അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയും
പാചകങ്ങളിലേക്ക് ഊളിയിടുമ്പോൾ
നിൻ്റെ ഓർമ്മകൾ എന്നിൽ നിന്നും
അകലെയാവും…..!!
അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞും
ദിവസത്തെ ഇറുത്തു കളയുമ്പോൾ
നീയെന്നിൽത്തന്നെ ശബ്‌ദമില്ലാതെ ഒളിച്ചിരിക്കും……!!
സമയം ബാക്കിയാവുമ്പോൾ
സോഷ്യൽ മീഡിയയിൽ ന്യൂസുകളും
റീലുകളും പരതും. അതിലെല്ലാം
മുഴുകുമ്പോൾ നിന്നെ ഞാനെന്നിൽ
ഉറക്കിക്കിടത്തും……!!
ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യത
നിറയുമ്പോഴാണ് കൊടുങ്കാറ്റായി
നീയെന്നിലേക്ക് പാഞ്ഞുവരിക….!!
ഇന്നലെയെന്നപോലെ തൊട്ടടുത്ത്
തെളിഞ്ഞു നിൽക്കുന്ന നിൻ്റെ ഓർമ്മകൾ
ഹൃദയത്തെ കീറിമുറിച്ച് രക്തം ഒലിപ്പിക്കും….!!
നീ മണ്ണായിപ്പോയല്ലോയെന്ന യാഥാർത്ഥ്യം
പുതിയ അറിവെന്ന പോലെ പിന്നെയും
പിന്നെയും മനസിനെ ഷോക്കടിപ്പിക്കും….!!
അപ്പോൾ ഉള്ളിൽ നിന്നൊരാന്തൽ
താപം നിറയ്ക്കും …..!!
പിന്നീടെന്നിൽ പെയ്തു നിറയുന്നത്
അടിമുടി വേവിക്കുന്ന തീമഴയായിരിക്കും
നിൻ്റെ ഓർമ്മകളുടെ തീമഴ പെയ്യുന്ന ദിവസങ്ങൾ
എൻ്റെ കറുത്ത ദിനങ്ങളായി
മുദ്രകുത്തപ്പെടും…..!!
അകാലത്തിൽ ഞെട്ടറ്റു പോയ നീയെന്നിൽ
ഉണങ്ങാത്ത മുറിവായി മരണം വരേക്കും
നീറിപ്പുകയും …..!!
ഇണങ്ങിയും പിണങ്ങിയും
ചൊടിപ്പിച്ചും ചിരിപ്പിച്ചും
നമ്മിലൂടെ കടന്നുപോയ ഓർമ്മകളുടെ
അഗ്നിയിൽ വെന്തു പാകം തെറ്റാൻ
ആവതില്ലാഞ്ഞിട്ടാണ് നിൻ്റെ ഓർമ്മകളിൽ
നിന്നും ഞാൻ ഓടിയൊളിക്കാറുള്ളത്….!!
എങ്കിലും ചിലപ്പോഴൊക്കെ
എല്ലാ മതിൽക്കെട്ടുകളും തകർത്തെറിഞ്ഞ്
നീയും നിൻ്റെ ഓർമ്മകളും എന്നിലേക്ക്
ഓടിയണയും….!!
വരാതിരിക്കാൻ നിനക്കാവില്ല ……
കാരണം നീയെൻ്റെ ചോരയാണല്ലോ ……
എല്ലായ്പ്പോഴും ഫലിതങ്ങൾ പറഞ്ഞ്
പൊട്ടിച്ചിരിപ്പിക്കുമായിരുന്ന എൻ്റെ കുഞ്ഞനിയൻ …..

By ivayana

Leave a Reply

Your email address will not be published. Required fields are marked *