രചന : ശ്രീജിത്ത് ഇരവിൽ ✍
അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയാറുണ്ട്. പഴകിയ ചോറിന്റെ നാറ്റമാണ് അവൾക്ക്. സോപ്പും തോർത്തും വാങ്ങിക്കൊടുത്ത് പാലാർ പുഴയിലേക്ക് ഉന്തിവിട്ടാലും പെണ്ണ് കേൾക്കില്ല. ചത്താലും കുളിക്കില്ലായെന്ന വാശി പോലെയാണ് പ്രകൃതം…
ഉറക്കമൊക്കെ പീടികക്കോലായികളിൽ ആയിരിക്കും. പ്രായം ഇരുപതൊക്കെ കഴിഞ്ഞിട്ടേയുണ്ടാകൂ… ഒക്കാത്ത കുപ്പായവുമിട്ട് തലയും ചൊറിഞ്ഞ് ആ ബസ്റ്റോപ്പിന്റെ പരിസരത്ത് ചുറ്റിപ്പറ്റി നടക്കുന്ന അവളെ അറിയാത്തവരായി പളയസീവരത്ത് ആരും കാണില്ല. എല്ലാവരോടും കൈനീട്ടും. മദ്യം വാഗ്ദാനം ചെയ്യുന്നവരുടെ കൂടെ കണ്ണുമടച്ച് പോകും…
‘എന്താ അമ്മുവിന്റെ പ്രശ്നം…?’
ഹരിയോട് ഒരിക്കൽ ചോദിച്ചിരുന്നു. അവൾക്ക് ആരുമില്ലെന്ന് നിസ്സാരമായി അവൻ പറഞ്ഞു. അത്രയും നിസ്സാരപ്പെട്ട കാര്യമായി എനിക്കത് തോന്നിയില്ല. ഇളം പ്രായത്തിൽ തന്നെ ഞാനത് കൊണ്ടിട്ടുണ്ട്. തെരുവിൽ അലയുന്ന ഭ്രാന്തിലേക്ക് വീണ് വർഷങ്ങളോളം ഇഴഞ്ഞിട്ടുമുണ്ട്. അമ്മുവിനെ കാണുമ്പോഴൊക്കെ കഴിഞ്ഞുപോയ എന്നെ തന്നെയാണ് ഓർമ്മ വരാറുള്ളത്.
‘കുടിക്കാതെ വാഴ മുടിയുമാ…?’
കണ്ടിപ്പാ മുടിയാതെന്നായിരിക്കും അവളുടെ മറുപടി. മദ്യപിക്കാതെ ജീവിക്കാൻ പറ്റാത്ത മനുഷ്യരുടെ പ്രതിനിധിയായി ചെറുപ്പം തുടങ്ങുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ ദുഖമുണ്ട്. ഇതല്ല ജീവിതമെന്ന് ആരോടും പറയാനുള്ള ത്രാണിയിൽ ഞാൻ ഇല്ലായിരുന്നു. അവളെ മോചിപ്പിക്കാനുള്ള യാതൊരു ഇടപടലും സാധ്യമല്ല. കാരണം അവൾ തന്നെയാണ്… തനിക്ക് മുന്നിലെ ലോകം ഇങ്ങനെ മതിയെന്ന് അവൾ തീരുമാനിച്ചിരിക്കുന്നു… ലോകവും അങ്ങനെ തന്നെയാണല്ലോ….
നിറഞ്ഞൊഴുകാത്ത പാലാർ പുഴയുടെ തീരത്ത് ഇരിക്കുന്ന നേരങ്ങളിലാണ് അമ്മുവിനെ കാണാറുള്ളത്. അന്നും കണ്ടു.
ശരീരത്തിന്റെ വൃത്തിയാണ് ഒരു മനുഷ്യന്റെ ഭംഗിയെന്ന് തോന്നുന്നത് കൊണ്ടായിരിക്കണം അമ്മുവിനെ കാണുമ്പോഴൊക്കെ കുളിക്കാൻ പറയുന്നത്. അവളപ്പോൾ കണ്ണിറുക്കി ചിരിക്കും…
‘ഉന്നുടെ അമ്മാ അപ്പായെല്ലാം എങ്കയിർക്ക് അമ്മു….?
”തെരിയാത്…”
അവരൊക്കെ മറ്റൊരു കുടുംബവുമായി മറ്റേതോ നാട്ടിലെ കൂടാരത്തിലാണെന്ന് തോന്നിപ്പോയി. മിക്ക തെരുവ് മനുഷ്യരുടെയും കഥ ഇങ്ങനെയാണ്. ഒരു ഇടത്തിൽ നിന്നും മറ്റൊരു ഇടത്തേക്ക് പോകുമ്പോൾ പലരും പലരേയും മനപ്പൂർവ്വം മറന്നുവെക്കും. അല്ലലില്ലാത്ത സൗകര്യങ്ങളിൽ തുടരുന്നവരും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.
ഒരു പരിധികഴിഞ്ഞാൽ പരസ്പരം ഭാരമാകാൻ കൂടി വേണ്ടിയാണ് ബന്ധങ്ങൾ രൂപപ്പെട്ടിട്ടുള്ളതെന്ന സംശയം കൂടുകയാണ്. കൂട്ടിൽ തൃപ്തരല്ലാത്തവർ പുതിയ മുഖങ്ങളെ തേടിക്കൊണ്ടേയിരിക്കും.. കണ്ടുകിട്ടിയാൽ, കണ്ണ് മഞ്ഞളിക്കും… ഒരുമിച്ചുള്ള സഞ്ചാരം മുഷിഞ്ഞ് തുടങ്ങുമ്പോൾ മറ്റൊരു മുഖത്തിനായി തേടൽ ആവർത്തിക്കും. അതുവരെ ഉണ്ടായിരുന്നവരിൽ ആരൊക്കെ ഒപ്പമുണ്ടെന്ന് പരിശോധിക്കാൻ പോലും ചിന്തയുണ്ടായെന്ന് വരില്ല.
‘ഉങ്കൾക്ക് യാറുമില്ലയാ…?’
എല്ലാവരുമുണ്ടെന്ന് പറഞ്ഞ് അമ്മുവിനോട് ഞാൻ ചിരിച്ചു. ലോകം മുഴുവൻ ഞാനാണെന്ന് കരുതുന്ന എനിക്ക് എല്ലാമുണ്ട്… എല്ലാവരുമുണ്ട്…. നീയും ഞാൻ തന്നെയാണെന്ന് അമ്മുവിനോട് തമിഴിൽ പറഞ്ഞു. അവൾ ഇമ വെട്ടാതെ എന്നെ നോക്കുകയാണ്…
‘എന്ന സരക്ക്…? എന്നല്ലാമോ പേശ്ത്… പുരിയില…’
അമ്മു എഴുന്നേറ്റു. അവളേക്കാളും കൂടുതൽ ഞാൻ കുടിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അവൾ പോകുന്നത്. അല്ലെങ്കിലും, എന്റെ സംസാരം ആർക്കും ഇഷ്ടപ്പെടില്ല. മനസിലാകുകയുമില്ല. യഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ജൽപ്പനങ്ങളായിട്ടേ കേൾക്കുന്നവർക്ക് തോന്നുകയുള്ളൂ… തിരുത്താൻ ഉദ്ദേശിക്കാറില്ല.
പാലാർ പുഴയുടെ തീരത്തൂടെ അമ്മു നടക്കുകയാണ്. ഗ്രാമത്തിലെ കുടിയൻമ്മാരിൽ പലരും അവിടങ്ങളിൽ ചിതറി ഇരിക്കുന്നുണ്ട്. ഓരോ കൂട്ടത്തിലേക്കും അവൾ ചേരും. മദ്യത്തിനായി അപേക്ഷിക്കും. എത്തിപ്പെടുന്ന ഇടം പോലെ ചിലർ അവളെ സ്വീകരിക്കും, മറ്റ് ചിലർ മണലെറിഞ്ഞ് ഓടിക്കും…
അമ്മു ലൈംഗീകമായും ഉപയോഗിക്കപ്പെടുന്നുണ്ടെന്നത് വാസ്തവമാണ്. അവൾക്കത് വിഷയമല്ല. തന്റെ ബന്ധുക്കളെന്ന് പറയുന്നവർ തങ്ങുന്ന ടെന്റിലേക്ക് അവൾ പോകാറേയില്ല. ബോധമുള്ള ഒരു നിമിഷം പോലും തന്റെ ജീവിതത്തിൽ വേണ്ടായെന്ന മനുഷ്യർക്കേ ഇങ്ങനെ ലഹരിലേക്ക് ആഴാൻ പറ്റുള്ളൂ… ഊരായ ഊരെല്ലാം തെണ്ടി നടന്ന തഴമ്പിൽ അമ്മുവിനെ പോലെയുള്ള പലരേയും കണ്ടിട്ടുണ്ട്. അത്രത്തോളം അടുത്ത് ഇടപെടുന്നത് ആദ്യമായിട്ടായിരുന്നു…
ഒരിക്കൽ ചില്ലറ വീട്ട് സമാനങ്ങളൊക്കെ വാങ്ങി തിരിച്ച് പോകുമ്പോൾ പാലാർ തീരത്ത് ഇരിക്കാൻ തോന്നി. ഹരിയെ ഫോണിൽ വിളിച്ച് വിവരവും പറഞ്ഞു. പളയസീവരം തൊട്ട് വലജാബാദിലേക്ക് വരെയാണ് ഹരിയുടെ സവാരി. ഓട്ടോ ഡ്രൈവറാണ്. പറഞ്ഞാൽ, അവസാന ട്രിപ്പ് കഴിയുമ്പോൾ അവൻ വരും… അതുവരെ ആ പ്രകൃതിയിൽ ഇരിക്കാമല്ലോ…
അമ്മുവിനെ തിരഞ്ഞിരുന്നു. കണ്ടില്ല. ബോധമില്ലാതെ എവിടെയെങ്കിലും കിടക്കുന്നുണ്ടാകും. കുളിച്ച് വൃത്തിയിൽ നടക്കുമെങ്കിൽ ജോലി ശരിയാക്കിത്തരാമെന്ന് അവളോട് പറഞ്ഞതാണ്. പെണ്ണ് കേട്ടില്ല. പോലീസിൽ വിവരം അറിയിച്ചാലോയെന്ന് വരെ ആലോചിച്ചിട്ടുണ്ട്… അങ്ങനെയെങ്കിൽ ആ പ്രദേശത്ത് തന്നെ എത്രയെത്ര പേരെ ചൂണ്ടിക്കാട്ടണം… അതിൽ ഞാനും പെടുമോയെന്ന് സംശയം തോന്നുന്നു..
ഓട്ടോയുടെ ശബ്ദം. ഹരി വന്നിരിക്കുന്നു. ഞാൻ എഴുന്നേറ്റ് അങ്ങോട്ടേക്ക് നടന്നു. സാമാനങ്ങളൊക്കെ ഓട്ടോയിലേക്ക് വെയ്ക്കുമ്പോൾ പിന്നിലെ സീറ്റിൽ അമ്മു കിടക്കുന്നു! പറ്റാവുന്നോളം പുളിച്ച അരിമാവിന്റെ മണം. ഓക്കാനിക്കാൻ തോന്നുന്നു… തൊട്ട് നോക്കിയപ്പോൾ അനക്കമുണ്ട്! വൈൻഷോപ്പിന്റെ അടുത്ത് നിന്ന് കിട്ടിയതാണെന്ന് ഹരി പറഞ്ഞു.
പെണ്ണിന്റെ കാര്യം. ഹരിയോടൊപ്പം ഉണ്ടാകുമ്പോൾ തന്നെയാണ് അമ്മുവിനെ കാണുന്നതും പരിചയപ്പെടുന്നതും. ഓട്ടോയുമായി പോകുമ്പോൾ ഹരിയണ്ണായെന്ന് അവൾ ഉറക്കെ വിളിക്കും. അടുത്തേക്ക് വന്ന് തലയും തുടയും ചൊറിഞ്ഞ് ചിരിക്കും. പാലാർ തീരത്ത് ഇരിക്കുമ്പോൾ അവൾ അടുത്തേക്ക് വരുന്നതും ആ പരിചയത്തിലാണ്…
‘ഡേയ്… യാറ്ഡാ…’
അമ്മു ഉണർന്നു. ഉളറുകയാണ്. പിടിച്ച് വെള്ളത്തിലിട്ടാൽ ബോധം വരുമെന്ന് ഹരി പറഞ്ഞു. അവന് ഒരുകൈ കൊണ്ട് തൂക്കിയെടുക്കാനെ അവൾ ഉള്ളൂ… കാല് കുഴയുന്ന മണ്ണിൽ ചവിട്ടി ഞങ്ങൾ വെള്ളമുള്ള ഇടത്തേക്ക് നടന്നു. കണ്ണുകൾ പൂർണ്ണമായി തുറക്കാൻ അപ്പോഴും അവൾക്ക് ആകുന്നുണ്ടായിരുന്നില്ല…
‘മ്മാ…. ‘
പെണ്ണ് വിറച്ചുപോയി. ഹരിയുടെ കൈയ്യിൽ നിന്ന് വെള്ളത്തിലേക്ക് വീണ നിമിഷം തന്നെ അമ്മു നിലവിളിച്ചു. കഴുത്തോളം വെള്ളത്തിൽ മുങ്ങിയും കുതറിയും പിടയ്ക്കുന്ന അവളെ നോക്കി ഹരി ചിരിക്കുകയാണ്. അത് ചാകുമെന്ന് പറഞ്ഞിട്ടും അവൻ കേട്ടില്ല. കേട്ടില്ലെന്ന് മാത്രമല്ല, തിരിച്ച് ഓട്ടോയിലേക്ക് നടന്നു. പെണ്ണ് മുങ്ങിച്ചാകുമെന്ന് തോന്നിയപ്പോൾ ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി. പിടിച്ച് കരയിലേക്ക് ഇടുകയും ചെയ്തു. വെപ്രാളത്തോടെ അവൾ ചുമച്ചു… അപ്പോഴേക്കും കൈയ്യിൽ മദ്യക്കുപ്പിയും, വെള്ളവും, ഡിസ്പോസിബിൾ ഗ്ലാസുമായി ഹരി വന്നിരുന്നു…
‘മ്മേ….’
വീണ്ടും അമ്മുവിനെ എടുത്ത് ഹരി വെള്ളത്തിലേക്ക് ഇട്ടു. ശേഷം തമാശ പോലെ ചിരിക്കുകയാണ്. ആദ്യമുണ്ടായ പരവേശവും വെപ്രാളമൊന്നും അമ്മുവിൽ ഇപ്പോഴില്ല. അവൾക്ക് പരിസരബോധം വന്നിരിക്കുന്നു. ഹരിയോടൊപ്പം കൂടി ആർത്താർത്ത് ചിരിക്കുന്നു. പരവേശപ്പെട്ട ഹൃദയം പതിയേ സമാധാനപ്പെട്ടു…
ഇരുട്ടും വരെ ഞങ്ങൾ അവിടെയുണ്ടായിരുന്നു. മുങ്ങിക്കുളിച്ച ഉണർവിൽ അമ്മു വീണ്ടും കുടിച്ചു. മതിയെന്ന് ഹരി പറഞ്ഞിട്ടും കേട്ടില്ല. നനഞ്ഞ സ്ഥിതിക്ക് കുളിച്ചേക്കാമെന്ന നിലയിൽ അവൾ വെള്ളത്തിൽ നിന്ന് കയറാൻ കൂട്ടാക്കിയില്ല. ഓരോ തുണിയും അഴിച്ച് അവൾ പിഴിഞ്ഞു. ഞാൻ ആ ശരീരം നോക്കുന്നുണ്ടെന്നും അറിഞ്ഞിട്ടും കൂസലില്ല.
