“അപ്പാ…നിക്ക് തീരേം വയ്യപ്പാ..”
രോഷംകൊണ്ടു വിറയാർന്ന കൈകളിൽ തന്റെ മകൾ മാധയെ ചങ്കരൻ കോരിയെടുത്തു.
“യ്യ്… കരയല്ലേ മാധമ്മ അപ്പന്ണ്ട്.”
“പൂതക്കാട് എത്താൻ ഈ രാവ് കടക്കണ്ടേ ഇടിയും മഴയും ഒക്കെ വര്ണപ്പാ.പേടിയാവ്ണു”
“അന്തിമഹാകാളാ…തമ്പുരാനേ!
നീ വാ.. ഞങ്ങളെ പൂതക്കാട്ടിലേക്ക് കൊണ്ടുപോ “ചങ്കരൻ ഉറക്കെവിളിച്ചു.
വരിയപ്പിലാവ് മുത്തപ്പന്റെ ചോട്ടിൽ മാധയെ ഇരുത്തി ചങ്കരൻ ഉറക്കെ പറഞ്ഞു. കാറ്റും മഴയും ഇടിയും വരട്ടെ,ഭൂമി കുലുങ്ങട്ടെ… അന്തിമഹാകാളാ… തമ്പുരാനേ!
ചങ്കരൻ പൂതക്കാട്ടിലേക്ക് വര്ണുണ്ട്. അവിടെ വന്നേ ചങ്കരന്റെ ഉയിര്പോകൂ. ഇത് തീർപ്പാണ് തമ്പുരാനേ!!

(പതിറ്റാണ്ടുകൾക്കു മുമ്പ് നായാട്ടിനു വന്ന രാജാവ് വരിയപ്പിലാവ് മുത്തപ്പന്റെ തടിയിൽ നിന്നും അന്തിമഹാകാളന്റെ രൂപം ഉണ്ടാക്കി പൂതക്കാട്ടിന്റെ ഉച്ചിയിൽ പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം.ദാരികനിഗ്രഹത്തിനായി ഭദ്രകാളിയെ സഹായിക്കാൻ മഹാദേവൻ സൃഷ്ടിച്ച പടനായകനായാണ് അന്തിമഹാകാളൻ. ഏതു തിന്മയ്ക്കെതിരെയും പട നയിക്കാൻ അന്തിമഹാകാളൻ കൂട്ടുനിൽക്കും എന്ന വിശ്വാസം)
ചങ്കരൻ മാധയെ കൈക്കുമ്പിളിലൊതുക്കി വീണ്ടും പൂതക്കാട് കയറാൻ തുടങ്ങി.
വേട്ടക്കായി വന്ന ഏതോ കാപാലികൻ കുടിലിലേക്ക് അതിക്രമിച്ചു കേറി മാധയെ പിച്ചിച്ചീന്തി. പൂതക്കാട് കയറാൻ പോകുമ്പോൾ ഒരു തെറുപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ ഓരോ വഴികളും പിന്നിടുമ്പോൾ മാധയ്ക്ക് ജീവൻ വന്നുകൊണ്ടേയിരുന്നു.
നേരം ഇരുട്ടി. പെട്ടന്ന് ചങ്കരന്റെമുന്നിൽ ഒരു ചൂട്ടു തെളിഞ്ഞു.

“എന്റെ വരിയപ്പിലാവ് മുത്തപ്പാ നീ തന്നെ എനിക്ക് കൂട്ട് വന്നല്ലേ… ഈ കാട്ടില് ചങ്കരന് ചൂട്ടുതെളിച്ച് കൂട്ടു നടക്കാൻ നീയല്ലാതെ ആര്ണ്ട് മുത്തപ്പാ!”
ഊളന്റെ കൂട്ടം ചേർന്നുള്ള ഓരിയിടലിൽ കാടാകെ ഇളകി. നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഗർജ്ജനങ്ങൾ കാതുകളിലേക്ക് തുളച്ചു കയറി.
വൻമരങ്ങളുടെ മർമ്മരങ്ങൾ ഭയാനകമായ മുഴക്കങ്ങലുകളായി മാറി. ചങ്കരൻ പൂതക്കാടിന്റെ ഉച്ചിയിലേക്കെത്തി. പിടിച്ചുനിൽക്കാൻ കഴിയാത്ത വിധം കാറ്റിന്റെ കലിതുള്ളൽ, ഇടിമുഴക്കം!
“എന്റെ അന്തിമഹാകാളാ നീ കണ്ടില്ലേ? എന്റെ കൈകളിൽ… എന്റെ മാധയെ നീ കണ്ടില്ലേ?
മക്കടെ മേലായ്ക മാറ്റാൻ ഞാനെന്തു ചെയ്യണം തമ്പുരാനേ?
കുടിലിലെ ഓരോ പെമ്പിറന്നോർക്കും ഈ ഗതി വരാതിരിക്കാൻ ഇനി എന്ത് ചെയ്യണം തമ്പുരാനേ? നീ തന്നെ പറയ്?”

മലയുടെ ഉച്ചിയിൽ ഉഗ്രതാണ്ഡവത്തിന്റെ ചിലമ്പൊച്ചകൾ മുഴങ്ങി. വരിയ പ്പിലാവ് മുത്തപ്പന്റെ ചൂട്ടുകൾ ചുറ്റിലും കത്തിപ്പടർന്നു. അന്തിമഹാകാളന്റെ ചിലമ്പൊച്ച കേട്ട് ചങ്കരൻ പൊട്ടിക്കരഞ്ഞു. അന്തിമഹാകാളന്റെ ഓരോ ചുവടുവെപ്പുകളിലും മാധയുടെ ഓരോ മുറിവുകളും മാഞ്ഞു തുടങ്ങി. ചൂട്ടിന്റെ വെട്ടത്തിൽ രക്തം പുരണ്ട അന്തിമഹാകാളന്റെ രൂപം ചങ്കരന്റെയും മാധയുടെയും കണ്ണുകളിലേക്ക് തെളിഞ്ഞുവന്നു. കണ്ണുകളിൽ ചുടുരക്തം ഒഴുകിയ അന്തി മഹാകാളനെ കണ്ടു ചങ്കരൻ മാധയെ ചേർത്തുകൊണ്ട് അലറി വിളിച്ചു.
“തമ്പുരാനേ നീ ഞങ്ങളെ കാത്തു
തമ്പുരാനേ നീ ഞങ്ങളെ കാത്തു
തമ്പുരാനേ നീ ഞങ്ങളെ കാത്തു….”

RJ ജിഷ അനിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *