രചന : ജാനകി പുൽപ്പറമ്പിൽ ✍️
കാറ്റും മഴയും കാരണം കുറച്ചു ദിവസം നെറ്റ് കണക്ഷൻ ഇല്ലാതെയായപ്പോഴാണ് നമ്മുടെ ജീവിതത്തെ ഇന്റർനെറ്റ് എത്ര സ്വാധീനിച്ചു എന്ന് മനസിലായത്. “ജെൻ സീ” കളായ എന്റെ മക്കൾ, സെവന്റീസ് വസന്തമെന്ന് കളിയാക്കുന്ന എനിക്ക് ഇന്റർനെറ്റ് ലഭിക്കാത്ത നാളുകൾ ഒട്ടും അലോസരമുണ്ടാക്കിയില്ല… കാരണം നമ്മൾ സെവന്റീസ് വസന്തങ്ങൾ ഇതും ഇതിലപ്പുറവും ചാടിക്കടന്നവരല്ലേ…!!! “ജെൻ സീ” യും ” മില്ലേനിയവും” ഒക്കെ നെറ്റ് ഇല്ലാത്ത ആദ്യം രണ്ടു ദിവസം കരയിൽ പിടിച്ചിട്ട മീനുകളെപ്പോലെ ശ്വാസംമുട്ടി അങ്ങോട്ടുമിങ്ങോട്ടും തലയും ചൊറിഞ്ഞു ഓടിനടന്നു. മൂന്നാം ദിവസം ഇന്റർനെറ്റ് സേവനദാതാക്കളെ വിളിച്ചു പരാതി പറഞ്ഞിട്ടും കാര്യമില്ലാതെ ഒടുക്കം ഹതാശരായി അവർ എന്റെ ചുറ്റും ഇതികർത്തവ്യഥാമൂഢരായി ഇരുപ്പുറപ്പിച്ചു. ഞങ്ങൾ പതുക്കെ സംസാരിക്കാൻ ആരംഭിച്ചു.
സിനിമകളെക്കുറിച്ച്, ഭാവി ജീവിതത്തെക്കുറിച്ച്, ചെയ്ത മണ്ടത്തരങ്ങളെക്കുറിച്ച്, എന്റെ ബാലൻസ് ഷീറ്റിനെക്കുറിച്ച് അങ്ങനെ പലതിനേക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.ഷെൽഫിലിരുന്ന ” പാത്തുമ്മയുടെ ആട്” പുറത്തിറങ്ങി ശുദ്ധ വായു ശ്വസിച്ചു.വൈകുന്നേരം കട്ടൻ കാപ്പിയും ചിപ്സുമായി വൃത്താകൃതിയിലുള്ള ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്ന് രാത്രി ഏറെ വൈകുവോളം ചീട്ടു കളിച്ചു. ഇന്റർനെറ്റ് ഇല്ലാത്ത നാലാം ദിവസം രാവിലെ ഞങ്ങൾ ചൂടു കട്ടൻകാപ്പിയുമായി കോരിച്ചൊരിയുന്ന മഴ കണ്ടു. പ്രഭാതഭക്ഷണവും , ഉച്ചഭക്ഷണവുമെല്ലാം പ്ലേറ്റിൽ നോക്കി, പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്ന് ശാന്തമായി കഴിച്ചു.
നിശ്ചലമായ മൊബൈൽഫോണുകളെ എല്ലാവരും മറന്നു. കട്ടിൽത്തലയ്ക്കലും , സോഫയിലും , ഡ്രസിംഗ് ടേബിളിലും അവ അനക്കമറ്റ് കിടന്നു . ആരും അതൊന്നും ശ്രദ്ധിച്ചതേയില്ല. ഉച്ചയ്ക്ക് ശേഷം ആഞ്ഞുവീശിയടിച്ച കാറ്റ് നോക്കി ഞങ്ങൾ പരസ്പരം കൈകോർത്തു പിടിച്ച് ബാൽക്കണിയിൽ നിന്നു. കാറ്റിനൊപ്പം മഴകൂടി വന്നപ്പോൾ ഞങ്ങൾ വേഗം അകത്തു കടന്നു. എന്നിട്ട് വട്ടം കൂടിയിരുന്ന് വർത്തമാനം പറഞ്ഞു. കുറേയേറെ ചിരിച്ചു. പിറ്റേന്ന് സന്ധ്യയായപ്പോൾ പോയ ഇന്റർനെറ്റ് തിരികെയെത്തി. കല്ലുവീണ കുളത്തിലെ പായൽ നീങ്ങുന്നത് പോലെ എല്ലാവരും അവനവന്റെ ഫോണുകളുമായി അവരവരുടെ ലോകത്തേയ്ക്ക് നീങ്ങി. ഇന്റർനെറ്റ് നമ്മുടെയെല്ലാം ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് നോക്കൂ..!!
നാല് ദിവസം പരസ്പരം കണ്ട്, സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു ജീവിച്ച ഞങ്ങളെ അരൂപിയായ ഒന്ന് എത്ര പെട്ടെന്നാണ് അവനവന്റെ ലോകത്തേയ്ക്ക് വലിച്ചെടുത്ത് തളച്ചിട്ടത്..??? സെവന്റീസ് വസന്തങ്ങളുടെ കാലഘട്ടം എങ്ങനെയായിരുന്നുവെന്ന് “ജെൻ സീ” യ്ക്കും ” മില്ലേനിയ” ത്തിനുമൊക്കെ നന്നായി മനസിലാക്കാൻ കഴിഞ്ഞുവെന്നത് ഈ നാലു ദിവസത്തെ ഇന്റർനെറ്റ് നഷ്ടത്തിൽ നിന്നും ഉണ്ടായ നേട്ടമാണ്…!!! ഇനി വസന്തങ്ങളെ കളിയാക്കാൻ ഇച്ചിരെ പുളിക്കും…!!!
