രചന : ശ്രീജിത്ത് ഇരവിൽ ✍️
ഗീതയെ കാണാൻ മതില് ചാടിയ രാത്രിയിൽ നിന്ന് തുടങ്ങാം. പിടിക്കപ്പെട്ടു. അയലത്തെ വീട്ടിലെ നായയാണ് കണ്ടതും കുരച്ചതും. വെളിച്ചം വീണപ്പോൾ വെപ്രാളപ്പെട്ട് പോയി. ആരാടാ അതെന്ന ആരുടെയോ ചോദ്യത്തിൽ ഭയന്ന് കൊണ്ടാണ് ഓടിയത്. മുറ്റത്തെ അയലിൽ തട്ടി ദാ കിടക്കണു.
‘പിടി അവനെ, അടി അവനെ, കൊല്ലവനെ…’
മൂന്ന് ദിക്കിൽ നിന്നും ആൾക്കാർ പൊതിഞ്ഞു. അതിൽ ഒരാൾ എന്നെ തിരിച്ചറിയുകയും ചെയ്തു.
‘നീയോ…? ഭാര്യ വീട്ടിന്റെ മതില് ചാടാൻ നാണമില്ലെടാ…!?’
കേട്ടപ്പോൾ ചൂളിപ്പോയി. ഗീതയുടെ അച്ഛന്റെ നോട്ടം സംശയകരമാണ്. കണ്ണുകൾ തിരുമ്മിക്കൊണ്ട് വന്ന അവളുടെ അമ്മയും എന്നെ അടിമുടി നോക്കി. ഗീതയ്ക്ക് അപ്പോഴും കാര്യങ്ങളൊന്നും പിടികിട്ടിയില്ല.
‘അല്ല, ഒരാഴ്ചയായില്ലേ ഗീതയിങ്ങ് വന്നിട്ട്… അപ്പോൾ പിന്നെ കാണാന്ന് വെച്ച്….’
അടക്കം പറച്ചിലും ചിരിയുമായി അയൽക്കാരെല്ലാം ഒഴിഞ്ഞു. അകത്തേക്ക് കൊണ്ടുപോകെന്ന് ഗീതയോട് പറയുമ്പോൾ അച്ഛൻ ചിരിച്ചിരുന്നു. നിങ്ങളുടെയൊരു കാര്യമെന്ന് പറഞ്ഞ് അവളുടെ ചിറിയും വലിഞ്ഞു. വിവാഹം കഴിഞ്ഞിട്ട് രണ്ട് കൊല്ലമേ ആയുള്ളൂ… രണ്ട് നാൾ പോലും പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല. ഗീതയ്ക്കും അത് അറിയാം. അവൾ പഠിക്കുന്നുണ്ട്. കുഞ്ഞുങ്ങൾ അത് കഴിഞ്ഞ് മതിയെന്നാണ്. അമ്മയ്ക്ക് സുഖമില്ലെന്ന് വന്നപ്പോഴാണ് അവൾക്ക് ഇങ്ങോട്ട് വരേണ്ടി വന്നത്. നാളുകൾക്കുള്ളിൽ മടങ്ങി വരുമായിരിക്കും. പക്ഷെ, എനിക്കുണ്ടോ ഇരുത്തം കൊള്ളുന്നു… ജനലിൽ മുട്ടി ഞെട്ടിക്കാമെന്ന് കരുതി പതുങ്ങി വന്നപ്പോൾ….
‘ഇതിപ്പോൾ ആകെ നാണക്കേടായി…’
മുറി അടച്ചതിന് ശേഷമാണ് ഗീതയത് പറഞ്ഞത്. ശരിയാണ്. കോളേജ് അധ്യാപകനായ ചെറുപ്പക്കാരൻ രാത്രിയിൽ ഭാര്യ വീടിന്റെ മതില് ചാടിയത് നാണക്കേട് തന്നെയാണ്. പക്ഷേ, ആഗ്രങ്ങങ്ങൾക്കുണ്ടോ അതൊക്കെ മനസ്സിലാകുന്നു. വേണ്ടായിരുന്നു. വരാൻ പോകുന്ന പകലിൽ ഈ കൂടിയവരുടെ മുഖത്തേക്ക് എങ്ങനെ നോക്കും.
‘രണ്ട് നാൾ കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നേ… വരാൻ തോന്നിയാൽ തന്നെ വിളിച്ചിട്ടല്ലേ വരേണ്ടത്… ‘
ഉത്തരം ഉണ്ടായിരുന്നില്ല. വെളിച്ചം അണഞ്ഞു. ഞങ്ങൾ കിടന്നു. ആരാണ് ആദ്യം ഉറങ്ങിയതെന്ന് അറിയില്ല. ഉണർന്നത് ഞാൻ ആയിരുന്നു. അതും അവളുടെ അച്ഛന്റെ ശബ്ദം കേട്ട്. ചോരുന്നുണ്ട് പോലും! വാർപ്പിൽ കീറൽ ഉണ്ട് പോലും. തലേനാളിലെ മതില് ചാട്ടവുമായി അതിനൊരു ബന്ധവും ഇല്ലെന്ന് തോന്നിയപ്പോൾ ഞാൻ പുറത്തേക്ക് ചെന്നു.
