു വീണു…
പിന്നെ കണ്ണ് തുറന്നപ്പോൾ എന്റെ ചുറ്റും കുറെ ആളുകൾ എന്റെ കൂടെയുള്ളവരും ഉണ്ട്… തോട്ടത്തിനും താഴെ റോഡരുകിലുള്ള ഒരു വീട്ടിൽ കിടക്കുകയാണ് ഞാനെന്ന് പിന്നീട് ആണ് മനസ്സിലായത്…
കുറെ സമയം കഴിഞ്ഞപ്പോൾ എന്നെ എന്റെ വീട്ടിലെത്തിച്ചു.. പക്ഷെ കണ്ണടച്ചാൽ ആ രൂപം എന്റെ അടുത്തിരിക്കുന്നതായി എനിക്ക് തോന്നും..
എന്നെ വിടാതെ പിന്തുടരുന്നതായി എനിക്ക് അനുഭവപ്പെട്ടു തുടങ്ങി… എന്നിലേക്ക് തന്നെ ഞാൻ ഒതുങ്ങാൻ തുടങ്ങിയപ്പോൾ ആരുടെയൊക്കെയോ പ്രാർത്ഥനകളാലും ദൈവത്തിന്റെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നതിനാലും ഞാൻ ആ കറുത്ത രൂപത്തിന്റെ ദൃഷ്ടിയിൽ നിന്നും മോചിതയായി…
പിന്നീടെപ്പോഴോ ഞാൻ മനസ്സിലാക്കി എന്റെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന ചിന്തകളാണ് എന്നെ ഇത്തരം അനുഭവങ്ങളിലേക്ക് നയിക്കുന്നതെന്ന്.. പക്ഷെ പിന്നീടെപ്പോഴോ ആ ഭയത്തെ ഞാനിഷ്ടപ്പെടാൻ തുടങ്ങി..
എന്റെ കൂട്ടുകാരായി സങ്കല്പിച്ചു ഞാനവർക്ക് വേണ്ടി എന്റെ അക്ഷരങ്ങളെ നൽകി… ഇന്ന് ഞാൻ അവരുടെ ചങ്ങാത്തവും തേടി കാൽപ്പനികലോകത്ത് യഥേഷ്ടം വിഹരിക്കുന്നു… ഏറെ ഇഷ്ടത്തോടെ 🥰
