ഇടവിട്ടു പെയ്യുന്ന
മഴയുടെ താളത്തിൽ
തുടികൊട്ടി തുടികൊട്ടി പാടാം
ഇടിമുഴക്കത്തിന്റെ
ഇടയിലൂടെയൊരു
ഇടയ്ക്കതൻ മൃദുഗീതമാകാം
കുളിർമഞ്ഞു പൊഴിയുന്ന
പുലരിയിൽ തുടികൊട്ടി
തുയിലുണർത്തിക്കൊണ്ടു പാടാം
തിളയ്ക്കുന്ന വെയിലത്തു
കണിക്കൊന്നപ്പൂപോലെ
കനകപ്രഭയിൽ വിളങ്ങാം
കത്തുന്ന ദീപമായ്
ഇരുളിന്റെയോരത്തു
കൈത്തിരിയൊന്നിൽ തെളിയാം
നിറവാർന്ന പ്രകൃതിതൻ
നറുചന്ദനക്കുറി
കണികണ്ടുഷസ്സിൽ പാടാം
നറുമധുവൂറുന്ന
നിറലാവണ്യങ്ങൾ
വെറുതെയിരുന്നൊന്നു പാടാം
വെൺനിലാവൊഴുകുന്ന
രാവിന്റെ മേനിയിൽ
നഖചിത്രമെഴുതി പാടാം
നെയ്യാമ്പൽപ്പൂക്കളിൽ
നിറയുന്ന ലാവണ്യം
തുളുമ്പാതെ കോരിപ്പകരാം
തിരനോട്ടമാടുന്ന
കലയുടെ ചാരുത
മികവോടെയീരടിയാക്കാം
തീരാത്ത വേദന
യൊക്കെയും പാട്ടിന്റെ
തരളസംഗീതത്തിലൊഴുക്കാം
വികലമായ് വളരുന്ന
കളകൾക്കു മേലേയായ്
ചുടുമിന്നൽപ്പിണരായ് പതിയ്ക്കാം
വളരുന്ന കാപട്യ-
കണ്ഠം മുറിയ്ക്കുന്ന
സുദർശനതേജസ്സായ് മാറാം
ചന്ദ്രിക പൂക്കുന്ന
ചാരുമുഹൂർത്തങ്ങൾ
മഞ്ജുകൈരളിയിൽ പാടാം
ചന്ദനം മണക്കുന്ന
ചിന്തകളൊക്കെയും
ചന്തത്തിൽ പങ്കുവച്ചീടാം
ചഞ്ചലം ചലിയ്ക്കുന്ന
ജീവിത രതിയുടെ
ഞൊറിവുകളീരടിയാക്കാം
ചിതറുന്ന ചിന്തകൾ
ചേലോടെ ചേർത്തൊരു
സുന്ദരശില്പമൊരുക്കാം
ചിലനേരം കേൾക്കുന്ന
പാട്ടിന്റെയീണത്തിൽ
മികവോടെ മിഴിവോടെ പാടാം .

എം പി ശ്രീകുമാർ

By ivayana