ചണ്ഡഭാനുവിൻ താപം
കത്തിയുജ്ജ്വലിച്ചാകെ
മണ്ഡലം പുകയുന്നു
ഭൂതലം വിറയ്ക്കുന്നു
മേടമാസത്തിൻ ഗ്രീഷ്‌മ
രേണുക്കൾ ഭൂതലത്തിൽ
നീടുറ്റൊരഗ്നി വർഷം,
ചൊരിയുന്നതു പോലെ.
ദാഹത്താല്‍ വലയുന്നു
ജീവജാലങ്ങളെല്ലാം
ദേഹിയും തളര്‍ന്നേവം
വീണുപോകുന്നതയ്യോ!!
വാടി വീണൊരു പക്ഷി,
വിണ്ടുകീറിയ മണ്ണിൽ
തേടുന്നു ജലത്തിനായ്
ഊര്‍ദ്ധവും വലിച്ചയ്യോ.
ശാഖകള്‍ കരിഞ്ഞൊരു
ശാഖികള്‍ നില്‍പ്പൂ മണ്ണില്‍
ശോഭയറ്റവയെല്ലാം
കലമാന്‍ കൊമ്പുപോലെ
മണ്ണിൽ നിന്നുയരുന്നു
ദീനരോദനങ്ങളും
വിണ്ണിൽ നിന്നൊരു തുള്ളി
വീഴുവാൻ കാത്തിരിപ്പൂ!

ബാബുഡാനിയല്‍

By ivayana