​ഹെപ്പറ്റൈറ്റിസ് രോഗനിർണ്ണയവും ചികിത്സയും വൈകിക്കരുത് എന്ന ബോധവൽക്കരണ സന്ദേശവുമായി ജൂലൈ 28 ലോകമെമ്പാടും ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. കരളിനെ ബാധിക്കുന്ന മഞ്ഞപ്പിത്തത്തിനെതിരെ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക, ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്ന പൊതുജനാരോഗ്യ പ്രശ്നമാണിത്. 2030-ഓടെ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുക എന്നത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG) ഒന്നാണ്.
​2026-ലെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം (Theme): “Hepatitis: Let’s Break It Down” (ഹെപ്പറ്റൈറ്റിസ്: തടസ്സങ്ങൾ മാറ്റി മുന്നേറാം)
​A, B, C, D, E എന്നിങ്ങനെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
​ഹെപ്പറ്റൈറ്റിസ് A, E: ശുചിത്വമില്ലാത്ത ഭക്ഷണത്തിലൂടെയും മലിനമായ കുടിവെള്ളത്തിലൂടെയുമാണ് ഇവ പകരുന്നത്.
​ഹെപ്പറ്റൈറ്റിസ് B, C, D: സുരക്ഷിതമല്ലാത്ത രക്തസ്വീകരണം, അണുവിമുക്തമാക്കാത്ത സൂചികളുടെയും സിറിഞ്ചുകളുടെയും ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവ വഴിയാണ് ഇവ പകരുന്നത്.
കേരളത്തിൽ സർക്കാർ ആശുപത്രികൾ വഴിയും തെരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ഹെപ്പറ്റൈറ്റിസ് B, C രോഗങ്ങൾക്കുള്ള രക്തപരിശോധന, വാക്സിനേഷൻ, ഇമ്മ്യൂണോഗ്ലോബുലിൻ, ചികിത്സ എന്നിവ സൗജന്യമായി ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് B അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ എല്ലാ ഗർഭിണികളും പരിശോധനയ്ക്ക് വിധേയരാകണം. രോഗബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രസവിച്ച് 24 മണിക്കൂറിനുള്ളിൽ ഹെപ്പറ്റൈറ്റിസ് B വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും നൽകേണ്ടതാണ്.
​ജാഗ്രത പുലർത്തുക: വ്യക്തിഗത ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാതിരിക്കുക.
​ഓർക്കുക… സമയബന്ധിതമായ പരിശോധനയും പ്രതിരോധ കുത്തിവെപ്പും വഴി ഹെപ്പറ്റൈറ്റിസിനെ തടയാൻ സാധിക്കും!

സജീവ് ഓയൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *