മൈലാഞ്ചികൾ കാടുപോലെ വളർന്ന് പൂവിട്ടിരിക്കുന്നു. മഴയ്ക്കു മുൻപ് നിവർന്നു നിൽക്കുമെങ്കിലും ആകാശക്കണ്ണീരിൽ അവ തല കുനിയ്ക്കും. ശിരസ്സിൽ മൊട്ടു വിരിയുന്ന കമ്മ്യൂണിസ്റ്റ് പച്ചയും ആളുയരത്തിലുള്ള കാലി പുല്ലും വളർന്ന് പള്ളിക്കാട്ടിലേക്ക് കടക്കാൻ വയ്യാതായിരിക്കുന്നു.

ജീർണ്ണതയിൽ നിന്നും പള്ളിയെ രക്ഷപ്പെടുത്തിയെങ്കിലും, ചുറ്റുപാടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനാവുന്നില്ല എന്നത്, പരിസരം വെളിവാക്കുന്നു..
വേനലിൻ്റെ അവസാനത്തിൽ എങ്ങുനിന്നോ പാഞ്ഞുവന്ന് എങ്ങോട്ടോ മണ്ടി പായുന്ന കാർമേഘശകലങ്ങൾ അത്യുഷ്ണത്തെ അകറ്റുമെന്ന പ്രതീക്ഷയാണെങ്കിലും, ചിലപ്പോൾ ഓർക്കാപ്പുറത്ത് മിന്നലും ഇടിയുമായി സൂചന മാത്രമായി മാറുന്നു.

റോഡിന് എതിർവശത്തെ ഇരുനില കെട്ടിടത്തിനു മുന്നിൽ പതിവില്ലാത്ത വിധം ഇന്നലെ ചില വാഹനങ്ങൾ വരികയും പോവുകയും ചെയ്തിരുന്നു. അവയിൽ ഒന്ന് ആംബുലൻസായിരുന്നു.
കൂട്ടുകുടുംബങ്ങൾ ദരിദ്രവാസികളായതുകൊണ്ട് അവരുടെ പരാധീനതകൾ നേരിട്ടു കാണുന്നതിൽ നിന്നുള്ള രക്ഷപ്പെടലിൻ്റെ ഭാഗമായാണ് വളരെ ദൂരെ സ്ഥലം വാങ്ങി അയാൾ വീടുവെച്ചത്. അയാളും ഭാര്യയും വളരെ സ്വകാര്യത ആവശ്യപ്പെടുന്നവരായതുകൊണ്ട് അയൽവാസികളുമായി ഒരു തരത്തിലുള്ള സൗഹൃദത്തിനും അവർക്ക് താൽപ്പര്യവും ഇല്ലായിരുന്നു.

വീടുപണിയുടെ ഘട്ടത്തിൽ രണ്ടോ മൂന്നോ തവണ അയാളും ഭാര്യയും അവിടം സന്ദർശിച്ചിരുന്നു എന്നതല്ലാതെ കെട്ടിടം പൂർത്തിയാകുന്നതുവരെ വളരെ കരുതലോടെയാണ് കരാറുകാർ അവിടെ ജോലി ചെയ്തിരുന്നത്.
കാടുപിടിച്ചു കിടന്നിരുന്ന ആ സ്ഥലത്ത് മായാജാലം പോലെയാണ് കെട്ടിടം ഉയർന്നതും മനോഹരമായ പൂന്തോട്ടം ഒരുങ്ങിയതും.
പിന്നീടൊരു ദിവസം വീടും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങളാൽ കുളിച്ചു നിൽക്കുകയും വില കൂടിയ വാഹനങ്ങളിൽ, കീഴ്പോട്ടു നോക്കാത്ത ആണും പെണ്ണും
വരികയും പോകുകയും ചെയ്യുന്നതു കണ്ടു.
ആരോ പുതിയ ആളുകൾ ആ വീട്ടിൽ താമസമാക്കി എന്ന ഊഹത്തിനപ്പുറം കൂടുതൽ വിവരാന്വേഷണങ്ങൾക്കു നാട്ടുകാർ ആരും തുനിഞ്ഞില്ല.

ഇന്നു സുബ്ഹി നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ
ആയുധങ്ങളുമായി പള്ളിപ്പറമ്പിൽ ഖബർ കിളയ്ക്കുന്നവരെ കണ്ടു.
ആർക്കുവേണ്ടിയായിരിക്കാം? കമ്മിറ്റി സെക്രട്ടറിയോട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്.. അത് ആ പുതിയ വീട്ടിലെ താമസക്കാരനു വേണ്ടിയാണെന്ന്.
തികച്ചും അവിശ്വസനീയമായ ഒരു വിവരമായിരുന്നു കേട്ടത്.
“തിരിച്ചു പോകാൻ സമയമായപ്പോൾ.. കാരണമായി ഒരു നെഞ്ചുവേദന..! “
‘ഇന്നാ ലില്ലാഹി … ജീവൻ നൽന്നതും തിരിച്ചെടുക്കുന്നതും നീയല്ലോ..?’
തിരിച്ചു നടക്കുമ്പോൾ.., രണ്ടു മൈലാഞ്ചിച്ചെടികളുടെ അടിയിലേക്കുള്ള യാത്രയാണ് ജീവിതം എന്നോർത്തു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *