രചന : രാജേശ്വരി ടി കെ ✍️
ഡ്യൂട്ടി കഴിഞ്ഞു ഓട്ടോയിലേക്ക് കയറി ഇരുന്നപ്പോൾ നേരെ എതിർ വശത്തു സുന്ദരിയായ ഒരമ്മൂമ്മ. എന്തു പ്രായം കാണും എഴുപതിലോ എൺപതിന്റെ തുടക്കത്തിലോ ചുള്ങ്ങിയ തൊലിയും എഴുന്നു നിൽക്കുന്ന എല്ലുകളും ഒട്ടും സൗന്ദര്യം കുറക്കാത്ത വലിയ മുഖവും കട്ടി കണ്ണടക്കുള്ളിൽ തിളങ്ങുന്ന കണ്ണുകളും. ചെറുപ്പത്തിൽ എത്രയോ സുന്ദരി ആയിരുന്നിരിക്കണം ഇവർ.
വെള്ളക്കൽ മൂക്കുത്തിയും കറുത്ത ചരടിൽ തൂങ്ങിയാടുന്ന ഏതോ ദൈവരൂപവും മാത്രമാണ് ആഭരണം. കറുത്ത സൽവാറും വെളുത്ത ഷർട്ടും റോസ് നിറത്തിലുള്ള പഴയ സാരിയും അതിന്റെ മുന്താണീ നരച്ച മുടിയെ മറച്ചു തലവഴി ഇട്ടിരിക്കുന്നു.ഷർട്ടിന്റെ പോക്കറ്റിൽ എന്തോ ഒരു കടലസുണ്ട്. ചെറിയൊരു തുണി സഞ്ചി കയ്യിലുണ്ട്. കൂടെ ഒരു ഇരുപത് രൂപാ നോട്ടുണ്ട് ഓട്ടോക്കൂലി ആകും. കാലിൽ തേഞ്ഞൊരു റബ്ബർ ചെരുപ്പാണ്. കൈ വിരലിലും കാൽവിരലിലും ഇരുമ്പ് കൊണ്ടുള്ള ചെറിയ വളയം ഇട്ടിട്ടുണ്ട്. നോക്കിയിരിക്കെ അവർ എന്നെ നോക്കി ചിരിച്ചു ഞാനും.
മെട്രോ സ്റ്റോപ്പിൽ അവരുടെ അടുത്തിരുന്നവർ ഇറങ്ങിയപ്പോൾ അവരെന്നെ അവരുടെ അടുത്തേക്ക് വിളിച്ചു. എവിടെക്കാ പോകുന്നതെന്ന എന്റെ ഒരൊറ്റ ചോദ്യത്തിന് ഒരു ജന്മം മുഴുവൻ അവരെനിക്ക് മുന്നിലേക്ക് കുടഞ്ഞിട്ടു. കേട്ടു തീരും വരെയിരുന്നു ഞാൻ രണ്ടു സ്റ്റോപ്പ് അപ്പുറത്ത് പോയിറങ്ങി തിരികെ നടക്കേണ്ടി വന്നു എന്നൊരു ലാഭo മാത്രമല്ല ഒരു കല്ലു കയറ്റി വച്ചതുപോലെ ഹൃദയത്തിന്റെ ഭാരം വല്ലാതങ്ങു കൂടി.
പതിന്നാലാമത്തെ വയസ്സിലാരുന്നു അവരുടെ വിവാഹം.
വലിയൊരു കർഷക കുടുംബത്തിലേക്ക് വധുവായി വന്ന മൂത്തവൾ. നെല്ലും ഗോതമ്പും കടുകും ഉരുളക്കിഴങ്ങും സീസൺ അനുസരിച്ചുള്ള പച്ചക്കറികളും കൃഷി ചെയ്യുന്ന വീട്ടിൽ പശുവും എരുമകളും ഉണ്ടായിരുന്നു. ഏതു തണുപ്പിലും മൂന്നുമണിക്ക് ഉണരുന്നതാ അവിടത്തെ ശീലം. രാത്രി ഒൻപതോടെ എല്ലാവരും ഉറങ്ങുകയും ചെയ്യും. പതിനാറാമത്തെ വയസ്സിൽ ആദ്യ പ്രസവം അതൊരു ആൺകുഞ്ഞാരുന്നു ഗണപതിക്കു വച്ചത് കാക്ക കൊണ്ടുപോയെന്നപോലെ പ്രസവത്തോടെ അതങ്ങു മരിച്ചു.
അവരത്തിന്റെ മുഖം പോലും കണ്ടതേയില്ല വേദനയുടെ അവസാനം അവരങ്ങുറങ്ങിപ്പോയത്രേ. പിന്നെയും അവർ പതിന്നാല് പ്രസവിച്ചു. ഒരെണ്ണം വയറിളക്കവും ശർദ്ദിലുമായി മരിച്ചു. കുരുത്തം കെട്ട ഒരു പെൺകുട്ടി താഴ്ന്ന ജാതിയിലുള്ള ഒരുത്തനെ പ്രേമിച്ചു വീട്ടിൽ അറിഞ്ഞപ്പോ തൂങ്ങി ചത്തു. നന്നായി,ഇല്ലേൽ എല്ലാരൂടെ രണ്ടിനേം തല്ലികൊന്നേനെ, പഴേ കാലമല്ലേ. പന്ത്രണ്ടെണ്ണത്തിനെ നോക്കി വളർത്തി വലുതാക്കി പഠിത്തവും ജോലിയും കൃഷിയും ഒക്കെ ആയി സെറ്റിലായി. ആർക്കും ബുദ്ധിമുട്ടൊന്നുമില്ല എല്ലാവരുടെയും മക്കളും സെറ്റിലായി പലയിടത്തായി. ഇപ്പോ അവരങ്ങു പെരുവഴിയിലുമായി.
ഒന്നര വർഷത്തോളം തളർന്നു കിടന്നു ഭർത്താവ്. ജീവിതം വഴിമാറി തുടങ്ങിയത് അവിടെ നിന്നായിരുന്നു എരുമകളും കൃഷി സ്ഥലവും വിറ്റു മക്കൾക്ക് വീതം വച്ചു കൊടുത്തു. അവർക്കായി ഒന്നും ഉണ്ടായിരുന്നില്ല ആറാണ്മക്കൾ ഉണ്ടല്ലോ എന്നാവും അയാളും ചിന്തിച്ചിരിക്കുക. അയാളുണ്ടായിരുന്നപ്പോൾ ഒരിടത്തും തനിച്ചു പോയിട്ടില്ല എവിടെ പോയാലും ഒപ്പം നടക്കുo നിറയെ കുപ്പിവളകളും സിന്ദൂരവും പാദസരങ്ങളും ഒക്കെ വാങ്ങി തരുമായിരുന്നു. അവരെന്ടെ കയ്യിലെ ഒറ്റ കുപ്പിവളയിൽ പിടിച്ചു പറഞ്ഞു രണ്ടെണ്ണം ഇടണം ഒറ്റ കൊള്ളില്ല എന്നു.
പട്ടാളക്കാരനായ ഇളയ മകനാരുന്ന് തറവാട്. അവന്റെ ഭാര്യ കുട്ടികളുമായി അവർക്കൊപ്പം ആരുന്നു താമസം. മകൻ റിട്ടയർ ആയപ്പോൾ ഇന്ദ്രപ്രസ്ഥത്തിലേക്ക് മക്കളുടെ പഠനത്തിനായി വന്നപ്പോൾ ഫ്ലാറ്റു വാങ്ങാൻ നാട്ടിലെ വീട് വിറ്റു. മറ്റുള്ളവർക്കായി വസ്തു അച്ഛൻ മരിച്ചപ്പോഴേ വീതം വച്ചു കൊടുത്തിരുന്നു. കുറച്ചു ദിവസം മൂത്തവനോടൊപ്പം നാട്ടിൽ നിന്നപ്പോൾ അവനാണ് പറഞ്ഞതത്രേ അമ്മ ഇവിടെ തന്നെ നിൽക്കാതെ ഇടയ്ക്കു അനിയന്മാരുടെ വീട്ടിലും പോയി നിൽക്കാൻ. എത്രയോ വര്ഷങ്ങളായി താമസിക്കുന്ന വീടും നാടുമൊക്കെ വിട്ടപ്പോൾ എന്താരുന്നു മനസ്സിന്റെ വിഷമം എന്നു പറഞ്ഞപ്പോൾ ഞാനവരുടെ കയ്യിൽ ഒന്നു മുറുകെ പിടിച്ചു. നനഞ്ഞ കണ്ണുകളിലും ചിരിയായിരുന്നു അപ്പോൾ.
എപ്പോഴോ ആൺമക്കളൊക്കെ ചേർന്നാണ് അങ്ങിനെ ഒരു തീരുമാനം എടുത്തത് ആറു ആൺമക്കളുടെ കൂടെയും രണ്ടു മാസം വീതം താമസിക്കട്ടെ എന്നു. എന്തായാലും കൃത്യമായി അറുപതു ദിവസം തികയുമ്പോൾ രാവിലെ അവരെ അടുത്തയാളുടെ വീട്ടിൽ എത്തിക്കാൻ ആദ്യമൊക്കെ മക്കൾക്ക് ശുഷ്‌കാന്തി ആരുന്നു. പിന്നെ പിന്നെ അമ്മ കണക്കുകൂട്ടി അറുപത്തിയൊന്നാം ദിവസം രാവിലെ മഞ്ഞോ മഴയോ വെയിലോ വയ്യായ്കയോ ഒന്നും വകവെക്കാതെ അവർ തനിയെ അടുത്തയാളുടെ അടുത്തേക്ക് പോകാൻ തുടങ്ങി. വഴിചിലവിനുള്ള പണം തലേന്ന് മക്കൾ കൊടുക്കും. അങ്ങിനെ ഡൽഹിയിലെ മകന്റെ വീട്ടിലേക്കുള്ള യാത്രയാണിത്.
എനിക്കു വെറുതെ ഒന്നു കരയണം എന്നുണ്ടായിരുന്നു. കയ്യിലമർത്തി ഇവിടെ ഇറങ്ങുന്നു എന്നു പറഞ്ഞപ്പോൾ അവരെന്റെ കയ്യിൽ ഉമ്മവച്ചു വല്ലാത്തൊരു ചൂടുണ്ടായിരുന്നു അതിന് ഒരു പക്ഷേ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും നിറഞ്ഞതാകാം അതു. അല്ലെങ്കിൽ പതിനഞ്ചു പേറ്റ് നോവിന്റെയൊടുക്കാം ആറാണ്മക്കളുടെ വീതം വയ്പ്പിച്ച ജീവിതശിഷ്ടത്തെ ഓർത്തുള്ള ഒരു നെടുവീർപ്പാകാം. തിരിഞ്ഞു നോക്കുമ്പോൾ അവരെന്നെ നോക്കി നിറഞ്ഞു ചിരിച്ചു കൈവീശി.
എത്ര നെറികെട്ടവരാണല്ലേ ചില മക്കളൊക്കെ, പന്ത്രണ്ടു മക്കളിൽ ഒരാൾക്കുപോലും തോന്നിയില്ലല്ലോ അമ്മയിങ്ങനെ വയസ്സാം കാലത്ത് ഷട്ടിൽ അടിക്കേണ്ട ന്റെ കൂടെ നിന്നോളൂ എന്നു പറയാൻ. അവർക്കും മക്കളുണ്ടല്ലോ എന്നുള്ളതാണ് വലിയൊരു ആശ്വാസം, പിന്നെ വിതക്കണതെ കൊയ്യൂ എന്നൊരു വിശ്വാസവും.

