രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
നഗ്നപാദനാ,യുന്മേഷ പ്രകൃതിയാൽ
നവരമ്യ പുലരിപോലുണരുമുത്സാഹിയായ്
നാടിൻ പ്രസന്നാർദ്രരൂപനാം ഗാന്ധിജി
നടന്നുണർത്തിയ,ന്നുദയാർദ്ര ചിന്തകൾ
നക്ഷത്രലോകത്തുയർന്നതാം പാർവ്വണ-
നന്മപോലുളളിൽത്തിളങ്ങുന്ന വെണ്മയാൽ
നവരത്നമെന്നപോൽ ശോഭിച്ച ഹൃത്തിനാൽ
നവ്യ സ്വപ്നോദയമേകി മഹാരഥൻ.
നാളെയാകട്ടെയെന്നല്ല;യിന്നുണരുവാൻ
നന്മാർദ്രമായിപ്പറഞ്ഞയാ, ഗുരുവരൻ
നഗരീയസ്വപ്നമ,ല്ലുദയഗ്രാമങ്ങൾതൻ
നക്ഷത്രവീഥിയൊരുക്കി ഹൃദയങ്ങളിൽ.
നിശ്ചയദാർഢ്യം സ്ഫുരിച്ച നയനങ്ങളാൽ
നിർണ്ണയമൊന്നായുണർന്നു യുവഹൃത്തടം
നിറകതിർപോലെത്ര രമ്യമായ് ഗ്രാമ്യകം;
നിറവിൻപുലരിപോലാർദ്രമായ് ജീവിതം.
നാടിൻവിമോചനമെന്ന യാഥാർത്ഥ്യവും
നടുനായകത്വംവഹിച്ചതാം സിദ്ധിയും
നാനാവിധത്തിൽപ്പകർത്തുന്നു പാരിടം
നന്മോദയത്താൽത്തിളങ്ങുന്നു ഭാരതം.
നടമാടിടുന്നില്ലെയോരോ മനസ്സിലും
നന്ദിയോ,ടാ സുദിന സ്വാതന്ത്ര്യ മഹിമകൾ
നെഞ്ചുറപ്പാൽപ്പകർന്നേകിയ നന്മകൾ
നക്രബാഷ്പം പൊഴിക്കാത്തതാം കരളുകൾ.
നവനവോന്മേഷം പകരുന്ന ചിന്തയാൽ
നിത്യപ്രഭാനന്ദമേകുന്നു ചില നരർ;
നരകതുല്യത്തിന്നിരുളുപോൽക്കരളുകൾ
നീക്കരുത് ലോകമേ,യിനിയുള്ള പുലരികൾ.
നടുമുറ്റമെന്നപോൽ സംരക്ഷണത്തിനായ്
നിർണ്ണയമേകട്ടെ,നി,ന്നിറ്റു വൈഭവം
നീർക്കുമിളപോലുള്ളിലേകരുത് കനവുകൾ
നീരുറവപോലെയേകീടട്ടെ നന്മകൾ.
നിർണ്ണയമോർമ്മപ്പെടുത്തുന്നു ഗാന്ധിതൻ
നൈർമ്മല്യ സ്നേഹോദയത്തിൻ പുലരികൾ;
നിന്നിലൂടുണരട്ടെയിനിയുമാ,ക്കടമകൾ
നിഴലുപോലേകാതിരിക്കട്ടെ കനവുകൾ.

