അമ്മയാണ് പറഞ്ഞത് താഴത്തെ വീട്ടിൽ വെളിച്ചം കാണുന്നുണ്ടെന്ന്. അവിടെ അടച്ചു പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ…
അയൽക്കാർ കുറവാണെന്നു വിഷമിച്ചിരിക്കുകയായിരുന്നു.
ഇങ്ങോട്ടേക്കു വരുന്ന വളവിൽ രണ്ടു വീടുണ്ട്. പിന്നെ കുറച്ചു ദൂരം ആരുമില്ല റബ്ബർ തോട്ടം ആണ്
ആ വീടിന്റെ അപ്പുറത്തെ വളവിൽ രണ്ടു മൂന്നു വീടുണ്ട്…
പകൽ സമയത്തു പോലും ഒരു വിജനത യാണ്
വന്നിട്ട് ആരെയും പരിചയപ്പെടാൻ കഴിഞ്ഞില്ല
ഇത് സീതമ്മയുടെ വീട് ആയിരുന്നു
അവർ ആറു മാസം മുൻപ് ആണ് അറ്റാക്ക് വന്നു മരിച്ചത്..

രണ്ടു പെണ്മക്കൾ ഉള്ളത് ഭർത്താക്കന്മാരുടെ വീട്ടിലാണ്..
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോ വീട് അടച്ചിട്ട് അവർ അവരവരുടെ വീട്ടിലേക്ക് പോയി…
ഇതിപ്പോ തങ്ങൾ വാടകയ്ക്ക് വന്നതാണ്
അയല്പക്കക്കാരെ ഒന്ന് പരിചയപ്പെടാൻ കഴിഞ്ഞില്ല…
നാളെ ആകട്ടെ അമ്മയേം കൂട്ടി ഒന്ന് പോയി പരിചയപ്പെടാം…
സീമ നനഞ്ഞ തലമുടി ടവ്വൽ കൊണ്ടു കെട്ടി വച്ചു…
വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം അടുക്കളയിലേക്ക് പോയി. സൂരജ് ഏട്ടന്റെ അമ്മയ്ക്ക് ഈ നേരത്തൊരു ചായ പതിവാണ്…ചായ ഇട്ടു കൊടുക്കണം..
സ്കൂളിലേക്ക് തിങ്കളാഴ്ച മുതൽ പോയാൽ മതി. ഇന്ന് വെള്ളിയാഴ്ച ആയതേയുള്ളു. അത് നന്നായി.വീടൊക്കെ ഒന്ന് സെറ്റ് ആക്കാൻ സമയം ഉണ്ട്.
കൂട്ടുകാരിയായ സുനിതയുടെ കല്യാണമാണ് അടുത്ത ആഴ്ച.. ഇടയ്ക്ക് ടൗണിൽ പോയി ഡ്രസ്സ്‌ എന്തെങ്കിലും എടുക്കണം
സീമ ചായ ഇട്ടു അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു..സൂരജ് ഏട്ടൻ നാളെ ഇങ്ങെത്തുള്ളൂ. തങ്ങളെ രണ്ടാളെയും ഇവിടെ കൊണ്ടു വന്നാക്കിയ ശേഷം പോയതാണ്
ബാങ്ക് ഉദ്യോഗസ്ഥനാണ് സൂരജ്… സീമ സ്കൂൾ ടീച്ചർ. അവൾക്ക് ഇങ്ങോട്ടേക്കു ട്രാൻസ്ഫർ ആയി വന്നതാണ്

അത്താഴത്തിനു ചപ്പാത്തിയും കറിയും ഉണ്ടാക്കി.എല്ലാം എടുത്ത് മേശപ്പുറത്തു കൊണ്ടു വച്ചപ്പോഴാണ്… അടുക്കള വശത്തു ഒരു വിളി കേട്ടത്…
” ഇവിടെ ആരുമില്ലേ “
ഒരു സ്ത്രീ ശബ്ദം ആണ്,
അവൾ പോയി നോക്കിയപ്പോൾ ..നല്ല ഐശ്വര്യമുള്ള ഒരു ചേച്ചി .കൂടെ ചെറിയ ഒരു ആൺകുട്ടിയും ഉണ്ട്…
” ആരാ “
” ഞാൻ സതി താഴെ വീട്ടിൽ ഉള്ളതാ “
” ആഹാ… ഞങ്ങൾ നാളെ അങ്ങോട്ട് വരാനിരിക്കുവായിരുന്നു. ഏതായാലും ചേച്ചി ഇങ്ങോട്ട് വന്നല്ലോ. കയറി വരു”
സീമ ചിരിയോടെ പറഞ്ഞു…
അവർ അകത്തേക്ക് വന്നു..
അടുക്കളയിൽ കൂടി കയറി സ്വീകരണ മുറിയിലേക്കെത്തി..
” അമ്മേ.. ദാ നമ്മുടെ അയല്പക്കക്കാരെത്തി… “
” ങ്ങാ മോളിരിക്ക്..
അമ്മ ഒരു സ്റ്റിക്കും തറയിലൂന്നി അങ്ങോട്ടേക്ക് വന്നു “
” അമ്മയ്ക്ക് നേരത്തെ സുഖമില്ലാത്തതാണോ “
” അയ്യോ അല്ല മോളെ.. ഒന്ന് കാൽ തെറ്റി വീണതാ.. കഷ്ടകാലം എന്നല്ലാതെ എന്തു പറയാൻ “
മോളുടെ വീട്ടിൽ ആരൊക്കെയുണ്ട്”

“. ഞങ്ങൾ മാത്രേയുള്ളു..”
“മോന്റെ അച്ഛൻ “?? സീമ ചോദിച്ചു
” പട്ടാളത്തിലായിരുന്നു. മരിച്ചുപോയി “
“ഓഹ്.. സോറി ചേച്ചി ഞാൻ അറിഞ്ഞില്ല “
” അയ്യോ അതിനെന്തിനാ സോറി “
അവർ വർത്തമാനം പറഞ്ഞു നേരം പോയതറിഞ്ഞില്ല..
സീമയ്ക്ക് കുട്ടികൾ?
” ഇല്ല ചേച്ചി അതിനുള്ള ഭാഗ്യം ഈശ്വരൻ തന്നില്ല “
അവൾ വിഷാദത്തിൽ ചിരിച്ചു
ഒറ്റയ്ക്ക് താമസിക്കാൻ പേടിയില്ലേ ചേച്ചിക്ക്.. അതും ഈ കുഗ്രാമത്തിൽ
“എന്തു പേടിക്കാൻ “
സതി ചിരിച്ചു
” എന്നാ ഞാൻ ഇറങ്ങട്ടെ നാളെ കാണാം.. മോനുറക്കം വരുന്നു എന്ന് തോന്നുന്നു…”
” അയ്യോ മോനോടൊന്നും ചോദിച്ചില്ല.. മോന്റെ പേരെന്താ “
അവൻ ഒന്നും മിണ്ടിയില്ല
” അവൻ സംസാരിക്കില്ല.. ജന്മനാ എന്റെ മോൻ സംസാരശേഷി ഇല്ലാത്ത കുട്ടിയാണ് “
സീമ വിഷമത്തോടെ ആ മോനെ നോക്കി..
” മോന്റെ പേര് വിഷ്ണു “
സതി പറഞ്ഞു…
“സീമ വാത്സല്ല്യത്തോടെ അവന്റെ തലയിൽ തലോടി “
സതി എഴുനേറ്റ് പുറത്തേക്കിറങ്ങി..
” വെളിച്ചം വേണ്ടേ ചേച്ചി “


വേണ്ട മോളെ വെളിച്ചമൊക്കെയുണ്ട് “
” ശരി .. പോകുവാ നാളെ കാണാം “
അവർ ഇറങ്ങി നടന്നു… സീമ നോക്കി നിന്നു…
അന്ന് വളരെ വൈകി അവളുറങ്ങാൻ…
.
ആഗ്രഹിച്ചു കിട്ടിയ ജോലി ആണ്. അത് കൊണ്ടാണ് ഈ കുഗ്രാമത്തിലേക്ക് ഇഷ്ടം ഇല്ലാതിരുന്നിട്ടും വന്നത്,
രാത്രി….
പന്ത്രണ്ടു മണിയോളം ആയി.. കിടക്കാനായി അവൾ ബെഡ്‌റൂമിൽ എത്തിയപ്പോൾ…
അടുക്കള ഒക്കെ സെറ്റ് ആയി. ബാക്കിയൊക്കെ ഇനി നാളെ…
അവൾ കിടന്നു…
കുറെ സമയം കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല….
അവൾ മെല്ലെ എഴുനേറ്റു…
ടേബിൾ ലാമ്പ് ഓൺ ആക്കി.. കുറച്ചു പുസ്തകങ്ങൾ കളക്ഷനിൽ ഉണ്ട്… കൂടുതലും അവൾ ഇഷ്ടപ്പെട്ടിരുന്നത് ക്രൈo ത്രില്ലറുകളും ഹൊറർ നോവലുകളും ഒക്കെ ആണ്.
മേരി ഷെല്ലിയുടെ ഫ്രാങ്കെസ്റ്റീൻ ഇതു വരെ വായിച്ചിട്ടില്ല.. കയ്യിലെത്തിയിട്ടു കുറച്ചു ദിവസായി.. ഇതുവരെയും വായിക്കാൻ സമയം കിട്ടിയില്ല..
വിക്ടർ ഫ്രാങ്കൻസ്റ്റീൻ എന്ന യുവ ശാസ്ത്രജ്ഞൻ ശാസ്ത്ര പരീക്ഷണത്തിലൂടെ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ കഥയാണിത്.
സ്വന്തം പരീക്ഷണങ്ങളുടെ ഫലമായി അയാൾ അനുഭവിക്കുന്ന ഭയാനകമായ അനുഭവങ്ങളുടെ കഥയാണ്… ലോകത്തിലെ ഭയാനകമായ കൃതികളുടെ പട്ടികയിൽ ഈ കൃതിയും സ്ഥാനം പിടിച്ചിട്ടുണ്ട്….

വായനയിൽ രസം പിടിച്ചു വരവേ അവളുടെ കാതിൽ ഒരു നിലവിളിയുടെ അലയൊലി എത്തി.
സതി ചേച്ചിയുടെ വീട്ടിൽ നിന്നാണല്ലോ.
അയ്യോ അവർക്ക് എന്താണ് പറ്റിയത്. അവൾ എഴുനേറ്റ് അമ്മയെ വിളിച്ചു. അവർ നല്ല ഉറക്കത്തിലാണ്…
അവൾ ചെറിയ ടോർച്ചുമെടുത്ത്‌ പുറത്തേക്കിറങ്ങി..
ഉള്ളിൽ പേടിയൊന്നും തോന്നിയില്ല.. നിലവിളി അടുത്തടുത്തു വരുന്നു….
അവൾ വേഗത്തിൽ പറമ്പിലൂടെ താഴെ വീടിന്റെ മുൻ വശത്തെത്തി..
വെളിച്ചമുണ്ട്…
അകത്തു നിന്നാണ് അമർത്തിയ കരച്ചിൽ കേൾക്കുന്നത്…
അവൾ ഓടി വരാന്തയിലേക്ക് കയറി.. മുൻവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു..
വാതിൽ തുറന്ന സീമ ഒന്നേ നോക്കിയുള്ളു..
അവൾ ഞെട്ടിത്തരിച്ചു പോയി…
ജീവന് വേണ്ടി പിടയുന്ന സതിച്ചേച്ചി..
കഴുത്തിൽ മുറിവുണ്ട്
തറയിൽ മുഴുവൻ കട്ട ചോര…
തൊട്ടപ്പുറത്തെ കാഴ്ച്ച അതിലും ബീഭത്സമായിരുന്നു.
കണ്ണും തുറിച്ച് മരിച്ചു കിടക്കുന്ന വിഷ്ണു മോൻ..
” അയ്യോ… “

നിലവിളിച്ചു കൊണ്ടു അവൾ തിരിഞ്ഞോടി…
വീട്ടിലെത്തും മുൻപ് അവൾ വീണു…
എപ്പോഴോ കണ്ണ് തുറന്നപ്പോ ആരുടെയോ മടിയിൽ കിടക്കുകയായിരുന്നു അവൾ..
അവളുടെ കണ്ണുകളിൽ കാഴ്ച മെല്ലെ തെളിഞ്ഞു വന്നു…
മുന്നിൽ പുഞ്ചിരിക്കുന്ന സതി ചേച്ചിയുടെ മുഖം…!!
അവൾ അലറി വിളിക്കാനാഞ്ഞു…
ശബ്ദം വരുന്നില്ല..
അവളുടെ ബോധം വീണ്ടും മറഞ്ഞു….
ആ രാത്രിയിൽ സതിയെന്ന രക്തയക്ഷിയുടെ കടവായിൽക്കൂടി ചുടു നിണമൊഴുകിയിറങ്ങി…
“അയ്യോ…അപ്പൊ സതി സീമയെ കൊന്നോ “
ഒരു നടുക്കത്തോടെ ഞാൻ സാബുച്ചേട്ടനെ നോക്കി
സാബു ചേട്ടൻ കഥകളുടെ വിളനിലമാണ് എപ്പോഴും ഓരോരോ കഥകൾ പറഞ്ഞു കൊണ്ടിരിക്കും. എനിക്ക് യക്ഷിക്കഥകളോട് ഇഷ്ടം ആണെന്നറിഞ്ഞെപ്പിന്നെ അതെ പറയുള്ളു
കല്യാണം കഴിഞ്ഞു ഞങ്ങൾ താമസിക്കാൻ വന്ന വീടിന്റെ തൊട്ടപ്പുറത്തുള്ള അച്ചായന്റെ ഡ്രൈവർ ആയിരുന്നു സാബുച്ചേട്ടൻ. പ്രേഗ്നെൻസി ടൈം ആണ് എനിക്ക്
ബഡായിയുടെ ആളാണ്‌.സാബുച്ചേട്ടൻ അതുകൊണ്ട് തന്നെ കഥകളിൽ ധാരാളം പൊടിപ്പും തൊങ്ങലും ഉണ്ടാവുമെന്ന് അച്ചായന്റെ വീട്ടിൽപണിക്ക് വരുന്ന അന്നമ്മ ചേട്ടത്തി എന്നോട് പറഞ്ഞിരുന്നു….

എങ്കിലും ഇത്രത്തോളം ഉണ്ടാവുമോ..
വല്ലാത്ത ഒരു കഴിവ് തന്നെ..
” ഡാ സാബുവേ നീ ഈ സമയത്ത് ഈ കൊച്ചിന് ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞു കൊടുക്കുവാണോ “
വിറകെടുക്കാൻ വന്ന അന്നമ്മ ചേട്ടത്തി ചോദിച്ചു
” അയ്യോ ചേട്ടത്തിയെ… കൊച്ചു പറഞ്ഞിട്ടാ ഞാൻ നമ്മുടെ സതിയുടെ കഥ പറഞ്ഞു കൊടുത്തേ “
” ബെസ്റ്റ് നല്ല കഥ ഈ സമയത്തു ഈ കഥകളൊക്കെ പറഞ്ഞാൽ വയറ്റിൽ കിടക്കുന്ന കൊച്ചും കൂടി പേടിക്കുവല്ലോ “
“ഓ.. എന്നാ ഞാൻ പറയുന്നില്ല പോരെ… സാബുച്ചേട്ടൻ പിണങ്ങും പോലെ പറഞ്ഞു.. എഴുനേറ്റു പോയി..”
“:ശ്ശെ… എന്നാലും ചേട്ടത്തി അതിന്റെ ബാക്കി കൂടി കേൾക്കാൻ കഴിഞ്ഞില്ലല്ലോ “
” എന്റെ കൊച്ചേ നിനക്ക് വേറെ പണിയൊന്നുമില്ലേ.. അവൻ ഈ പറഞ്ഞതിൽ പാതിയും കെട്ടുകഥയാ.. കുറച്ചു സത്യവും ഉണ്ട്… “
അങ്ങനെ ഒരു പെണ്ണ് ഉണ്ടായിരുന്നു.. ഈ കരയുടെ അപ്പുറത്തു… അവിടെ എങ്ങും ഇപ്പൊ ആരും താമസമില്ല…

ആ പെണ്ണിനെ ഒരുത്തൻ സ്നേഹിച്ചു വിളിച്ചിറക്കി കൊണ്ടു വന്നതാ..
ഒരു പട്ടാളക്കാരന്റെ ഭാര്യ ആയിരുന്നു അവൾ .. അയാൾ യുദ്ധത്തിൽ മരിച്ചു
പിന്നീട്‌ ഒറ്റയ്ക്ക് ആയ അവളെ സംരക്ഷിക്കാൻ ഒരു ചെറുപ്പക്കാരൻ മുന്നോട്ട് വന്നു… അവൻ ഒരു ചതിയൻ ആയിരുന്നു.. അവൻ വിളിച്ചുകൊണ്ടു വന്നിട്ട് അവന്റെ കാര്യം ഒക്കെ കഴിഞ്ഞപ്പോൾ അതിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു..
അവന്റെ കൂട്ടുകാരാണ് ആ പെണ്ണിനേയും കുഞ്ഞിനേയും ഇല്ലാതാക്കിയെ. പിന്നീട്‌ ആ കരയിൽ ആർക്കും ഒരു സമാധാനവും ഉണ്ടായിട്ടില്ല, അവൾ ഇങ്ങനെ അലഞ്ഞു നടക്കുന്നു.. പലരും കണ്ടിട്ടുണ്ട് എന്നൊക്കെ പറയുന്നത് കേൾക്കാം…
“അപ്പൊ സീമ ശരിക്കും മരിച്ചോ “
ഇല്ല മോളെ അവർ ഇവിടെ നിന്നില്ല . താമസം മാറിപ്പോയി….പക്ഷെ അതിന്റെ മാനസിക നില ആകെ തെറ്റിയൊക്കെയാണ് ഇവിടെ നിന്നും പോയത്…
അന്നമ്മ ചേട്ടത്തി വിറക് വാരിയെടുത്തു അപ്പുറത്തേക്ക് പോയി
ഒരു നെടുവീർപ്പോടെ ഞാനും എഴുനേറ്റു.
ഏട്ടൻ എത്താറായി….
ഞാൻ ജനലിന്റെ അരികിൽ ചെന്ന് അക്കരെ റബ്ബർ തോട്ടത്തിലേക്ക് നോക്കി… അതിന്റെ ഇരുളിമയിൽ അവൾ കാത്തു നിൽപ്പുണ്ടാകുമോ അടുത്ത ഇരയെ തേടി…..
സതി…..

പ്രിയ ബിജു ശിവകൃപ

By ivayana

Leave a Reply

Your email address will not be published. Required fields are marked *