രചന : എൻ.കെ.അജിത്ത് ആനാരി ✍️
ആഢ്യത്വമേറുന്നതാം സംസ്കൃത ഭാഷയ്ക്കൊപ്പം
ദ്രാവിഡമൊഴികളും ചേർന്നുള്ള മലയാളം
ഈ മലനാട്ടിൽ പണ്ട് മണിപ്രവാളങ്ങളായ്
വിളങ്ങീ മുക്തകങ്ങൾ നമുക്കായ് നല്കിക്കൊണ്ട്
മൂക്കോളംമുട്ടെത്തിന്ന് ആലസ്യമേറും ആഢ്യർ
ശ്ലോകങ്ങൾ തമ്മിത്തമ്മിൽ എറിഞ്ഞു കളിച്ചപ്പോൾ
അക്ഷരശ്ലോകസദസ്സ് പുഷ്കലമായിമാറി
മുഗ്ദ്ധമായ് മലയാളം ശാർദ്ദൂലവിക്രീഡത്താൽ
വൃത്തങ്ങൾ വൃത്തിയായി വൃത്തത്തിലിരുന്നവർ
എടുത്തു പയറ്റുമാകാലത്തിന്നിപ്പുറത്തായ്
പാമരഹൃദയത്തിന്നുള്ളിലും കുടിയേറി
ഗാഥകൾ, ശ്രീകൃഷ്ണൻ്റെ ചരിതം മഞ്ജരിയായ്
മഞ്ജരീമനോജ്ഞത നാവുകൾക്കേകിയപ്പോൾ
ഭക്തിയും യുക്തിഭദ്രചിന്തയും ചെറുശ്ശേരി
രാമൻ്റെ ചരിതത്തെ ആവാഹിച്ചെടുത്തൊരാൾ
മാമക മലയാളഭാഷയിൽ നിറച്ചല്ലോ!
രാജാവ് നഗ്നനെന്ന് ഓതിനാൻ കുഞ്ചൻനമ്പ്യാർ
വാഗ്ശരംതൊടുത്തു താൻ തുള്ളലിൻ പദങ്ങളാൽ
ആക്ഷേപഹാസ്യത്തിൻ്റെ ചാട്ടവാർ ചുഴറ്റവേ
പുളഞ്ഞൂ നെറികേടിൻ കൊത്തളം അക്കാലത്ത്
പിന്നെയും കാലംപോകെ സ്നേഹത്തിൻ ഭാഷയോതി
സാമാന്യ ജനതയെ ഉണർത്തീ ആശാനന്ന്
ഉജ്ജ്വല ശബ്ദാഢ്യനായ് ഉള്ളുരിൽ പ്രബോധനം
ഇച്ചെറു ഭാഷക്കേകി സ്വത്വവും ചെതമതും
വള്ളത്തോൾ വരച്ചതാം ഭക്തിയും വിഭക്തിയും
അത്രമേൽ മലയാള ഭഷയ്ക്കൊരാഭൂഷയായ്
സംസ്കൃത ഗരിമതൻ അഹത്തെ ശമിപ്പിച്ചീ
സുന്ദരമലയാളം വ്യക്തിത്വം വരിച്ചന്ന്!
ഭക്തിപ്രസ്ഥാനകാല ബാലചാപല്യങ്ങളെ
പിന്നെത്തും കവികളോ തൃണവൽഗണിക്കവേ
വിപ്ലവചെന്തീപ്പന്തം കൈകളിലെടുത്തവർ
മാനികളായി നാടിൻ സമരമുഖത്തെത്തീ
ജാതിക്കും മേല്ക്കോയ്മക്കും മുകളിൽ മനുഷ്യനെ
കണ്ടെടുത്തീടാൻ ഗുരു രചിച്ചൂ *ശതകത്തെ
“മാനിഷാദാ” യെന്ന മാനുഷ മൂല്യബോധം
നീതിയെന്നോതിത്തന്നൂ വയലാർ നമുക്കപ്പോൾ
ഇരുട്ടിൽ മറപറ്റിയൊളിച്ചു നടന്നതാം
“കുറത്തി “വെളിച്ചത്തായ് ഉറഞ്ഞൂ തുള്ളിയപ്പോൾ
നിങ്ങളെൻ കറുത്തതാം മക്കളെ ചുട്ടതല്ലേ,
അച്ചോദ്യം കേട്ടുഞെട്ടീ ആസേതു ഹിമാചലം !
“കടമ്മൻ ‘ കടമയെ ഭംഗിയായ് കുറിച്ചപ്പോൾ
വിട്ടയയ്ക്കെന്നെയെന്നു ചൊന്നെല്ലോ ബാലാമണി
അടുപ്പിൻ ചുവട്ടിൽ നിന്നരങ്ങത്തേക്കു നീങ്ങി
സ്ത്രീത്വങ്ങൾ കാലത്തോട് കലഹം പ്രഖ്യാപിച്ചു !
പിന്നെത്ര സരണികൾ, ശൈലികൾ വ്യത്യസ്തമായ്
എത്തിനാം വൃത്തംവിട്ട് അത്യന്താധുനികരായ്
അപ്പോഴും മലയാളം പുഷ്പിത ലാവണ്യത്താൽ
ഹൃത്തകം കവരുന്നൂ മേല്ക്കുമേൽ ധന്യയായി!
നിസ്തുല കൃതികളെ മുന്നമേ തന്നുപോയ
നിസ്തുല കവികളെയോർക്കവേ നമ്രനായി
അച്ചെറു ഭാഷയ്ക്കുള്ളിൽ ചെന്നുചേർന്നൊഴുകുവാൻ
ഇച്ചെറു നിരക്ഷരൻ പ്രയത്നം ചെയ്തീടുന്നു!
സൗരഭ്യം ചുരത്തുന്ന കാവ്യകൈരളിക്കുള്ളിൽ
വൈരുദ്ധ്യഭാവമുള്ള പൂക്കളെത്തേടിത്തേടി
കണ്ണുകൾ കഴയ്ക്കാതെ വർദ്ധിച്ചോരുത്സാഹത്താൽ
വന്ദിപ്പൂ കൈരളിയെ അമ്മയെപ്പോലെയെന്നും!
……