കരയിലേക്ക് കയറുമ്പോൾ അമ്മു നഗ്നയായിരുന്നു… തുണിയെല്ലാം കുടഞ്ഞ് മണലിൽ വിരിച്ച് വെച്ചു. പാറിപ്പോകാതിരിക്കാൻ അതിന് മുകളിൽ കല്ലും വെച്ചു. ശേഷം, ആ മണലിൽ മലർന്ന് കിടന്ന് മാനത്തേക്ക് നോക്കി കൂവി…
‘ഇന്ത പൊണ്ണിന് ഭയം കിടയാത് ജീ… പോലീസുകാരെയെല്ലാം തിട്ടും…’
അമ്മു എഴുന്നേറ്റു. തുണിയുടുക്കെടിയെന്ന് ഹരി പറഞ്ഞപ്പോൾ അനുസരിച്ചു. താൻ ഇപ്പോൾ കുളിച്ച് സുന്ദരിയായില്ലേയെന്ന് ചോദിച്ച് കൊഞ്ചുകയാണ് അമ്മു. ശേഷം, മദ്യത്തിനായി ഹരിയോട് കെഞ്ചി. അവൻ ഒഴിച്ച് കൊടുത്തു.
ഈ നാട്ടിൽ തന്നെ ഉപദ്രവിക്കാത്ത ഒരേയൊരു ആള് ഹരിയണ്ണനാണെന്ന് അമ്മു പറയുകയാണ്. ആർക്ക് വേണമെങ്കിലും ആക്രമിക്കാൻ പാകം ജീവിക്കുന്നവരോട് എന്ത് പറയാൻ… നീയൊക്കെ ഇപ്പോഴും ജീവനോടെയുള്ളത് തന്നെ അതിശയമെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഞങ്ങൾ പോകുകയാണെന്ന് കണ്ടപ്പോൾ താനും വരട്ടേയെന്ന് അവൾ ചോദിച്ചിരുന്നു. ഹരി സമ്മതിച്ചില്ല.
ഞങ്ങൾ ഓട്ടോയിലേക്ക് നടക്കുമ്പോൾ അമ്മു ആ പൂഴിമണലിൽ ഇരുന്നു. ശേഷം ഉരുണ്ടു. തുണിയൊന്നും പൂർണ്ണമായി ഉണങ്ങാത്തത് കൊണ്ട് മുമ്പ് ഉള്ളതിനേക്കാളും പരുവത്തിൽ അവൾ മലിനപെട്ടു. എന്താ കാട്ടുന്നതെന്ന് ചോദിച്ച എന്നോട് അവൾ മിണ്ടിയില്ല. കാണുമ്പോഴൊക്കെ കുളിക്കാൻ പറയിപ്പിക്കുന്ന ആ വേഷവും രൂപവും അവളുടെ പരിചയാണെന്ന് തോന്നിപ്പോകുകയാണ്…
തീരത്ത് ഒത്തുകൂടി മദ്യപിക്കുന്ന മറ്റൊരു കൂട്ടം നോക്കി അമ്മു നടന്നു. ലഹരി… മനുഷ്യർക്ക് മനുഷ്യരിലേക്ക് പോകാനും, ഇറങ്ങാനുമുള്ള വഴി…സ്നേഹിക്കാനും, തമ്മിലടിക്കാനുമുള്ള രസം… കുളിച്ച് കയറിയപ്പോൾ ഉണ്ടായിരുന്ന വൃത്തിയെല്ലാം കളഞ്ഞ് അവൾ നടക്കുന്നത് ഉന്മാദത്തിന് വേണ്ടിയാണ്. പെണ്ണെന്ന ഉന്മാദം നാട്ടിലെ പുരുഷന്മാർക്ക് എത്രത്തോളമുണ്ടെന്ന് അവൾക്ക് അറിയാതിരിക്കുമോ…!
തന്നെ പരമാവധി മലിനപ്പെടുത്തി തന്റെ ലഹരി കണ്ടെത്തുകയെന്ന തലയിലാണ് അമ്മു ജീവിക്കുന്നത്. താൻ കാത്തുസൂക്ഷിക്കുന്ന മുഷിച്ചലൊന്നും കാര്യമാക്കാതെ ബലപ്പെടുത്തുന്നവരെ മാത്രമേ അവൾ ഭയക്കുന്നുള്ളൂ… ശരിയാണ്… ഇതേ ശീലവുമായി ദുർഗന്ധമില്ലാതെ നടന്നിരുന്നുവെങ്കിൽ അമ്മുവിന്റെ കഥ എപ്പോഴോ തീരുമായിരുന്നു….!!!

