അടുത്തിടെ കേരളത്തിൽ വന്ന വാർത്തയാണ് ഈ അത്യന്തം വിഷമകരമായ ഈ ഒരു പോസ്റ്റിനാധാരം… ഒരു പത്തൊൻപതു വയസ്സുകാരി താൻ പ്രസവിച്ച കുഞ്ഞിനെ നേരെ ജനൽപാളിയിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞു. മറ്റേക്കുട്ടിയുടെ അമ്മയാവട്ടെ ആ ഇത്തിരിപ്പോന്ന ശിശുവിനെ അതിക്രൂരമായി പീഡിപ്പിച്ചു എന്ന വാർത്ത!
ഒന്നും പറയാനില്ല…. ഒന്നും!

ഈശ്വരന്റെ മഹത്തായ സൃഷ്ടിയിൽ ഈ മനുഷ്യനു മാത്രമാണ് കർതൃത്വം ഉള്ളത്. തികച്ചും സ്വാഭാവികമായി നടക്കുന്ന മാതൃത്വത്തിന്റെ രൂപത്തിലുള്ള ഈ ഈശ്വരത്വത്തിൽപോലും മനുഷ്യൻ ഒരു കർതൃത്വം വച്ചു. അതായത്, അങ്ങനെയുള്ള മാതൃത്വംപോലും താനെന്തോ ഒരു മഹാകാര്യം മറ്റൊരാൾക്കായി ചെയ്യുന്നു, എന്റെ വിലപ്പെട്ട സമയവും ഊർജ്ജവും അതിനായി ചെലവഴിക്കുന്നു എന്ന തികച്ചും മ്ലേച്ഛമായ ഭാവമാണ് ഈ ആസുരീക മാതൃത്വം. താനിങ്ങനെയൊക്കെ ത്യാഗം സഹിക്കുമ്പോൾ അതുകൊണ്ട് എനിയ്ക്കെന്തു പ്രയോജനം… എനിയ്ക്കെന്തെങ്കിലുംതരത്തിലുള്ള പ്രയോജനമില്ലെന്നാൽ ഞാനെന്തിന് ഈ ഒരു ജീവനുവേണ്ടി ഇങ്ങനെ കഷ്ടനഷ്ടങ്ങൾ സഹിക്കണം???

മാതൃത്വം അഥവാ പിതൃത്വം എന്നുപറയുന്നത് അത്രയും കാലം ആ അമ്മയുടെ ഗർഭത്തിൽ സകല സുരക്ഷയോടുംകൂടെ ആ ഒരു ജീവനെ പരിപാലിച്ച ആ സർവ്വേശ്രരൻ, ആ കുഞ്ഞ് ഗർഭത്തിൽനിന്നും പുറത്തുവന്നശേഷം അതിന് സ്വന്തം കാലിൽനിൽക്കാനാവുംവരെ ആ ശിശുവിനെ സംരക്ഷിക്കാനും ആവശ്യമുള്ളതൊക്കെ നൽകി പരിരക്ഷിക്കാനും ആ സ്ത്രീയിൽ മാതൃത്വമായും ആ പുരുഷനിൽ പിതൃത്വമായും ആവിർഭവിക്കുന്നതാണ്. അതുവരെ സ്വന്തം ജീവിതത്തിൽ തികച്ചും സ്വാർത്ഥമതിയും തന്നിഷ്ടക്കാരിയുമായുമായ ജീവിച്ച ആ സ്ത്രീയിൽ പൊടുന്നനെ ആ കുഞ്ഞിന്റെ നേർക്ക് അപാരമായ കാരുണ്യവും ശ്രദ്ധയും നൽകി സ്വന്തം ഉറക്കംകളഞ്ഞുപോലും പരിപാലിക്കുന്നു. അതേപോലെതന്നെ ആ പുരുഷന്റെ കാര്യവും; ഇതുവരെ സ്വന്തം ജീവിതത്തിൽ ഒരു കുഞ്ഞിനെയും ലാളിച്ചിട്ടില്ലാത്ത ആ മനുഷ്യൻ പെട്ടെന്നിതാ ആ ഒരു കുഞ്ഞിനെ തന്നെത്തന്നെ കൊടുത്തുകൊണ്ട് അതിനുവേണ്ടുന്ന എല്ലാംചെയ്യുന്നു. (ഇതുതന്നെ സകല പ്രാണികളിലും കാണാവുന്നതുമാണ്; അവരുടെ കുഞ്ഞ് വളർന്ന് സ്വന്തമായി തീറ്റതേടാൻ പര്യാപ്തമാകുംവരെ അതീവ ശ്രദ്ധയോടുകൂടെ അവരുടെ കുഞ്ഞിനെ അതീവ ശ്രദ്ധയോടെയും വാത്സല്യത്തോടെയും പരിപാലിക്കുന്നു).

എല്ലാം തന്റെ കൈപ്പിടിയിലാക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യനിൽമാത്രം ഈശ്വരീയമായ ഒരു കാര്യത്തിൽ വലിയ ചോർച്ചയുണ്ടായിരിക്കുന്നു. ആ മഹാപാപി സ്വന്തം മാതൃത്വത്തിൽപോലും കർതൃത്വം വച്ചുപുലർത്തിയിരിക്കുന്നു, ഇതിൽനിന്നും തനിയ്ക്കെന്തു കിട്ടും എന്നു ചിന്തിക്കുന്നു, കിട്ടിയില്ലെന്നാൽ താൻ മുമ്പുചെയ്ത കാര്യങ്ങളെപ്രതി പരാതിയുടെ ഭാണ്ഡക്കെട്ടഴിക്കുന്നു.
സ്നേഹം, കാരുണ്യം, വാത്സല്യം… ഇതെല്ലാംതന്നെ ഈശ്വരത്വമാണ്, തന്റെ ഗുണമോ പ്രയത്നമോ അല്ല എന്ന തിരിച്ചറിവ് നഷ്ടമായ ആധുനിക മനുഷ്യനാണ് ഈ തലമുറയുടെ ശാപം. സ്നേഹം ചോദിച്ചുവാങ്ങാനും സ്നേഹം വെട്ടിപ്പിടിക്കാനും ഔത്സുക്യം കാണിക്കുന്ന മനുഷ്യൻ ആ സ്നേഹവും കാരുണ്യവുമൊക്കെ തിരിച്ചുകൊടുക്കുന്നതിൽ വലിയ പിശുക്കാണ് കാണിക്കുന്നത്.
അജ്ഞാനത്തിന്റെ കൂരിരുട്ടിൽ വസിക്കുന്ന മനുഷ്യനിൽനിന്നും ഈശ്വരത്വം പാടെ വിട്ടുപോയിരിക്കുന്നു, ആസുരീയത അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്.
ഈ കർത്യത്വം ഭോക്തൃത്വം എത്ര പ്രബലമോ അവിടെ സ്വാർത്ഥത അതിപ്രബലമായിരിക്കും. എവിടെ നിസ്വാർത്ഥ സ്നേഹം നഷ്ടമായിരിക്കുന്നുവോ അവിടെ ആസുരീകത പിടിമുറുക്കിയിരിക്കുന്നു എന്നറിയുക.

സാക്ഷാൽ ഈശ്വരനുപോലും ഈ ഹിന്ദുസമൂഹത്തെ രക്ഷിക്കാൻ സാധ്യമല്ല. അത്രകണ്ടുണ്ട് മ്രമത്തിനുപുറകെയുള്ള ഓട്ടം, അത്ര കണ്ടുണ്ട് മുഴുത്ത അജ്ഞാനം, അത്രയ്ക്കുണ്ട് ആസുരീയത്തിലേക്കുള്ള പതനം!
നമ്മുടെ അമ്പലങ്ങളിലൊക്കെ മണ്ണുവാരിയിട്ടാൽ താഴെ വീഴാത്തത്ര തിക്കും തിരക്കുമാണ്, നാടുമുഴുവൻ തീർത്ഥാടകപ്രവാഹം, ഭഗവദ് ഗീത പഠിച്ചിട്ടുണ്ട്, നാരായണീയം പാരായണം ചെയ്യുന്നുണ്ട്, ഭാഗവത സപ്താഹ വേദികളിലും ഭക്തരെ തടഞ്ഞിട്ട് നടക്കാൻവയ്യ…
എന്നിട്ടും… എന്തുപറ്റി ഈ സമൂഹത്തിന്???
എല്ലാം ഉണ്ട്; എന്നാൽ മുഴുത്ത അജ്ഞാനത്തിലാണ് സകലതും അരങ്ങേറുന്നത്.
ഭ്രമം… ആസൂയ… കാമം… ക്രോധം… ലോഭം… മദം… മാത്സര്യം… എല്ലാം വെട്ടിപ്പിടിക്കാനുള്ള നേട്ടോട്ടം!
തിരിച്ചറിവ്… അതുമാത്രം ഇല്ലാതായിപ്പോയി!
ഉണ്ടാവേണ്ടത് ശുദ്ധ ഭക്തിയാണ്, ഉണ്ടാവേണ്ടത് നിസ്വാർത്ഥ സ്നേഹമാണ്, അവസാനിക്കേണ്ടത് എല്ലാം വെട്ടിപ്പിടിക്കാനുള്ള ഈ നെട്ടോട്ടമാണ്.
അറിവ് വേണം… ഈശ്വരീയമായ അറിവ്. അറിവ് വേണം എന്താണ് നിസ്വാർത്ഥസ്നേഹം എന്നത്, അറിവ് വേണം എന്താണ് കാരുണ്യം എന്നത്, അറിവ് വേണം കൊടുക്കാനുള്ള അറിവ്, അറിവ് വേണം പരമപ്രേമം എന്ന അറിവ്.

നാശത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന ഈ സമൂഹത്തിൽ ഇത് ഏറ്റവും അവശ്യം വേണ്ടിയിരിക്കുന്നു.
ഈ സമൂഹത്തിന് ശാന്തി അവശ്യം വേണ്ടിയിരിക്കുന്നു.
മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന ഈ മനുഷ്യമൃഗത്തെ ഈ കൊടിയ അപരാധത്തിൽനിന്നും പടികയറാൻ എന്തെങ്കിലുമൊക്കെ ഉടനടി ചെയ്യൂ ജഗദീശ്വരാ… ഈ മൃഗമനുഷ്യനെ മുച്ചൂടും നശിപ്പിച്ച് മറ്റു പ്രാണികളെയെങ്കിലും ഒന്നു സംരക്ഷിക്കൂ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *