രചന : ദിവാകരൻ പികെ ✍️
അങ്ങനെയാണ് ഗോപീകൃഷ്ണൻ
ഒരു കവിയായത്;
അല്ലെങ്കിൽ, ആൾക്കൂട്ടം അയാളെ
കവിയാക്കി തീർത്തത്.
ആരാധകരുടെ ആരവങ്ങളോ
പണ്ഡിതസഭയുടെ പിൻബലമോ ഇല്ലാതെ,
സാഹിത്യോത്സവത്തിന്റെ ചില്ലുവാതിൽക്കൽ
അയാൾ എന്നും ഒരു പുറമ്പോക്കായിരുന്നു.
ഒടുവിൽ,
സ്വന്തം ജീവിതത്തിലെ
ഒരു നീറുന്ന ഏട് അയാൾ തുറന്നുവെച്ചു.
നിഷേധിക്കാനാവാത്ത ആ സത്യത്തിന് മുന്നിൽ
സദസ്സ് വിറങ്ങലിച്ചു നിന്നു.
അഭിനന്ദന പ്രവാഹങ്ങൾ…
ആഘോഷപൂർവ്വം പൊന്നാടയണിയിച്ചു,
ക്യാഷ് അവാർഡിന്റെ ചെക്ക്
അരികിൽ വെച്ച് ആൾക്കൂട്ടം പടിയിറങ്ങി.
നിശ്ശബ്ദമായ ആ വേദിയിൽ
പിന്നീടാരോ അടക്കം പറഞ്ഞു:
“പൊന്നാടയ്ക്കുള്ളിൽ അയാൾക്ക് ജീവനുണ്ടായിരുന്നില്ല;
അതൊരു പട്ടിണിമരണമായിരുന്നു!”

