എട്ടാമത് പെറ്റ കുട്ടിയേയും കൊണ്ട് ഗംഗ ലേബർ റൂമിൽ നിന്ന് ഇറങ്ങി കൊട്ടാരത്തിന്റെ പുറത്തേക്ക് നടന്നപ്പോൾ സിറ്റ്ഔട്ടിൽ വള്ളി പൊട്ടി നിക്ക്ണ്ടാർന്ന ശന്തനു അലറി.
“ഗംഗേ, ക്ടാവിനെ അകത്ത് കൊണ്ട് കിടത്തടി”
കെട്ട്യോൻ പറഞ്ഞത് ശ്രദ്ധിക്കാതെ പുറത്തേക്ക് തന്നെ നടന്നപ്പോ ശന്തനു നേരെ കെട്ട്യോളുടെ മുന്നിൽ കയറി നിന്നട്ട് പറഞ്ഞു.
“നിന്നോടാ ഞാൻ പറഞ്ഞേ, മര്യാദക്ക് ക്ടാവിനെ അകത്ത് കൊണ്ട് കിടത്തിക്കോനീയ്യ്”
“കല്ല്യാണത്തിന് മുൻപ്, ഞാൻ എന്തുട്ട് ചീതാലും എന്നെ തടയില്ല്യാ എന്ന് നിങ്ങൾ വാക്ക് തന്നത് ഓർമ്മീല്ല്യേ” ഗംഗയും വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു
“അവള്ടെ ഒരു വാക്കും കോപ്പും, എന്റെ ഏഴ് പിള്ളാരെ കൊണ്ടോയി പൊഴയിൽ എറിഞ്ഞ് കളഞ്ഞോളല്ലേടി നീയ്യ്?”
“ഉവ്വ് കളഞ്ഞു, ഇനീം കളയും”
“ഇനി അതിന് പുളിക്കും, നിന്നെ നേര്യാക്കാൻ പറ്റൊന്ന് ഞാൻ നോക്കട്ട്രി “
“ഇനി അതിനൊന്നിനും സമയല്ല്യാ ഞാൻ പോവാ, ഇനി നേരെയാക്കാൻ വേറെ ആളെ നോക്കിക്കോ “
“നീ എങ്ങട് പോവാൻ? മര്യാദക്ക് പറയണ കേട്ട് ഇവിടെ കഴിഞ്ഞൊളണം
“എന്നെ എതിർത്താൽ അന്ന് ഡിവോഴ്സ്, അതാണ് നമ്മൾ തമ്മിലുള്ള കണ്ടീഷൻ “
“ന്നാ ഇറങ്ങി പോടീ, നീ പോയാൽ വേറെ നൂറ് കണക്കിന് ഗംഗമാർ വരും. അതോണ്ട് നീ അത് വിട്, ക്ടാവിനെ അകത്ത് കൊണ്ടോയി കെടത്ത്. ന്നട്ട് എവിടെക്കാച്ചാ പൊക്കോ “
“ഇല്ല്യാ മിസ്റ്റർ ശന്തനു, ഇവനെ ഞാൻ കൊണ്ടോവും “
“ശന്തനുന്റെ ഒരു മുഖമേ നീ കണ്ടട്ട്ള്ളോ, എനിക്കൊരു വൃത്തികെട്ട മുഖം കൂടീണ്ട് “
“ഇത് ശരിക്കും ആരാന്ന് അറിയോ?” കുട്ടിയെ നീട്ടി പിടിച്ച് ഗംഗ ചോദിച്ചു
“ഇതിപ്പോ നീ പ്രസവിച്ച എന്റെ പോന്നു മോനല്ലേടീ ” ശന്തനു സെന്റിമെന്റൽ ആയി ചോദിച്ചു
“അല്ല “

“അല്ലേ? ഇത് എന്റെ ചോരയിൽ പിറന്ന എന്റെ മോനല്ലേ? അപ്പൊ നീ എന്നെ ചതിക്കയായിരുന്നല്ലേ? ഞാൻ എന്തുട്ടെങ്കിലും കുറവ് നിനക്ക് വരുത്തിയിട്ടുണ്ടോ? എന്നീട്ടും നീ എന്നെ? എടി ചതിച്ചീ…”
“അല്ല ഇതെവിടെക്കാ മനുഷ്യാ നിങ്ങള് പറഞ്ഞ് പറഞ്ഞ് കേറണേ? എന്റെ പാതിവ്രത്യത്തിൽ സംശയിച്ചാണ്ടല്ലോ? കെട്ട്യോൻ ആയിരുന്നുന്ന് ഞാൻ നോക്കില്ല്യാ “
“ഇല്ല്യാ ഞാൻ ഒന്നും പറയുന്നില്ല്യ, നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് നിനക്ക് പൂവാം, പക്ഷെ ഇവനെ, ഈ മോനേ എനിക്ക് വേണം”
“എന്തിന്?”
“എന്തിനെന്നോ? എന്റെ കാലശേഷം എന്റെ രാജ്യവും സ്വത്ത് വകകളും നോക്കി നടത്താൻ, ഇവന് ശേഷം ഇവന്റെ മക്കള്, അങ്ങിനെ.. അങ്ങിനെ… നാലഞ്ചു തലമുറക്ക് ഇരുന്നുണ്ണാള്ള പലമുട്ടി അഞ്ചാറെണ്ണാ അടുക്കളേല് അട്ടി ഇട്ടേക്കണേ”
“അതിമോഹമാണ് മിസ്റ്റർ ശന്തനു, അതിമോഹമാണ് “

“എന്തേ നീ ഇവനെ എനിക്ക് തരില്ല്യേ? ശന്തനുവിന്റെ ടോൺ മാറി
“അതല്ല, ഇവന്റെ സന്തതിപരമ്പരകൾ നിങ്ങടെ സ്വത്ത് അനുഭവിക്കുമെന്ന മോഹം “
“നല്ല കിണ്ണം കാച്ചി പെണ്ണുങ്ങൾ ക്യു നിക്കും ഇവന്റെ കെട്ട്യോളാവാൻ വേണ്ടി, നിന്നെ പോലെ ടേംസ് ആൻഡ് കണ്ടീഷൻ വെക്കാത്ത കുല സ്ത്രീകൾ”
“ഒരാളും വരില്ല്യാ, ഇവന് സ്ത്രീഗന്ധമേൽക്കാൻ യോഗല്ല്യാ”
“അതിന് ഇവന് ഞാൻ ഋഷ്യശൃംഗൻ എന്നല്ല പേരിടാൻ പോണേ, എന്റെ പേര് വിഭാണ്ടകൻ എന്നും അല്ല “
“അതല്ല ഉവ്വാ, ഇവന് പെണ്ണ് കെട്ടാനോ പിള്ളേരുണ്ടാകാനോ യോഗല്ല്യാ “
“തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ, ഡിവോഴ്സ് കഴിഞ്ഞു എക്സ് ആണെന്നൊന്നും ഞാൻ കണക്കാക്കില്ല്യാ”
“അതിവന് ശാപം കിട്ടീണ്ട്”

“പെറ്റ് മിനിട്ടുകൾ കഴിയണേന് മുൻപ് ആര് ശപിക്കാൻ? സത്യം പറയടി നീയല്ലേ എന്റെ മോനേ ശപിച്ചേ? “
“ഞാൻ അങ്ങിനെ ചെയ്യോ? നിനക്കെങ്ങനെ തോന്ന്ണ്ടാ?”
“ഏഴ് പിള്ളാരെ പെറ്റ ഒടനെ പൊഴേ കൊണ്ട് കളനഞ്ഞോള്ളല്ലേടി നീയ്? ന്നട്ട് അവള്ടെ ഒരു അഭിനയം? നീ അത് ചെയ്തില്ലെങ്കിലേ അത്ഭുതള്ളോ “
“ഇല്ല്യാ, ഞാൻ എന്റെ മോനെ ശപിച്ചിട്ടില്ല്യാ “
“പിന്നെ ആരാണ്ടി ഇവനെ ശപിച്ചേ?”
“വസിഷ്ഠ മുനി “

“ങ്ങെ? പെറ്റ ഉടനെ കുട്ട്യേ ശപിക്കാൻ ആരാ അയാളെ അങ്ങട് കേറ്റി വിട്ടേ? അയാളെങ്ങിനെ ലേബർ റൂമിന്റെ അകത്തേക്ക് കേറ്യേ? അയാളാരാ ഗൈനക്കോളജിസ്റ്റാ ലേബർ റൂമിൽ കേറാൻ?
“ഐന് ഇപ്പളല്ല അങ്ങേരു ശപിച്ചേ”
“ഇപ്പൊ ജനിച്ച കുട്ടിനെ അയാള് പിന്നെ എപ്പളാ ശപിക്കാ?”
“കഴിഞ്ഞ ജന്മത്തിൽ “
ഇത് കേട്ടതും ശന്തനു രണ്ടു സ്‌റ്റെപ് പിന്നിലേക്ക് മാറി. എന്തുട്ടൊക്ക്യാ ഇവളീ പറയണേ? എനിക്കൊന്നും മനസ്സിലാവണില്ല്യാല്ലോ ,? ഇനി ഇവൾക്ക് പോസ്റ്റ്‌പാർട്ടം ബ്ലൂസെങ്ങാനുമാണോ, അതാണോ ഇങ്ങനെ പിച്ചും പേയും പറയണെ . ഇവളെ ചീത്ത പറയുകയല്ല വേണ്ടത്. നല്ലൊരു ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്. ഇവൾക്കിപ്പോൾ എന്റെ സ്നേഹവും കരുതലും ആണ് വേണ്ടത് അല്ലെങ്കിൽ തനിക്ക് ഇവളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് തോന്നിയ ശന്തനു പറഞ്ഞു “
“ഒന്നുല്ല്യാ, എന്റെ ഗംഗക്ക് ഒന്നൂല്ല്യാ ചിൽ ഗംഗ ചിൽ”
“എന്തുട്ട്?”

“ഒന്നൂല്ല്യാ, ഗംഗ പറഞ്ഞോളൂ ഇഷ്ടള്ളത് പറഞ്ഞോളൂ “
“ഇവൻ കഴിഞ്ഞ ജന്മത്തിൽ അഷ്ടവസുകളിൽ ഒരാൾ ആയിരുന്നു. അന്ന് ഇവന്റെ ഭാര്യ പറഞ്ഞത് കേട്ട് ഇവൻ ബാക്കിള്ള ഏഴ് വസുക്കളെയും കൂട്ടി വസിഷ്ഠ മുനിയുടെ നന്ദിനി പശുവിനെ കട്ടു. അതിന് അങ്ങേരു ശപിച്ചതാ, അടുത്ത ജന്മത്തിൽ നീ ഒരു മനഷ്യനായി പിറന്ന് പെണ്ണ് കെട്ടാൻ പോയിട്ട് ഒന്ന് മണക്കാൻ പോലും ആകാതെ ജീവിച്ച് മരിക്കുമെന്ന്”
“അയ്യോ, അപ്പൊ ഇതിന് മുൻപത്തെ മ്മടെ ഏഴ് പിള്ളേർ?”

“അവരായിരുന്നു ഞാൻ പൊഴയിൽ എറിഞ്ഞു ശാപ മോക്ഷം കൊടുത്ത മ്മടെ ഏഴ് മക്കൾ”
“ദൈവമേ, ഞാൻ എന്തൊക്കെയാ ഈ കേൾക്കണേ? ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ? ” ശന്തനു തലക്ക് കൈ കൊടുത്തു വീടിന്റെ ചവിട്ടു പടിയിൽ ഇരുന്നു.
“നിങ്ങൾ നമ്മുടെ കല്യാണത്തിന് മുൻപുള്ള വാക്ക് തെറ്റിച്ചിരിക്കുന്നു. അത്കൊണ്ട് ഇനി മുതൽ ഞാൻ മിസ്സിസ് ഗംഗ ശന്തനുവല്ല, ഗംഗയാണ്, മിസ്സ്‌ ഗംഗ. പിന്നെ ഇപ്പൊ ഞാൻ ഇവനെ കൊണ്ട് പോകുന്നു. ഇവന് വിദ്യാഭ്യാസം ഒക്കെ കൊടുത്തു മിടുക്കനായിട്ട് ഞാൻ തിരിച്ചു തരാം.”
ശന്തനുവിനോട് ഇത്രയും പറഞ്ഞു കുട്ടിയേയും കൊണ്ട് ഗംഗ പടി കടന്ന് പുറത്തേക്ക് പോയപ്പോളും ചവിട്ടു പടിയിൽ ഇരിക്ക്ണ്ടാർന്ന ശന്തനുവിന്റെ മനസ്സിൽ.
പരമ്പര നിലനിർത്താൻ ഇനിയും ഒരു പാട് പണിയെടുക്കേണ്ടി വരുമല്ലോ ഭഗവാനെ എന്ന ചിന്തയായിരുന്നു.


By ivayana

Leave a Reply

Your email address will not be published. Required fields are marked *