രചന : നൗഷാദ് അറക്കൽ ✍️
പ്രിയ വായനക്കാരെ…,
വായനയിലൂടെ പുതിയ അറിവുകൾ നേടാനായി എഴുത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചതാണ്. എന്നാൽ, “വായിച്ചറിയുന്നതിനൊപ്പം തന്നെ തൂലിക ചലിപ്പിക്കുമ്പോഴാണ് എഴുത്തിന് പൂർണ്ണതയുണ്ടാകുന്നത്” എന്ന സുഹൃത്തുക്കളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് മുന്നിൽ ഞാൻ വീണ്ടും ഈ തൂലിക ചലിപ്പിക്കുന്നു…
അതൊരു കൊച്ചു ഗ്രാമമായിരുന്നു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത, മനുഷ്യൻ മനുഷ്യനെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന നന്മയുടെ ഒരു പച്ചത്തുരുത്ത്!
അമ്പലത്തിലെ ഉത്സവത്തിന് കിട്ടുന്ന മധുരമൂറുന്ന നെയ്പായസവും, മുസ്ലിം പള്ളികളിലെ നേർച്ചച്ചോറും, ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാൾ ഊട്ടുമെല്ലാം ജാതിഭേദമന്യേ എല്ലാവരും ഒന്നിച്ച് ഒരേ പന്തിയിലിരുന്ന് കഴിച്ചിരുന്ന അത്രമേൽ മതസൗഹൃദമുള്ള നാട്.
ദാരിദ്ര്യം പലപ്പോഴും അവരുടെ ഉമ്മറപ്പടികളിൽ വന്ന് പട്ടിണിയുടെ വിത്തുപാകിയിട്ടുണ്ടാകാം. എങ്കിലും സ്വന്തം അന്തസ്സും അഭിമാനവും പണയം വെക്കാൻ ആ നാട് ഒരിക്കലും തയ്യാറായിരുന്നില്ല.
തങ്ങളെ വിളിച്ച് ഒരു പണി തരണമെങ്കിൽ, ജീവിക്കാൻ ഒരു തൊഴിൽ നൽകണമെങ്കിൽ വീട്ടിലെ പെണ്ണുങ്ങളെ കാഴ്ചവെക്കണമെന്ന മേലാധികാരികളുടെയും പ്രമാണികളുടെയും ക്രൂരമായ നിർദ്ദേശത്തിന് മുന്നിൽ, ചോര തുടിക്കുന്ന നെഞ്ചും വിരിച്ച് അവർ വിളിച്ചുപറഞ്ഞു:
“പട്ടിണി കിടന്ന് മരിച്ചാലും ശരി, ഞങ്ങളുടെ അഭിമാനം വിറ്റ് ഞങ്ങൾ ജീവിക്കില്ല!” അതെ, ആ ഒരൊറ്റ മനസ്സായിരുന്നു ആ ഗ്രാമത്തിന്റെ കരുത്ത്.
പുതുതായി ആരെങ്കിലും അവിടെ താമസിക്കാൻ വന്നാൽ, അവരുടെ അടിവേരുകൾ തിരയുന്നത് ജാതി നോക്കാനായിരുന്നില്ല; മറിച്ച്, മനുഷ്യനെ മനുഷ്യനായി കാണുന്നവരാണോ എന്ന് തിരിച്ചറിയാനായിരുന്നു.
അങ്ങനെയാണെന്ന് ബോധ്യപ്പെട്ടാൽ അവർക്ക് തലചായ്ക്കാൻ ഒരിടം ആ ഗ്രാമം നൽകും. സ്വന്തം വീട്ടിൽ ഭക്ഷണമില്ലാത്ത നാളുകളിൽ അയൽവീട്ടിൽ നിന്നും കൊണ്ടുവരുന്നതും, ഇവിടുന്ന് അങ്ങോട്ട് കൊടുക്കുന്നതുമായ വലിയൊരു സഹകരണത്തോടെയായിരുന്നു ആ ഗ്രാമം കഴിഞ്ഞിരുന്നതു.
അങ്ങനെയൊരു നാളിലാണ് അലി എന്ന യുവാവ് പ്രവാസത്തിന്റെ മണ്ണിലേക്ക്, അറബ് നാട്ടിലേക്ക് യാത്രയാകുന്നത്. ഇന്നത്തെപ്പോലെ വിമാന സർവീസുകളൊന്നുമില്ലാത്ത അക്കാലത്ത്, കടലിന്റെ വന്യതയോട് പൊരുതി ലാഞ്ച് കയറിയാണ് അലി ആ മണലാരണ്യത്തിൽ എത്തിയത്.
അവിടെ കഠിനാധ്വാനം ചെയ്ത് പച്ചപിടിച്ച അലി, പിന്നീട് തന്റെ നാട്ടിലുള്ള മുഴുവൻ ആളുകളെയും ആ അറിവിന്റെ നാട്ടിലേക്ക്, താൻ ജോലി ചെയ്യുന്ന ആ അറബ് നാട്ടിലേക്ക് ഓരോരുത്തരായി എത്തിച്ചു
.
