വാല്മീകിയോട് ചോദിക്കാൻ എത്രയെത്ര ചോദ്യങ്ങൾ.. ഓരോ കർക്കടകത്തിലും അവ ഉണരും.. കുറെയേറെ സംശയങ്ങളും.. പിന്നെയവ ഉത്തരം കിട്ടാതെ അവശേഷിക്കും..
ആവർത്തനങ്ങൾ 🙏❤️

രത്നാകരത്തിന്റെ ഗാംഭീര്യമോലും
രത്നത്തിടമ്പാം കവിശ്രേഷ്ഠ!നിന്റെ
യജ്ഞങ്ങൾ സമ്പൂർണ്ണമായോ?ഇഹത്തിൻ –
യത്നങ്ങൾതൻ സ്വേദബിന്ദുക്കൾ മാഞ്ഞോ?

അമ്പേറ്റ ക്രൌഞ്ചക്കുരുന്നിന്റെ ദുഃഖം
കമ്പങ്ങൾ തീർത്തോ, മുനിശ്രേഷ്ഠ! നെഞ്ചിൽ?
വമ്പുള്ള ചിന്താഘനങ്ങൾക്കു പെയ്യാൻ
വൻകാറ്റു തീർത്തിട്ടവ യാത്രയായോ?

കാറ്റത്തലച്ചോരിണപ്പക്ഷിനാദം
കത്തിപ്പടർത്തീ,മനസ്സിൽ തപങ്ങൾ
കുത്തിച്ചുവപ്പിച്ചു നിത്യം ഭവാനെ
രക്തം പൊടിച്ചൂ,ഉരുക്കീ ഹൃദന്തം!

ശ്രീരാമസീതാമനോജ്ഞാഭിരാമം
ചേതോഹരം, സ്തോത്രമായാപ്രപഞ്ചം
തീർത്തൂ ഭവാൻ, ലോകശാന്തിക്കുവേണ്ടി
“രാമായണം” സർവ്വമോക്ഷൈകസാരം!

സപ്തർഷികൾതൻ വരത്താൽ ലഭിച്ചു-
ള്ളപ്പുണ്യജന്മം, വല്മീകദത്തം
ഭക്തർക്കു നിത്യം സ്തുതിചെയ്വതിന്നായ്
സത്തുള്ളതെല്ലാം പകരുന്നിതെന്നും!

പുറ്റിന്നകം ചൂഴ്ന്നിടുമാത്മശക്തി
മുറ്റും മഹാശബ്ദമതാക്കി മാറ്റാൻ
മാറ്റാരിലും മാനമുണർത്തുവാനായ്
നോറ്റുള്ള ജന്മങ്ങളുദിച്ചിടട്ടെ!

അന്യന്റെ ദുഃഖങ്ങളിലാത്മഖേദം
തുള്ളിത്തുളുമ്പും ഹൃദയത്തിനാഴം
വെമ്പട്ടെ! ശോകക്കറ മായ്ച്ചിടാൻ,വൻ –
കമ്പങ്ങൾ തീർക്കാൻ മുതിരട്ടെ, ലോകം!

തമ്മിൽക്കലമ്പുന്ന മനുഷ്യരോടു
ചെമ്മേ, അശാന്തിപ്പുഴ താണ്ടി, ചുണ്ടിൽ
മന്ദാരമന്ദസ്മിതമാർന്നു ചൊല്ലാം
നന്നല്ല, ചെയ്യൊല്ലെ,കാടത്തമൊന്നും!


ഗിരിജാവാര്യർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *