ഒരാവശ്യത്തിന് ഗുരുവായൂർ പോയി മടക്കം സ്റ്റാൻഡിൽ ബസ്സ്‌ കാത്തു നിൽക്കുകയായിരുന്നു. ഞാൻ..
തൊട്ടപ്പുറത്തു തലയിൽ മുല്ലപ്പൂ ചൂടി നിറം മങ്ങിയ സാരിയും നെറ്റിയിൽ വലിയൊരു ചുവന്ന വട്ട പൊട്ടും, ഉയർന്ന അഴകാർന്ന നാസികയിൽ ഭംഗിയുള്ള കല്ലുകൾ പാകിയ ഒരു ചെറു വളയവും ധരിച്ചു നിന്നിരുന്ന ഒരു അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയിൽ എന്റെ കണ്ണുകൾ ഉടക്കി…
അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു…….
വളരെ നിറം മങ്ങിയ ചിരി……
ഞാൻ അവർക്കരികിലേക്ക് നടന്നു…..
പേരെന്താണ് എന്ന് ചോദിച്ചപ്പോൾ…
”എനിക്ക് സ്വന്തമായി പേരില്ല സാറേ
പലരും പലപേര് വിളിക്കുന്നു”
ആ കണ്ണുകൾ സജലമായോ.. 😞
അവർകടന്നുവന്ന കനൽവഴികൾ എനിക്ക് മുന്നിൽ തല താഴ്ത്തി വളരെ പതുക്കെ അവർ വിവരിക്കാൻ തുടങ്ങി….
ചിരിയുടെ അംശം ഒട്ടുമില്ലാത്ത നേർകാഴ്ച…!

“പിഴച്ചവൾ എന്ന പദവിയിലേക്ക് പെണ്ണിനെമാത്രം തള്ളിയിടുന്ന സമൂഹം തന്നെയാണ് വേശ്യ എന്ന പദവും അവൾക്കു ചാർത്തി കൊടുത്തത്…
ബാല്യം പിച്ചിച്ചീന്തിയത് വളർത്തച്ഛനെങ്കിൽ ബന്ധുത്വം ചമഞ്ഞെത്തിയവർ കൗമാരത്തെയും വികലമാക്കി…
സ്നേഹമെന്ന വാക്കിനാൽ പൊതിഞ്ഞ വഞ്ചകന്റെ കൂടെ വീട് വിട്ടിറങ്ങിയ കഥ….
കെട്ടിയിട്ടു ഭാര്യയെ ഭോഗിക്കുന്നതിൽ സംതൃപ്തി അടയുന്ന പിമ്പായ ഭർത്താവ്….
അന്നത്തിനും ആശ്രയത്തിനും പ്രതിഫലം ഭോഗമായപ്പോൾ മരിക്കുവാൻ സജ്ജമായപ്പോഴും നിയോഗമെന്തോ ബാക്കിപോൽ മരണവും ക്രൂരമാം കാലത്തിലേക്കു വീണ്ടും അവളെ വലിച്ചെറിഞ്ഞു….

യൗവ്വനത്തെ ആയുധമാക്കി ജോലി തേടി തെരുവുകളിൽ അലഞ്ഞു…
ആരും ജോലി കൊടുത്തില്ല.. വിശപ്പിന്റെ ഞെരുക്കം ഒടുവിൽ അവളെ ഈ ജോലിയിൽ തന്നെ എത്തിച്ചു…
തെരുവിന്റെ മകളായി….
അതിനിടയിൽ ഒരിക്കൽ പ്രസവിച്ചു ..
കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അവൾക്കും അറിയില്ലായിരുന്നു…
അതിനെ അവൾ മക്കളില്ലാത്ത ഒരാൾക്ക് വളർത്താൻ കൊടുത്തു…”പിന്നെ ഞാൻ അത്‌ എവിടെയാണെന്ന് പോലും തിരക്കിയിട്ടും ഇല്ല സാറേ..
ഞാൻ ചെയ്ത ഏക പുണ്യപ്രവർത്തി അതായിരുന്നു സാറേ” അവരുടെ വാക്കുകൾ ഇടറിയോ.. 😞
”നിങ്ങളെ ആരെങ്കിലും ഈ ജീവിതത്തിൽ ആത്മാർഥതയോടെ സ്നേഹിച്ചു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ”..?

എന്റെ ചോദ്യത്തിന് അവരുടെ മറുപടിയിൽ ശബ്ദം അല്പം ഉയർന്നിരുന്നു..
ഒരട്ടഹാസം പോലെ..
”ആണിന്റെ സ്നേഹമോ, അതിന് നിമിഷങ്ങളുടെ ആയുസ്സല്ലേ സാറേ..
അല്ലെങ്കിലും സ്നേഹിച്ചു എന്നത് നമുക്കുണ്ടാവുന്ന തോന്നലുകൾ മാത്രമല്ലേ.”
പിന്നെ അവർ പറഞ്ഞതൊക്കെ കേട്ടു എന്റെ തല കറങ്ങി
ചർദ്ധിക്കാൻ വരുന്നപോലെ പോലെ…
സ്വന്തം ഭാര്യയുടെ അടുത്തു കുഞ്ഞാടായ പലരുടെയും ലൈംഗിക പിരിമുറുക്കങ്ങൾ, മനസ്സിൽ കെട്ടി നിറച്ചിരിക്കുന്ന അഴുക്കുകൾ ഒക്കെ ഒഴുക്കുന്ന, കാശ് കൊടുത്തു വാങ്ങുന്ന ശരീരത്തിൽ, നടത്തുന്ന പേ കൂത്തുകൾ, സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകൾ, കടിച്ചു പറിച്ച ക്രൂരതയുടെ ആഴത്തിലുള്ള മുറിവുകൾ, സ്വന്തം കഴിവില്ലായ്മയുടെ അപകർഷതാ ബോധം ശിരസ്സ് കുനിക്കപ്പെടാതെ കാശ് തന്നിട്ടാണ് എന്ന അഹങ്കാരത്താൽ ചെയ്ത് കൂട്ടുന്ന ഇടം…
”ബംഗാളികൾ നമ്മുടെ നാട്ടിലെ മാന്യന്മാരേക്കാൾ മെച്ചമാണ് സാറേ, അവർ പറഞ്ഞു പറ്റിക്കില്ല”
കയറികിടക്കാൻ അവർക്ക് വീട് പോലും ഇല്ല..

പ്രായമായ അവരുടെ ശരീരത്തിൽ നോക്കി ചില വാക്കുകൾ പറഞ്ഞവർ നെടുവീർപ്പിട്ടു…
ഞാൻ ബാഗിൽ നിന്നും കുറച്ചു പൈസ എടുത്ത് ചുരുട്ടി അവരുടെ കൈകളിലേക്ക് വെക്കാൻ നോക്കി….അവർ ”വേണ്ട സാറേ ആ നല്ല കൈകൾ എന്റെ കൈകളിൽ തൊട്ട് അശുദ്ധമാവേണ്ട അവിടെ വെച്ചോളൂ ഞാൻ എടുത്തോളാം” എന്ന് നിറഞ്ഞ കണ്ണുകളോടെ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, അവർ മാറി നിന്നു….. 😞
അങ്ങനെയുള്ള എത്രയോ സ്ത്രീകളിൽ ഒരുവളാണവരും..!
അർദ്ധരാത്രി നഗരങ്ങളിൽ പേടികൂടാതെ അലയുന്നവർ…അവരുടെ പാദങ്ങൾ നഗ്നമാണ്, അവയിൽ കാരമുള്ളുകൾ തറച്ചു രക്തം ഒഴുകുന്നുണ്ട് ….അവ പതിഞ്ഞ മണ്ണു പൊള്ളുകയാണ്.. ആ ചൂട് സഹിക്കാൻ നമുക്കാർക്കും ശേഷി ഉണ്ടാവില്ല..!
പകൽ വെളിച്ചത്തിൽ ചിലർ അവരെ നോക്കി കാർക്കിച്ചു തുപ്പി കടന്നു പോകുന്നു.
അവർക്കതു പുത്തരിയല്ല..!

ജീവിതത്തിന്റെ പച്ചയായ സത്യത്തിനു മുന്നിൽ നിൽക്കുന്നവരാണവർ…!!
അവർക്കാരോടും സ്നേഹമില്ല…
വെറുപ്പും ഇല്ല…
ഒരു നേരത്തെ ഭക്ഷണത്തിനോടല്ലാതെ ഒന്നിനോടും കടപ്പാടുമില്ല…
നാളെ പുഴുവരിച്ചു കിടക്കുമ്പോൾ ആരോ എടുത്ത് മറവു ചെയ്യുമെന്നും അവർക്കറിയാം…. 😞

❤️🌿………….. ❤️🌿
സമയം സന്ധ്യയോടക്കുന്നു…പല ബസ്സുകൾ കടന്നു പോയിരിക്കുന്നു…
ഞാൻ വേഗം അത്‌ വഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു….
ഇരുട്ട് പരക്കുമ്പോഴേക്കും എനിക്ക് വീടെത്തണം…
എന്റെ കുട്ടികൾ എന്നെ കാത്തിരിക്കുന്നു…
പ്രത്യാശയോടെ നോക്കിക്കാണാൻ എനിക്കിനിയും യാത്രകൾ ബാക്കിയാണ്….
മഞ്ഞു കാലത്തെ കോച്ചുന്ന തണുപ്പിനും , ആർത്തു പെയ്യുന്ന മഴയിലെ കുളിരിനും , സൂര്യന്റെ പൊള്ളുന്ന ചൂടിനും എന്നെ സംരക്ഷിക്കാൻ എനിക്ക് വീടുണ്ടല്ലോ…
എന്നെ സ്നേഹത്തോടെ കാത്തിരിക്കാൻ വീട്ടുകാരും…!
യാത്രയിൽ ഞാൻ സമാധാനിക്കുയായിരുന്നോ…. അറിയില്ലെനിക്ക്…!
ഞാൻ അറിയുന്ന എന്റെ കുടുംബത്തിലെ പുരുഷന്മാർ, എന്റെ സുഹൃത്തുക്കളായ പുരുഷന്മാർ അവരൊക്കെ നല്ലവരാണ്… അവരൊന്നും അവർ പറഞ്ഞ കൂട്ടത്തിൽ പെടുന്നവരല്ല…. 😞

By ivayana

Leave a Reply

Your email address will not be published. Required fields are marked *