എല്ലാവരും പ്രവാസികളായതോടെ ആ കൊച്ചുഗ്രാമത്തിന്റെ സാമ്പത്തികാവസ്ഥ മാറിമറിഞ്ഞു. ഒടുവിൽ ആ ഗ്രാമം വലിയൊരു പട്ടണമായി മാറി.
അവിടുത്തെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ അവർക്കായി. അതിനിടയിൽ അലി ഹജ്ജിനു പോയി തിരിച്ചെത്തി. നാട്ടുകാർക്കെല്ലാം വലിയ കാര്യമായിരുന്നു അദ്ദേഹം, അങ്ങനെ ‘അലി ഹാജി’ എന്ന് അറിയപ്പെട്ടു.
ആ പട്ടണത്തിൽ തലയുയർത്തി നിന്ന ഇരുനില വീട് ഹാജിയാരുടേതായിരുന്നു.
നന്മയുടെ ആ നാളുകളിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ ദുരന്തം വന്നെത്തിയത്.
ഒരു മഹാമാരിയും പ്രളയവും വന്ന് എല്ലാ വീടുകളെയും എല്ലാവരെയും കവർന്നെടുത്തു. ആ സമയത്ത് ഹാജിയാരും ഭാര്യയും താഴത്തെ റൂമിലായിരുന്നു. കുത്തിയൊലിച്ചുവന്ന ആ ഒഴുക്കുവെള്ളത്തിൽ പെട്ട് അവർ രണ്ടുപേരും ഒലിച്ചുപോയി.
മുകളിലെ റൂമിലായിരുന്നതുകൊണ്ട് മാത്രമാണ് ഹാജിയാരുടെ മക്കളായ നിഷാദും ഷെമീറയും അന്ന് രക്ഷപ്പെട്ടത്.
പക്ഷേ, ആ ദുരന്തത്തിൽ നിഷാദിന്റെ ശരീരം മൊത്തം ബലഹീനത ബാധിച്ചിരുന്നു.
വർഷങ്ങൾക്ക് ശേഷം അവിടെ ഒരു യുവാവ് എത്തിപ്പെട്ടു. വഴിയിൽ കണ്ടുമുട്ടിയ ഒരാളോട് അവൻ ചോദിച്ചു: “ഇവിടെ ഉണ്ടായിരുന്ന ആളുകളെയൊക്കെ എവിടെ എന്ന് അറിയുമോ?”
വഴിപോക്കൻ പറഞ്ഞു: “എനിക്കറിയില്ല, ഞങ്ങൾ പുതുതായി താമസിക്കാൻ വന്നവരാണ് ഇവിടെ. അപ്പൻ പറഞ്ഞ ഓർമ്മയുണ്ട്, ഇവിടെ ഒരു മഹാമാരി വന്നു എല്ലാവരും ഒലിച്ചു പോയ വിവരം.
” ഇത് കേട്ടുകൊണ്ടിരുന്ന ഒരു പ്രായമായ സ്ത്രീ യുവാവിനെ അടുത്തേക്ക് വിളിച്ചു. യുവാവിന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി; തന്റെ ചെറുപ്പത്തിൽ മുറുക്കുമുറുക്കി ആ വീടിന്റെ ഉമ്മറത്തിരുന്ന ‘കാളിയമ്മ’!
കാളിയമ്മയ്ക്ക് യുവാവിനെ മനസ്സിലായില്ല. അവർ ചോദിച്ചു: “മോൻ എവിടുന്നു വരുന്നു? നല്ല ഡ്രസ്സൊക്കെ ഇട്ടിട്ടുണ്ടല്ലോ…” യുവാവ് പറഞ്ഞു: “ഞാൻ ഫ്രാൻസിൽ നിന്നു വരുന്നു കാളിയമ്മേ…
ഇവിടെയുണ്ടായിരുന്ന ആളുകളൊക്കെ ഇപ്പോൾ എവിടെപ്പോയി? ആരെങ്കിലും ഇവിടെ ഉണ്ടോ?”
കാളിയമ്മ പറഞ്ഞു: “ഇവിടെ ഉണ്ടായിരുന്ന എല്ലാവരും ആ മഴപ്പാച്ചിലിൽ പോയി മോനേ… പിന്നെ ഉള്ളത് ഹാജിയാരുടെ മക്കളാണ്. അവർ അവിടെ ചെറിയൊരു കുടിലിൽ താമസിക്കുന്നുണ്ട്. അവരുടെ കാര്യം കഷ്ടത്തിലാണ് മോനെ. എങ്ങനെ ജീവിച്ചിരുന്നവരാണ് അവർ!
