രചന : വിനീത ബിജു ✍️
ഇന്നിപ്പോൾ സോഷ്യൽമീഡിയകളിൽ നിരവധി സാഹിത്യ ഗ്രൂപ്പുകളുണ്ട്..നവാഗത എഴുത്തുകാർക്ക് പ്രചോദനമാകുക, അവരുടെ വാസനകളെ പരിപോഷിപ്പിക്കുക എന്നൊക്കെയാണ് എല്ലാ ഗ്രൂപ്പുകളുടെയും അജണ്ടയായി അവർ പറയുന്നത്..
എന്നാൽ ഇതിനു പിന്നിലെ സത്യം ഇതൊന്നുമല്ല.. ഗ്രൂപ്പുകളിലൂടെ വളർന്നു വന്ന എത്ര സാഹിത്യകാരന്മാരെ, എഴുത്തുകാരെ നമുക്കറിയാം..ഗ്രൂപ്പ് അംഗങ്ങളിൽ എത്രപേർ ഗ്രൂപ്പുകളിൽ വരുന്ന സാഹിത്യ സൃഷ്ടികൾ വായിക്കുകയും സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്..
കൃത്യമായി പറഞ്ഞാൽ ഗ്രൂപ്പുകൾ വഴി എന്തെങ്കിലും നേട്ടം കിട്ടുന്നത് അതിന്റെ അഡ്മിൻസ്നു മാത്രമാണ്… നേട്ടം ഉള്ളതുകൊണ്ടാണ് ഇത്രയധികം ഗ്രൂപ്പുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ…
ഏതെങ്കിലും ഒരു പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങുക..എഴുത്തിൽ തുടക്കക്കാർ ആയവരും, റിട്ടയേർമെന്റ് ലൈഫിലൂടെ വീട്ടിൽ ഒതുങ്ങി കൂടുന്നവരുമായ സാഹിത്യ അഭിരുചി ഉള്ളവരെ എളുപ്പത്തിൽ ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും…അങ്ങനെ കുറച്ചു മെമ്പർമാർ ആയതിനു ശേഷം കഥ /കവിത സമാഹാരങ്ങളിലേയ്ക്ക് രചനകൾ ക്ഷണിക്കുന്നു..ഒരു കഥയോ കവിതയോ പ്രസിദ്ധീകരിക്കുന്നതിനു 2000,3000 ഒക്കെ പൈസയും ഈടാക്കുന്നു..ഇതിനെപ്പറ്റി ധാരണയൊന്നും ഇല്ലാത്ത ആളുകൾ ഏതേലും ഒരു ബുക്കിൽ തന്റെ സൃഷ്ടിയും വന്നു കാണുന്നതിനും പുതിയ സൗഹൃദങ്ങൾ തമ്മിൽ ഒന്നിച്ചു കൂടാൻ അവസരം ഉണ്ടാകുമല്ലോ എന്ന സന്തോഷത്തിലും അവർ പറയുന്ന പൈസ്സയും രചനയും കൊടുക്കുന്നു..
ബുക്ക് റെഡിയായാലുടൻ വലിയ എന്തോ പരിപാടി ആണെന്ന് ആളുകൾ തെറ്റിദ്ധരിക്കും വിധം പ്രമുഖരായ കുറച്ചു ആളുകളുടെ പേരും ഫോട്ടോയും ഒക്കെ വെച്ചു പോസ്റ്ററുണ്ടാക്കി പബ്ലിസിറ്റിയൊക്കെ കൊടുത്തു നാലാളു അറിയുന്നൊരിടത്തിൽ വെച്ചു പരിപാടി പൊടി പൊടിയ്ക്കും..
ഇതിലൂടെ ഗുണം കിട്ടുന്നത് ചീഫ് അഡ്മിനായിരിക്കും.. പരിപാടിയിൽ പങ്കെടുക്കുന്നവർ എൻട്രി ഫീ, ഫുഡ്, മൊമെന്റോ എന്നിവയ്ക്ക് അടക്കം പലതിലേക്കുമായി വേറെയും ക്യാഷ് അടയ്‌ക്കേണ്ടതി വരും..
ബുക്ക് അച്ചടിച്ചു ഇറക്കുന്നതിലെ വമ്പൻ ലാഭം ഉൾപ്പെടെ പല രീതിയിലും അഡ്മിൻസിനു അത്യാവശ്യം നല്ല വരുമാനം ഇങ്ങനെ കിട്ടും..ഇത്തരം ഗ്രൂപ്പുകളിൽ അവസാനം അഡ്മിൻസ് തമ്മിൽ പൈസയെ ചൊല്ലിയുള്ള വഴക്കുകൾ, കൊഴിഞ്ഞു പോക്ക് എന്നിവ സർവ്വ സാധാരണമാണ്..
ഒരാളും അറിയാത്ത ചിലരെയൊക്കെ പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു അവരെ famous ആക്കാനുള്ള കുബുദ്ധിയും ചിലയിടങ്ങളിൽ കാണാം..എന്തായാലും വമ്പൻ ലാഭം ഉള്ളൊരു ബിസിനസ്സ് തന്നെയാണിത്.. കാരണം സ്വയം നന്നാവാനല്ലാതെ മറ്റുള്ളവരെ നന്നാക്കാൻ വേണ്ടി പണവും സമയവും ചിലവഴിക്കുന്ന എത്ര മഹാന്മാർ ഇവിടെയുണ്ട് എന്ന് ചിന്തിക്കണം..
