രചന : ഷാഫി മുഹമ്മദ് റാവുത്തർ✍️
നിത്യനിരാമയസത്യസമത്വ-
മതാണു മനുഷ്യനു വേദാന്തം
വർണ്ണവിവേചനമുക്തസുധാരസ
മൂല്യമുയർത്തിയൊരുങ്ങുക നാം
ഹൃദയവിശാലതടങ്ങളിലലിവിൻ
പൂക്കൾ വിടർന്നു മണം ചൊരിയേ
ജാതിമതാന്ധതമസ്സിനെ നീക്കി
സ്നേഹപ്പന്തം തെളിയട്ടെ
മാനവമോചനചിന്തപടർത്തിയ
തേജോമയരാം സാരഥികൾ
ശ്രീഗുരുദേവനുമയ്യങ്കാളിയു-
മെത്രസമുജ്ജ്വലരുത്തമരാം
ചട്ടമ്പിത്തിരുമൊഴിതന്നാഴം
സോദരനയ്യപ്പൻ സ്വരവും
ചന്തമെഴുന്നൊരുമലയാളത്തിനു
ചെങ്കതിരിൻ പ്രഭയേകിയവർ
ആത്തീയേറ്റുകൊളുത്തീനാടിന്
രണഗാഥകളുടെ കൊടിയേറ്റം
ഗുരുവായൂർ നടയേറിയനീതി-
യുടച്ചു പടർത്തിയ മണിനാദം
വൈക്കംകായലിലേക്കുമൊഴുക്കി-
യയിത്തച്ചിറയുടെ തടയണകൾ
ചെങ്കൊടിപാറിയിടങ്ങളിലെല്ലാം
കൈത്തിരിയായി നവോത്ഥാനം
അടിമകളല്ലീ മണ്ണിന്നുടയോരെ-
ന്നുര ചെയ്തൊരു ജനതതിയെ
പോരിനൊരുക്കിയുണർത്തിയ
നാടിതു കേരളമെന്നൊരു ചെങ്കനല്
വർണ്ണ, സനാതന,സംഘാതീതം
നിർണ്ണയമെന്റെ മഹാരാജ്യം…!
മതനിരപേക്ഷിത വിശ്വസമത്വം
മെതിയടിയാക്കിയ ജനതന്ത്രം…!
ചേർത്തുകൊരുത്തു ലയിക്കുക
നാടിൻ സ്നേഹമനസ്സുകളൊന്നാവാൻ…!
■ഷാഫിക്കവിതകൾ

