രചന : ശ്രീജിത്ത് ഇരവിൽ ✍️
ആഭരണത്തോടെ തന്നെ ഗംഗയിൽ ഒഴുക്കണമെന്നാണ് അന്ത്യാഭിലാഷം പോലെ അമ്മ പറഞ്ഞത്.
കെട്ടവരെല്ലാം ഞെട്ടി. കുടുംബത്തിലെ പെണ്ണുങ്ങളിൽ ചിലരുടെ മുഖം കണ്ടാൽ കഷ്ടം തോന്നും. മാലയും വളയും കമ്മലും മോതിരവുമായി അഞ്ചാറ് പവൻ അമ്മയുടെ ദേഹത്തുണ്ട്. വീതിച്ചെടുക്കാമെന്ന് കരുതിയവരുടെ തലയ്ക്ക് തീ പിടിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ…
അവസാനത്തെ ആഗ്രഹം വിക്കി വിക്കി പറഞ്ഞതിൽ പിന്നെ അമ്മ മിണ്ടിയില്ല. അത്രയ്ക്കൊക്കെ വേണമോയെന്ന് ചോദിച്ചപ്പോൾ പിണങ്ങി. മരിച്ചുപോയ അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി വെറുതേ കിടക്കും. ചിലപ്പോൾ കണ്ണുകൾ നിറയും, മറ്റ് ചിലപ്പോൾ ചിരിക്കും… വാർദ്ധക്ക്യ സഹജമായ മരണം മനുഷ്യരുടെ മനോനിലകളിൽ എങ്ങനെ തൊടുമെന്ന് അപ്പോഴും പിടുത്തം കിട്ടിയില്ല…
‘അമ്മ പോയി…!’
പ്രതീക്ഷയൊന്നും വേണ്ടായെന്ന് ഡോക്റ്റർ പറഞ്ഞതുകൊണ്ട് കണ്ണീരിന്റെ ബഹളമൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ ആഗ്രഹപ്രകാരം ഗംഗയിലേക്ക് കൊണ്ടുപോകുകയെന്നത് അപ്രായോഗികമാണ്. വിശ്വാസമെന്നാൽ എപ്പോഴും അങ്ങനെ തന്നെയാണല്ലോ… ചാകാൻ നേരം അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചതാണെന്നേ ഞങ്ങൾ കരുതുന്നുള്ളൂ… സ്വർണ്ണത്തിനൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയുള്ളപ്പോൾ ആരെങ്കിലും ചിന്തിക്കുന്ന കാര്യമാണോയിത്…!
‘നിങ്ങളിങ്ങനെ ബഹളം വെച്ചാൽ അമ്മയുടെ സ്വർണ്ണമെല്ലാം ഞാൻ ഗംഗയിൽ ഒഴുക്കും….’
കൊടുക്കാവുന്നതിന്റെ പരമാവധി കൊടുത്തിട്ട് തന്നെയാണ് അച്ഛനും അമ്മയും പെങ്ങൾമ്മാരെയൊക്കെ കെട്ടിച്ച് വിട്ടത്. അമ്മയുടെ അന്ത്യാഭിലാഷം അളിയന്മാർ വരെ കേട്ട സ്ഥിതിക്ക് കൂടുതൽ വിശദമാക്കേണ്ടി വന്നില്ല. കള്ളത്തരമാണ്… മരിച്ചുപോയവരാരും തിരിച്ച് വരാത്തത് കൊണ്ട് അമ്മയെ കബളിപ്പിച്ചു. സ്വർണ്ണം ഞങ്ങൾ പങ്കിട്ടു. അച്ഛന്റെ പേരെഴുതിയ മോതിരം എനിക്കായിരുന്നു കിട്ടിയത്…
‘ഒറ്റയൊന്നിനും സ്നേഹമില്ല… ആർത്തിപ്പണ്ടാരങ്ങള്… നിങ്ങളെയൊക്കെ പെറ്റതിൽ ദുഃഖം തോന്നുന്നു…’
തൊട്ടടുത്ത രാത്രിയിൽ സ്വപ്നത്തിന്റെ തിരശീലയിൽ നിന്നും അമ്മ തെളിഞ്ഞിരിക്കുന്നു. ഗംഗയിൽ ഒഴുകാൻ ആഗ്രഹിച്ച തന്റെ ദേഹവും, ഉടയാടകളും, ആഭരണങ്ങളും എവിടെയാണെന്ന് ആരായുന്നു. സ്വന്തം വയറിൽ തല്ലി മക്കളെ പ്രാകുന്നു. പേക്കിനാവ് തൊട്ട തലയുമായി ഉണരുമ്പോൾ കിതച്ചിരുന്നു… വെപ്രാളപ്പെട്ടിരുന്നു…
‘നിനക്ക് മാത്രേ അമ്മയോട് സ്നേഹമുള്ളൂ… എന്നെ കുഴിച്ചെടുത്ത് ഗംഗയിൽ ഒഴുക്കെടാ പൊന്നുമോനെ…’
അമ്മ വിടുന്ന ലക്ഷണമില്ല. ഉള്ളിലെ കുറ്റബോധം കൊണ്ടായിരിക്കണം നിരന്തരം സ്വപ്നങ്ങൾ കാണുന്നത്… സുഖമുള്ളതാണെങ്കിൽ സാരമില്ലായിരുന്നു… ഇന്നേവരെ കാണാത്ത കോലത്തിലും ഭാവത്തിലും അമ്മ പ്രത്യക്ഷപ്പെടുകയാണ്… ഗംഗയിൽ എന്ത് മാങ്ങയാണ് ഇരിക്കുന്നതെന്ന് ഓർത്ത് ദുഖിച്ചു. ഒടുവിൽ രക്ഷയെന്ന പോലെ ഒരുകാര്യം തീരുമാനിച്ചു…
മരിച്ചുപോയ ആളെ ഗംഗയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുഴിച്ചിട്ടത്… ആ കുഴിയിനി തോണ്ടാനൊന്നും പറ്റില്ല. കുറ്റബോധത്തിൽ ഉരുകാതെ ഉറങ്ങണമെങ്കിൽ അൽപ്പമെങ്കിലും വാക്ക് പാലിക്കണം… അമ്മയ്ക്കും ആശ്വാസമായിക്കോട്ടെ… അച്ഛന്റെ പേരെഴുതിയ മോതിരവുമായി കാശിയിലേക്ക് പുറപ്പെടുന്നത് അങ്ങനെയാണ്…
“കാശ്യാം മരണം മുക്തിഃ”
കാശിയിലെ മരണം മുക്തിയാണെന്ന് മനുഷ്യർ വിശ്വസിക്കുന്നു. ട്രെയിനിൽ കയറിയപ്പോൾ തൊട്ട് ഇറങ്ങുന്നത് വരെയുള്ള നേരങ്ങളിൽ വായിച്ച് തീർത്തതെല്ലാം കാശിയുടെയും, ഗംഗയുടെയും ഐതീഹ കഥകളായിരുന്നു…
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന നദിയാണ് പോലും ഗംഗ. പരമശിവൻ തന്റെ തൃശൂലത്തിൽ കാക്കുമെന്ന് കരുതുന്ന ഇടമാണ് കാശി. രണ്ടും ഒന്നുചേരുന്ന ഇടമായതിനാലാണ് ഹൈന്ദവ വിശ്വാസപ്രകാരം പുണ്യകേന്ദ്രമായി മാറിയത്. ഇതൊക്കെ അറിഞ്ഞിട്ടാണോ അമ്മയിങ്ങനെ ആഗ്രഹിച്ചതെന്ന് ചോദിച്ചാൽ അറിയില്ല.
“രാമനാമ സത്യ ഹേ…!”
ശബ്ദം ഉയരുന്നു. കാശിയുടെ ഇടുങ്ങിയ തെരുവുകളിലൂടെ മൃതദേഹങ്ങളുമായി ആരൊക്കെയോ ധൃതിവെയ്ക്കുന്നു. പുതുതായി നിർമ്മിച്ച കോറിഡോറിലൂടെ മണികർണ്ണിക ഘട്ടിലേക്ക് ഇറങ്ങി.
പൂജകൾ ചെയ്ത് നദിയിൽ മുങ്ങുന്നവരെയും, മൃതദേഹങ്ങൾ സംസ്‌കരിക്കുന്നവരെയും കാണാം. മരിച്ചവരെ പുഴയിലേക്ക് ഒഴുക്കിവിടാൻ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടായിരിക്കണം ജീവൻ ഇല്ലാത്തവർ ഓളങ്ങളിൽ ഒഴുകുന്നത് കാണാൻ പറ്റാതിരുന്നത്.
തീരേ വൃത്തിയില്ലാത്ത സ്വാമികളെയൊക്കെ ആരൊക്കെയോ തൊഴുത് കുമ്പിടുന്നുണ്ട്. അതിലും വൃത്തിയില്ലാത്ത മുന്നിലെ ഗംഗയിലേക്ക് പലരും എടുത്ത് ചാടുകയാണ്. അതിൽ, എല്ലിച്ച ശരീരമുള്ള ഒരു കുട്ടിയുണ്ടായിരുന്നു..
ശ്രദ്ധിച്ചു. പ്ലസ്ടുവിന് പഠിക്കുന്ന എന്റെ മോന്റെ പ്രായമേയുള്ളൂ… ആരൊക്കെയോ ഒഴുക്കി വിട്ട ചിതാഭസ്മക്കുടവും, പൂജാതട്ടുകളുമാണ് അവൻ ശേഖരിക്കുന്നത്… അതുമെടുത്ത് തീരത്തേക്ക് വരുകയാണ്…
കുടം ഉടച്ചപ്പോൾ അവന് ചില ചില്ലറകൾ കിട്ടി… തട്ടിൽ നിന്ന് കേടാകാത്ത വാഴപ്പഴങ്ങളും, ചെറുനാരങ്ങയും പ്രത്യേകം എടുത്തുവെച്ചു. എവിടേക്കാണ് അവൻ പോകുന്നതെന്ന് അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നു. പിന്തുടർന്നപ്പോൾ മുക്തിയിൽ മുക്തി തേടുന്ന മനുഷ്യരോട് ദയയാണ് തോന്നിയത്….
ആരുടെയൊക്കെയോ മരണങ്ങൾ ആരെയൊക്കെയോ ജീവിപ്പിക്കുന്ന ഇടമാണ് കാശിയെന്ന് തോന്നുന്നു… ഭക്തിസാന്ദ്രമായ മണ്ണിൽ ജീവിതം തേടുന്ന ഗതികെട്ടവരെ ഈ ദൈവങ്ങളൊന്നും കാണുന്നില്ലെന്നോ… അറിയുന്നില്ലെന്നോ… മോചിപ്പിക്കുന്നില്ലെന്നോ… കാണിക്കവഞ്ചി നിറയ്ക്കുന്ന മനുഷ്യരും കണ്ടഭാവം കാട്ടുന്നില്ല…
ഇങ്ങനെയൊരു പ്രദേശത്ത് മരണാനന്തര ചടങ്ങ് ചെയ്യാൻ വരുന്നവരെ സമ്മതിക്കണം. ഒരിക്കൽ പോലും കാശിയിലേക്ക് വരാത്ത അമ്മയിത് എന്തുകണ്ടിട്ടാണ് ഉടലോടെ ഗംഗയിൽ ഒഴുകണമെന്ന് കരുതിയത്… അതും ആഭരണങ്ങളിട്ടുകൊണ്ട്… മനസ്സിലാകുന്നില്ല…
ആരുടെയോ മരണത്തിന്റെ പങ്കുപറ്റി ധൃതിയിൽ പോകുന്ന ആ പയ്യനെ ഞാൻ തടഞ്ഞ് നിർത്തി. അച്ഛന്റെ പേരെഴുതിയ മോതിരം അവന്റെ കൈയ്യിൽ കൊടുത്തപ്പോൾ ആ നോട്ടം… ഭയമാണോ? സംശയമാണോ…? അറിയില്ല… അവൻ ചിമ്മാതെ നോക്കുകയാണ്… മോതിരം സ്വർണ്ണമാണെന്ന് കണ്ടപ്പോൾ കാലിലേക്ക് ഒറ്റ വീഴായിരുന്നു… അമ്മേ…,ഇതിൽപ്പരം മുക്തി നിങ്ങൾക്ക് കിട്ടാനില്ല…!!!