“
തന്റെ ബാല്യകാല സുഹൃത്തുക്കൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ യുവാവിന് അതിയായ സന്തോഷം തോന്നി. കാളിയമ്മയുടെ വാക്കുകൾ പൂർത്തിയാകും മുൻപേ അവരെ കാണാനുള്ള തിടുക്കത്തിൽ അവൻ നടന്നു.
പിന്നീടാണ് കാളിയമ്മ പറഞ്ഞത് അവൻ ഓർത്തത്—അവരുടെ കാര്യം വളരെ കഷ്ടമാണെന്ന്.
നാളെ ബലിപെരുന്നാൾ ആണല്ലോ, അവർ പുതിയ ഡ്രസ്സൊന്നും എടുത്തിട്ടുണ്ടാവില്ല!
അവൻ വന്ന വഴി തന്നെ തിരിച്ചുപോയി. ഒരു കടയിൽ കയറി പുതിയ തുണികളും മറ്റു പലചരക്ക് സാധനങ്ങളും വാങ്ങി അവൻ തന്റെ ബാല്യകാല കൂട്ടുകാരന്റെ അടുത്തേക്ക് പോയി.
കുടിലിന്റെ മുന്നിൽ അപരിചിതനെ കണ്ടപ്പോൾ നിഷാദും ഷെമീറയും കൗതുകത്തോടെ അവനെ നോക്കി. നിഷാദ് ചോദിച്ചു: “നിങ്ങളാരാ?
മനസ്സിലായില്ലല്ലോ… എന്താ ഇപ്പോൾ വേണ്ടത്?”
പെട്ടെന്ന് ആ യുവാവ് പറഞ്ഞു: “എന്നെ ഒന്ന് സൂക്ഷിച്ചു നോക്ക്…” അവർ ഇല്ല എന്ന് തലയാട്ടി. “ഡാ നിഷാദേ… നമ്മൾ ഒന്നിച്ചു കളിച്ചിരുന്നത് നിനക്ക് ഓർമയില്ലേ? ഞാൻ രമേശൻ! കുട്ടേട്ടന്റെ മകൻ!” തുടർന്ന് അവൻ ഷെമീറയോട് പറഞ്ഞു: “നിന്റെ കൂട്ടുകാരി നിഷയുടെ ചേട്ടനാണ് ഞാൻ, രമേശ്.”
അവർ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കൂട്ടുകാരെല്ലാം അതിയായി സന്തോഷിച്ചു.
രമേശൻ തനിക്ക് ഉണ്ടായ കാര്യങ്ങൾ തുടർന്നു പറഞ്ഞു: “അന്ന് ആ മഹാമാരിയിൽ ഞാനും നമ്മുടെയെല്ലാം കൂട്ടുകാരൻ തോമാസിന്റെ അച്ഛൻ വർഗീസേട്ടനും ഒരു തടിക്കഷണത്തിന്മേൽ ആണ് രക്ഷപ്പെട്ടത്.
തോമാസിനെ കാണുന്ന പോലെ തന്നെ എന്നെ വർഗീസേട്ടൻ പഠിപ്പിച്ചു വലിയവനാക്കി. അങ്ങനെ ഞാൻ ഫ്രാൻസിലെത്തി.
ഇപ്പോൾ ഞാൻ അവിടെ ഒരു വലിയ കമ്പനി നടത്തുന്നു. ഞാൻ വിവാഹം കഴിച്ചു, ഒരു കുട്ടിയുമുണ്ട്. ഭാര്യക്ക് യാത്ര ബുദ്ധിമുട്ടായതുകൊണ്ട് അവളെ ഞാൻ കൂട്ടാത്തതാണ്.”
അവൻ ഷെമീറയുടെ കയ്യിൽ ആ പെരുന്നാൾ കോടി കൊടുത്തു. അവരൊന്നിച്ച് ബിരിയാണി കഴിച്ച്, ആ പഴയ ഓർമ്മകൾ അയവിറക്കി ബലിപെരുന്നാൾ ആഘോഷത്തോടെ കഴിച്ചുകൂട്ടി.
രമേശൻ തിരിച്ചുപോകുമ്പോൾ നിഷാദിന്റെ ചികിത്സയ്ക്കുള്ള ഫണ്ടും, മഴ പെയ്താൽ ചോർന്നൊലിക്കുന്ന ആ വീട് നന്നാക്കാനുള്ള ഏർപ്പാടും ചെയ്തിട്ടാണ് ഫ്രാൻസിലേക്ക് തിരിച്ചത്.
തന്റെ പഴയ കൂട്ടുകാരനെയും. അനുജത്തിയുടെ കൂട്ടുകാരിയെയും കാണാനും അവരെ സഹായിക്കാനും കഴിഞ്ഞ വലിയ സംതൃപ്തിയോടെയാണ് രമേശൻ മടങ്ങിയത്.
ഏവർക്കും ഈദ് മുബാറക്