‘പുതുക്കി പണിയണമെന്ന് കുറേ ആയി കരുതുന്നു… ഇനിയും വൈകിയാൽ എല്ലാം കൂടി പൊട്ടി വീഴും…’
ടെറസ്സിലേക്ക് കയറി വരുന്ന എന്നെ കണ്ടപ്പോൾ ഗീതയുടെ അച്ഛൻ പറഞ്ഞതാണ്. എന്നാൽ പിന്നെ പെട്ടെന്ന് ആയികൂടെയെന്ന് ഞാനും. മാറി താമസിക്കാൻ ആദ്യമൊരു വാടക വീടാണ് പോലും വേണ്ടത്. കണ്ട് വെച്ചിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞു. ആ നേരം മുന്നിൽ ഒരു രംഗം തെളിഞ്ഞു.
എന്റെ വീട്. അച്ഛനും അമ്മയും മാത്രമല്ല. ഗീതയുടെ മാതാപിതാക്കളും ഉണ്ട്. അവർക്ക് ചുറ്റും ഓടി കളിക്കുന്നത് ഞങ്ങളുടെ കുഞ്ഞുങ്ങളാണ്. കാഴ്ചയിലെ ഭംഗി നേരിട്ട് ഉണ്ടാകുമോയെന്ന് അറിയില്ല. എന്തായാലും പരീക്ഷിച്ച് കളയാം.
ഗീതയോടൊപ്പം അവളുടെ അച്ഛനെയും അമ്മയേയും കൂടി കൂടെ കൊണ്ട് വരുന്നുണ്ടെന്ന് ഞാൻ എന്റെ അച്ഛനോട് പറഞ്ഞു. അമ്മയോടും സംസാരിച്ചു. രണ്ടുപേർക്കും സമ്മതം. പക്ഷെ, ഗീതയുടെ അച്ഛൻ എതിർത്തു. അതൊന്നും ശരിയാകില്ല പോലും…
‘എന്തുകൊണ്ട് ശരിയാകില്ല…!’
ഞാൻ ചോദിച്ചു. ഗീതയുടെ അച്ഛന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. അങ്ങനെ എങ്കിൽ എല്ലാവർക്കും കൂടെ ഇവിടെ താമസിച്ചാൽ പോരെയെന്നും അഭിപ്രായപ്പെട്ടു. അതിന്, ഇവിടെയല്ലേ ചോർച്ചയെന്ന് പറഞ്ഞ് ആ ദുരഭിമാനത്തെ ഞാൻ അസാധുവാക്കുകയായിരുന്നു.
‘പുതുക്കി പണിയൊക്കെ കഴിഞ്ഞാൽ ആലോചിക്കാമല്ലോ…!’
എന്ന് കൂടി ചേർത്തപ്പോൾ ഗീതയുടെ അച്ഛൻ ചിന്തിച്ചു. അതൊക്കെ ശരിയാകുമോയെന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. ഒരു കുടുംബമാണെന്ന് തോന്നിയാൽ എല്ലാം ശരിയാകുമെന്ന മറുപടിയിൽ ആ മനുഷ്യൻ തല കുലുക്കി. കാര്യം അറിഞ്ഞപ്പോൾ ഗീതയുടെ മുഖം പ്രകാശത്തിൽ മുങ്ങിപ്പോയി. അത്രയ്ക്കും സന്തോഷം പെണ്ണിൽ തൂകിയിരുന്നു. തന്റെ മാതാപിതാക്കൾ എന്നും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ചുരുക്കം പേരിൽ വിരിയുന്ന ആഹ്ലാദമാണത്.
ഒരുപക്ഷെ, നാളെ ഞങ്ങൾ എങ്ങോട്ടെങ്കിലും പോകുമായിരിക്കും. അപ്പോഴും, വേണ്ടപ്പെട്ടവരെല്ലാം ഒരുമിച്ച് ഉണ്ടല്ലോയെന്ന സമാധാനം ഉണ്ടാകുമല്ലോ… പറന്ന് പോകുന്ന മക്കളെ തടയാനാകാതെ അനാഥമാകേണ്ടി വരുന്നതിലും മികച്ചതല്ലേ… പരസ്പരം അറിയാത്ത നരച്ച തലകളുടെ കൂമ്പാരത്തിൽ പെടുന്നതിലും നല്ലതല്ലേ…
രണ്ട് കുടുംബങ്ങൾ തമ്മിൽ ചേരുന്നതും വിവാഹങ്ങളുടെ മേന്മയാണെന്ന് പറഞ്ഞാൽ മാത്രം പോരല്ലോ… അങ്ങനെ ജീവിച്ച് കാണിക്കേണ്ടതിന്റെ ആവശ്യകതയും ചെറുതല്ല. പ്രായോഗികമായി വന്നേക്കാവുന്ന തമ്മിലടികളെയൊന്നും ഞാൻ കാണുന്നില്ല. കാരണം, എന്റെ മാതാപിതാക്കൾ തന്നെ. അവരുടെ ലോകം എന്നിലും വിശാലമാണ്.
അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം നിറച്ച ബാഗുകൾ തയ്യാറായി. പോകാനുള്ള വാഹനവും വന്നു. എല്ലാവരുമായി അവിടെ നിന്ന് ഇറങ്ങുമ്പോൾ അയൽക്കാർ നോക്കി നിൽക്കുന്നുണ്ടായിരുന്നു. കൂടെ കൊണ്ട് പോയാൽ പിന്നെ മതില് ചാടേണ്ടല്ലോയെന്ന് ആരൊ വിളിച്ച് പറയുകയും ചെയ്തു. വരാൻ പോകുന്ന പകലിൽ തോന്നുമെന്ന് കരുതിയ ചമ്മലൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ചിരിച്ചു. അല്ല. ഞങ്ങൾ ചിരിച്ചു….!!!!

